Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏതുവൈറസിനും മായ്ച്ചുകളയാനാവാത്ത കരുത്ത് മനസ്സിൻറെ നാക്കിലും മൂക്കിലും നിറയട്ടെ'; അനഘ ജെ കോലത്ത് എഴുതുന്നു

അനഘ ജെ കോലത്ത് എഴുതുന്നു...

എനിക്ക് ഇത്തവണ ഓണമില്ല.ഇതുവായിക്കുന്ന പലർക്കും അങ്ങനെ തന്നെയായിരിക്കും.പ്രിയപ്പെട്ടവർ..ഉള്ളറിയുന്നവർ..മുഖമറിയുന്നവർ..ഇങ്ങനെ ആരെയൊക്കെയോ നഷ്ടപ്പെട്ടവരാണ് നമ്മൾ.¹*'പോയതിൽ നിന്നിനി എന്നോ വിരിയുന്നായതിലേയ്ക്ക്' കുതിക്കാനാവാതെ കുഴങ്ങിനിൽക്കുന്ന പക്ഷികൾക്ക് ഓണം ഒരോർമ്മ തന്നെയാണ്.മുത്തശ്ശിക്കൈയിൽ നിറച്ചുതന്ന ഉപ്പേരിയും നഖങ്ങളിൽ വെള്ളപ്പാടുകളെണ്ണിനോക്കിക്കണക്കുകൂട്ടിവെച്ച ഓണക്കോടികളും ആവി പൊങ്ങുന്ന പൂവടയും ഈർക്കിലുകളിൽപ്പൂക്കുന്ന ഇതളുകളും ഒരു ഓണക്കാലമണം കൊണ്ടുവന്ന് തരുമ്പോൾ അതിലെ പ്രധാനപ്പെട്ട കണ്ണികളാണ് അടർന്നുവീണതെന്നോർക്കും. ഓണപ്പന്തുരുട്ടി മനസ്സിലോടിനടന്നതിലൊരാൾ ആരോടും പറയാതെ പെട്ടെന്നൊരിക്കൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് തോന്നും.മണമറിയാതെ,സ്വാദറിയാതെ പോയവരൊക്കെയും പൂക്കളവും സദ്യയുമൊരുക്കാനാവാത്ത വിധം മനസ്സിൽ നിറയുന്നു.

 photo-2021-08-20-12-4

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

മുത്തശ്ശി മരിച്ചുപോയപ്പോൾ ആരോ പറഞ്ഞതോർക്കുന്നു,ഈയാണ്ടിലെച്ചക്ക തിന്നിട്ടാണല്ലോ പോയതെന്ന്.ഓണം പൂവിടുന്നത് ഇങ്ങനെ ആർക്കൊക്കെയൊ വേണ്ടിയാണ്.ഓരോ വിളയും ആർക്കോ വിരുന്നൊരുക്കുകയാണ്.നമ്രശിരസ്കനായി തൊഴുതുനിൽക്കുന്ന ഒരു രാജാവിനെപ്പോലെ ചിങ്ങം തല കുനിക്കുന്നു.ഹൃദയപ്പൊന്തയിലെവിടെയോ ഒരു പുഞ്ചിരിയായിത്തുമ്പ പൊടിയുന്നു.പുതിയ മാസ്കുകളിഞ്ഞ്,പുതിയ മനസ്സെടുത്തുടുത്ത് നമ്മളും ചിരിച്ചുനിൽക്കുന്നു..

കൊറോണക്കാലങ്ങളിൽ ഓണമൊരുക്കുമ്പോൾ വിപണിയേക്കാൾ വലുതാകുന്നത് മാധ്യമങ്ങളാണ്.ഈ അടുത്ത കാലംവരെ മലയാളി പരിഭവിച്ചിരുന്ന ഓണക്കച്ചവടവും ഇൻസ്റ്റൻറ് സദ്യയുമൊക്കെ ഇന്ന് വിരൽത്തുമ്പിലെ വിളികളാണ്.കൃത്യമായി അണിയറയിൽ ഒരുങ്ങുന്ന വിനോദവിഭവങ്ങൾ കാഴ്ചച്ചന്തയാക്കി സ്വകാര്യലോകങ്ങളെ സമൃദ്ധമാക്കുന്നു.നവമാധ്യമങ്ങളിലെ ചിത്രങ്ങളിലും റീൽസുകളിലും ഓണമൊതുങ്ങുന്നു.അകലമളന്ന് ആധി കേറുന്ന പ്രവാസിമലയാളിക്കും തൊട്ടടുത്തെന്നതുപോലെ വീഡിയോ കോളുകളിലൂടെ ഓണവിളിയുയരുന്നു.ഓണം സ്പെഷ്യൽ മാറ്റിനികളിൽ പായസമധുരം ഏമ്പക്കം വിട്ട് ജനലിലൂടിറങ്ങിപ്പോകുന്നു.പരസ്യഭാഷയിൽ മാനുഷരെല്ലാരുമൊന്നുപോലെയാകുന്നു.ഇത് ഓണത്തിൻറെ ഒരുൾമുഖം.മാസ്ക് കൊണ്ട് മുഖം മറച്ചാലും കണ്ണിൽച്ചിരി നിറച്ച് പെർഫെക്ട് ഓക്കെ ആക്കുന്ന 'പാവം മാനവഹൃദയം'.*²

