യുട്യൂബര്‍ക്ക് വന്‍ അബദ്ധം, ക്രിപ്‌റ്റോ വാലറ്റിലെ 50 ലക്ഷം നഷ്ടമായി, പണം തിരിച്ചുനല്‍കി മോഷ്ടാവ്
ലണ്ടന്‍: ക്രിപ്‌റ്റോ കോയിന്‍ തട്ടിപ്പ് എല്ലാവരും കേട്ടിട്ടുണ്ടാവും. പക്ഷേ ഒരു അബദ്ധം കൊണ്ട് 50 ലക്ഷം രൂപ നഷ്ടമായ കാര്യം കേട്ടിട്ടുണ്ടോ? ബ്രസീലില്‍ നിന്നുള്ള ഒരു യുട്യൂബര്‍ക്കാണ് വലിയൊരു തട്ടിപ്പിന് ഇരയായിരിക്കുന്നത്. തന്റെ യുട്യൂബ് വീഡിയോയില്‍ ക്രിപ്‌റ്റോ കറന്‍സി വാലറ്റിന്റെ സ്വകാര്യ പാസ്‌വേര്‍ഡ് അബദ്ധത്തില്‍ ഷെയര്‍ ചെയ്തിരുന്നു ഇവാന്‍ ബിയാന്‍കോ എന്ന യുട്യൂബര്‍.
ഫ്രറ്റേണിഡാഡെ ക്രിപ്‌റ്റോ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനാണ് അദ്ദേഹം. ഒരു ലൈവ് സ്ട്രീമിംഗിനിടെയാണ് ഈ അബദ്ധം സംഭവിച്ചത്. പിന്നീട് ഇവാന്‍ വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നത്. 60000 ഡോളറാണ് നഷ്ടമായത്. ഇത് 50 ലക്ഷം രൂപയോളം വരും. വളരെ വിലപിടിപ്പുള്ള എന്‍എഫ്ടികളും ഇയാളുടെ അക്കൗണ്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. ആകെ തകര്‍ന്നിരിക്കുകയായിരുന്നു ഇവാന്‍. എങ്ങനെ മോഷ്ടാവിനെ പിടിക്കണം എന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു.

അതേസമയം ഈ സംഭവത്തില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ ഇവാന്‍ ബിയാന്‍കോയെ പണം കൊണ്ടുപോയ മോഷ്ടാവ് വിളിക്കുകയായിരുന്നു. ഇയാള്‍ കൊണ്ടുപോയ പണത്തില്‍ ഭൂരിഭാഗവും തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു ഇത്. എല്ലാം ഒരു ലൈവ് സ്ട്രീമിംഗിലാണ് നടന്നതെന്ന് ഇവാന്‍ പറയുന്നു. അപ്രതീക്ഷിതമായിരുന്നു പിന്നീടങ്ങോട്ട് നടന്ന കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ലൈവ് സ്ട്രീമിംഗിനിടെ ഇവാന്‍ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട ചില രേഖകള്‍ തുറന്ന് കാണിച്ചിരുന്നു. അതില്‍ ഒന്നിലാണ് വാലറ്റിന്റെ വിവരങ്ങള്‍ ഉണ്ടായിരുന്നത്. തീര്‍ത്തും അശ്രദ്ധമായ കാര്യമായിരുന്നു അത്. അജ്ഞാതരായ വ്യക്തികള്‍ക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ കയറി പണം പിന്‍വലിക്കാനുള്ള ഓപ്ഷനാണ് ഇത് നല്‍കിയത്. ക്രിപ്‌റ്റോയിലൂടെ താരം നേടിയ പണത്തില്‍ ഭൂരിഭാഗവും ഈ മോഷ്ടാവ് കൊണ്ടുപോവുകയായിരുന്നു.
പിന്നീട് പങ്കുവെച്ച് വീഡിയോയില്‍ ഇവാന്‍ സംഭവം പറഞ്ഞ് പൊട്ടിക്കരയുന്നതാണ് കണ്ടത്. തന്റെ വാലറ്റിന്റെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി, പണം നഷ്ടമായതായും ഇവാന്‍ ആരാധകരെ അറിയിക്കുകയായിരുന്നു. അതേസമയം തന്റെ വാലറ്റിന്റെ പാസ് വേര്‍ഡ് ചോര്‍ന്നത് മനസ്സിലാക്കിയ ഇവാന്‍ പുതിയൊരു വാലറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ പരാജയപ്പെടുകയും ചെയ്തു. എത്രയും പെട്ടെന്ന് അതിലുള്ള കാര്യങ്ങളെല്ലാം ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ശ്രമിച്ചത്.
ലിക്വിഡിറ്റി പൂളിലായിരുന്നു എല്ലാ വസ്തുക്കളും ഉണ്ടായിരുന്നത്. അതെല്ലാം വേഗത്തില്‍ മാറ്റുമ്പോഴാണ് എല്ലാം പരാജയപ്പെട്ടത്. ഇതിനിടയില്‍ പണമെല്ലാം നഷ്ടമായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി മടങ്ങുമ്പോഴാണ് ചില സന്ദേശങ്ങള്‍ ലഭിച്ചത്. ആ വ്യക്തി പണം മോഷ്ടിച്ചതിന് തന്നോട് മാപ്പുപറഞ്ഞു. കൊണ്ടുപോയതില്‍ നല്ലൊരു തുകയും അദ്ദേഹം തിരിച്ചുതന്നു. ആ മോഷ്ടാവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications