സ്വന്തം വയറുകുലുക്കി കോടീശ്വരനായി; ലോകത്തെ അമ്പരപ്പിച്ച വൈറല്‍ ടിക് ടോക് താരം, ആരാണ് യാസിന്‍?
ഒരാള്‍ക്ക് സ്വന്തം വയറുകുലുക്കി കോടീശ്വരനാകാന്‍ സാധിക്കുമോ? സ്വപ്‌നത്തില്‍ പോലും നടക്കില്ലെന്നായിരിക്കും നിങ്ങള്‍ കരുതുന്നുണ്ടാകുക. എന്നാല്‍ ലോകത്തെ പോലും അമ്പരപ്പിച്ചുകൊണ്ട് സ്വന്തം വയറുകുലക്കി കോടീശ്വരനായ ഒരു വ്യക്തിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്, തുര്‍ക്കിക്കാരനായ ടിക് ടോക് താരം യാസിന്‍ ചെങ്കിസ്. ഇദ്ദേഹത്തിന്റെ ബെല്ലി ബൗണ്‍സിംഗ് ഡാന്‍സ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
സാധാരണക്കാരനില്‍ സാധാരണക്കാരനായ യാസിന്‍ ഫാമില്‍ ജോലി ചെയ്യുമ്പോള്‍ ബെല്ലി ബൗണ്‍സിംഗ് ഡാന്‍സ് കളിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. 2021ല്‍ ആയിരുന്നു ആദ്യമായി യാസിന്‍ ഒരു വീഡിയോ ടിക് ടോക്കില്‍ പങ്കുവയ്ക്കുന്നത്. അന്ന് പത്ത് മില്യണ്‍് വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഒട്ടേറെ ലൈക്കുകളും സ്വന്തമാക്കി.

പിന്നീട് തന്റെ ബെല്ലി ബൗണ്‍സ് ഡാന്‍സ് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ യാസിന്‍ കൂടുതല്‍ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. 2022ല്‍ ആണ് യാസിന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു പാട്ട് പുറത്തിറങ്ങുന്നത്. തന്റെ മനോഹരമായ സ്‌റ്റെപ്പുകള്‍ക്ക് ഈ പാട്ടാണ് ഏറ്റവും അനുയോജ്യമെന്ന് യാസിന് തോന്നിത്തുടങ്ങി. ബള്‍ഗേറിയക്കാരനായ ബൈസര്‍ കിംഗിന്റെ ഡോം ഡോം എന്ന പാട്ടായിരുന്നു അത്. പിന്നീടങ്ങോട്ട് ഈ പാട്ടുകളിലൂടെയാണ് യാസിന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
വീഡിയോ ഓരോ ദിവസവും ഹിറ്റായതോടെ സോഷ്യല്‍ മീഡിയയില്‍ 70 ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സ് യാസിനെ തേടിയെത്തി. ഇതുകൂടാതെ, പ്രമുഖരായ വ്യക്തികള്‍, ടിക് ടോക്ക് താരങ്ങള്‍, മോഡലുകള്‍, ഗായകര്‍ എന്നിവരുമായി ചേര്‍ന്ന് വീഡിയോ പങ്കുവച്ചതോടെ യാസിനെ കൂടുതല്‍ ആളുകള്‍ അറിയപ്പെടാന്‍ തുടങ്ങി. ലോകത്തിലെ ഏറ്റവും പ്രശസ്തനായ തുര്‍ക്കി ഷെഫ് കാസന്‍ ബുറാക്കുമായി വീഡിയോ പങ്കുവച്ചതോടെ യാസിന് ആരാധകരുടെ പ്രവാഹമായി.
പിന്നാലെ ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ യാസിന്‍ ആരംഭിച്ചു. ഇപ്പോള്‍ യാസിന്‍ ദുബായില്‍ താമസമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇരി ക്യുരേമി, അഹമ്മദ് കിലിക് തുടങ്ങിയ പ്രമുഖ കലാകാരന്മാരുടെ സംഗീതത്തില്‍ യാസിന്‍ കൂടുതല്‍ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. എഡ യോന്‍ എന്ന പ്രശസ്ത ടര്‍ക്കിഷ് ടിക് ടോക്ക് താരത്തിനൊപ്പം അദ്ദേഹം ഒരു ഡാന്‍സ് വീഡിയോയും പങ്കുവച്ചു.
വളരെ പെട്ടെന്ന് തന്നെ ഇപ്പോള്‍ കാണുന്ന പ്രശസ്തിയിലേക്ക് എത്താന്‍ യാസിന് സാധിച്ചിരുന്നു. യാസിന്‍ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയും മണിക്കൂറുകള്‍കൊണ്ട് തന്നെ കോടിക്കണക്കിന് കാഴച്ചക്കാരെ സ്വന്തമാക്കിയിരുന്നു. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് മുതല്‍ ഏഴ് കോടി രൂപ വരെയാണ് യാസിന്‍ ഈ ചെറിയ സമയത്ത് ഉണ്ടാക്കിയ ആസ്തി.
സധാരണക്കാരനില്‍ നിന്നും വളരെ പെട്ടെന്നാണ് യാസിന്‍ ഇന്ന് ഈ കാണുന്ന നിലയിലേക്ക് എത്തിയത്. ഇതിനിടെ, കഴിഞ്ഞ ഫെബ്രുവരിയില്‍ യാസിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയെ അടക്കം ഞെട്ടിച്ചിരുന്നു. യാസിന്‍ അന്തരിച്ചെന്ന പ്രചാരണങ്ങളാണ് നടന്നത്. ടിക് ടോക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുമെല്ലാം ഇതേ കുറിച്ചുള്ള വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇതേ കുറിച്ചൊന്നും സ്ഥിരീകരണമുണ്ടായിട്ടില്ല. പിന്നീട് ഈ പ്രചാരണങ്ങള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.












Click it and Unblock the Notifications