ഓണത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഓർമ്മയും ചടങ്ങും ഉറുമ്പിനൂണുകൊടുക്കാൻ പോകുന്നതാണ്.ഒരു വടിയിൽത്തുണിചുറ്റി പന്തമുണ്ടാക്കി അമ്മ മുമ്പിൽ നടക്കും.ഒരിലയിൽ എല്ലാ കറികളും കൂട്ടിക്കുഴച്ച ചോറുമായി ചേച്ചിമാർ.എൻറെ കൈയിൽ ഇലക്കീറുകളും എണ്ണയിൽ മുക്കിയ തിരികളുമുണ്ടാകും.ആദ്യം അടുക്കളപ്പുറത്ത്..അരകല്ലിൻചോട്ടിൽ..അടുപ്പരികിൽ..എല്ലായിടത്തും ഓരോ ഉരുള വെച്ചാണ് ഇറങ്ങുന്നത്.വീടിനുചുറ്റും പല ഇടങ്ങളിലും വെട്ടവും ഉരുളകളും വെച്ച് വലിയ പന്തം ഒരിടത്ത് നാട്ടും. വലിയ ഇല അതിനുചുവട്ടിൽ വെയ്ക്കും.ചെറുപ്പം മുതൽ ഓണപ്പിറ്റേന്ന് ഞാനോടിച്ചെന്ന് നോക്കുന്നത് ഉരുളകളുണ്ടുതീർത്ത ഉറുമ്പുകളെയാണ്.ചില ഇലകളിൽ നനവുപോലും ബാക്കി വെയ്ക്കാതെ മുഴുവൻ തീർക്കും.ചില ഇലകളിലാവട്ടെ, ഇവിടെയിരിപ്പുണ്ടായിരുന്നോയെന്ന് ചോദിച്ച് പുലർച്ചയ്ക്ക് ഉറുമ്പുകൾ വന്നുതുടങ്ങിയിട്ടേ ഉണ്ടാകൂ..ഉറുമ്പുണ്ണുമ്പോഴാണ് ഞങ്ങളുടെ ഓണം പൂർത്തിയാകാറുള്ളത്.പന്തം കൊളുത്തിവെച്ച വലിയ ഇല ഏതെങ്കിലും ഒരു മൂലയിൽ ഇരുന്ന് എല്ലാ ജീവികൾക്കും വിളമ്പുന്നുണ്ടാകും...ആ പന്തത്തിലെ കത്തിത്തീർന്ന ചുരുളുകളിൽ ഓർമ്മകൾ ഓണമുണ്ട് നടക്കുകയാണിത്തവണ..

ഓർമ്മയിരമ്പുന്ന ഇലത്തുമ്പത്ത് ഓണം വന്ന് പൂക്കളമിടുന്നു..ഓരോ അരിമണിയിലും അദ്ധ്വാനം കുറിച്ച് കാർഷികകേരളം തളിരണിയുന്നു.ഒടുവിൽ ഒരുറുമ്പുപോലെ മാവേലിമുത്തച്ഛൻ ആരുമറിയാതെ വന്നുപോകുന്നു..മരിച്ചുപോയവരൊന്നും ഇനി തിരിച്ചുവരില്ലെന്ന ഓർമ്മയെത്തിരുത്തുന്ന ഉത്സവമാണ് ഓണം.പാതാളക്കുഴികൾ നിന്ന് പോലും അവർ ഓർമ്മകളും കഥകളുമായി വരുമെന്ന ഐതിഹ്യത്തിൻറെ വേരിലൂന്നി നമുക്ക് ഈ അതിജീവനങ്ങളിൽ ഓണമറിയാം..ഏതുവൈറസിനും മായ്ച്ചുകളയാനാവാത്ത കരുത്ത് മനസ്സിൻറെ നാക്കിലും മൂക്കിലും നിറയട്ടെ.ഓണപ്പൂവിൻറെ ഇതളുകളിലെ തണുപ്പിലും തരിപ്പിലും പുല്ലോലകൾക്കിടയിലൂടെ പ്രകൃതിയുണരുന്നതറിഞ്ഞ് ഓണവെയിൽ നിവരുകയായി.ഏത് തെളിച്ചത്തിലും മനസ്സിൻറെ ആകാശത്ത് ഒരു കറുപ്പ് പരക്കുന്നു.പ്രതീക്ഷയുടെ,പ്രത്യാശയുടെ തണൽക്കാറ്റ് അത് നീക്കിമാറ്റാൻ പണിപ്പെട്ടുകൊണ്ടേയിരിക്കുന്നു...

"ആവണിക്കൊരു തുമ്പ തേടുമ്പൊഴും
ആരെയോർക്കേണ്ടു നിന്നെയല്ലാതെ ഞാൻ"
(മഴ-വിജയലക്ഷ്മി)

അനഘ ജെ കോലത്ത്

(കവി. 2014 ലെ അങ്കണം കവിതാ അവാർഡ്,ആകാശവാണി യുവവാണി അവാർഡ്,സഹകാര്യം ചെറുകഥാ അവാർഡ്,2019 ലെ ഒ.എൻ.വി.യുവസാഹിത്യപുരസ്കാരം,2020 ലെ പുനലൂർ ബാലൻ കവിതാപുരസ്കാരം തുടങ്ങിയവ എഴുത്തിലെ നേട്ടങ്ങളാണ്.2019 ൽ ആസാമിൽ വെച്ചു നടന്ന കേന്ദ്രസാഹിത്യഅക്കാദമിയുടെ ഓൾ ഇന്ത്യാ യങ്ങ് പോയറ്റ് മീറ്റിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.2020 ലെ സാഹിത്യ അക്കാദമിയുടെ ഓൺലൈൻ കവിയരങ്ങിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കവിത,കഥ,ലേഖനങ്ങൾ എന്നിവ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് )

Recommended Video

cmsvideo
    കളര്‍ഫുള്‍ മാവേലി വേഷത്തില്‍ ബോ ചെ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+