Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊറോ'ണമായി മലയാളിയുടെ രണ്ട് ഓണക്കാലവും;നീതു കെആർ എഴുതുന്നു

നീതു കെആർ എഴുതുന്നു...

ഓരോ വിശേഷാവസരവും ആഘോഷവും ആനന്ദവുമാകുന്നത് കൂടിച്ചേരലുകളിലൂടെയാണ്. തനിച്ചുള്ള ഉത്സവങ്ങൾക്ക് പൊലിമയുണ്ടാവില്ല. നമ്മുടെ ആഘോഷങ്ങൾ ആഹ്ലാദങ്ങളാകുന്നത് ആൾക്കൂട്ടത്തിലാണ്. കൂട്ടായ്മയുടെ ആഘോഷമാണ് ഓണം. ഒരു നാടിന്റെ മുഴുവൻ ഉത്സവമായിട്ടാണ് ഓണം കൊണ്ടാടുന്നത്. പൂ പറിക്കൽ,പൂക്കളമിടൽ, ഓണക്കളികൾ എല്ലാ ത്തിലും ഒരു കൂടിച്ചേരലുണ്ട്. മാവേലി നാടു പോലെത്തന്നെ മാനുഷരെല്ലാരും ഒന്നായിട്ടുള്ള ആഘോഷം. കുഞ്ഞു നാളുകളാണ് ഓണത്തിന്റെ ഓർമ്മകൾ നിറം പിടിച്ച് നിൽക്കുന്നത്. നാട്ടിടവഴികളിലെ പൂ പറിക്കൽ , ചാണകം മെഴുകിയ തറയിലെ പൂവിടൽ, കൂട്ടുകാരൊത്തുള്ള കളികൾ, ഊഞ്ഞാലാട്ടം അങ്ങിനെ പലതും. വളരും തോറും ഇടങ്ങൾ ചെറുതായിക്കൊണ്ടിരുന്നു. കുഞ്ഞു നാളിൽ തൊടിയിലും പറമ്പിലും ഓടി നടന്ന ഓണക്കാലം കൗമാരത്തിൽ ഉമ്മറത്തേക്കും പൂക്കളത്തിലേക്കും വഴി മാറുന്നു. യൗവനം അടുക്കളയിൽ സദ്യ വട്ടങ്ങളുടെ തിരക്കിലേക്ക് സ്ഥാനമാറ്റമാകുന്നു.

neethu onam

കാലത്തിന്റെ മാറ്റവും പ്രകൃതിയുടെ മാറ്റവും ഓണത്തെയും മാറ്റി. പൂ വിളികളും, പൂ പറിക്കലും, കുട്ടിക്കളികളും അസാധാരണമായി. എങ്കിലും ഓണം മാറിയ ഭാവത്തോടെ ഓരോ മലയാളിയും തകർത്താടിയിരുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ഓരോ ഗ്രാമത്തിലെ സാംസ്കാരിക സംഘടനകളും തുടങ്ങി പല പല കൂട്ടങ്ങളും ഒാണം വർണ്ണപ്പൊലിമയോടെ കൊണ്ടാടി. പരമ്പരാഗത ചിട്ടവട്ടങ്ങൾ പരിഷ്കാരത്തോടെ ഓണക്കാലത്തേക്ക് കടന്നു വന്നു. കാലത്തിന് അനുസരിച്ച് ഓണവും മാറി. എല്ലാവർക്കും തങ്ങളുടെ കഴിവിനനുസരിച്ച് സമൃദ്ധമായി ഓണമുണ്ണാനുള്ള സാമൂഹികാവസ്ഥയും ഉടലെടുത്തു.

എന്നാൽ അതിനും തടസ്സമായിട്ടാണ് കൊറോണ നമ്മളെ പിടി കൂടിയത്. കൊറോണമായി മലയാളിയുടെ രണ്ട് ഓണക്കാലവും. ഇന്ന് വരെയുള്ള നമ്മുടെ ശീലങ്ങൾ അപ്പാടെ മാറി. കൂടിച്ചേർന്ന് ആലോഷമാക്കേണ്ടുന്ന ഓണം അകന്നിരുന്ന് ആശംസകളിലും മറ്റുമാക്കി ചുരുക്കി. ഓണം വസന്തത്തിന്റെ ഉത്സവമാണ്. പൂക്കളാണ് ഓണത്തിന് നിറം പകരുന്നത്. ഉത്രാടപ്പാച്ചിലിന് കോഴിക്കോട് ടൗണിൽ പോകുന്നത് പതിവാണ്.

മിഠായിത്തെരുവിലെ വസ്ത്ര വിൽപ്പനക്കാരുടെ ഒച്ചയും വിളിച്ചു പറയലും ബഹളവും ആസ്വദിച്ചും രസിച്ചും നടക്കുന്നത് ഒരു ശീലവും രസവുമാണ്. ഓണത്തിന് വെള്ളത്തിൽ പെട്ടതു പോലെ ഒഴുകി നീങ്ങുകയാവും ആൾത്തിരക്കിൽ.പാളയത്ത് നിന്ന് സദ്യക്കുള്ള പച്ചക്കറികൾ വില പേശി വാങ്ങാം . നിറയെ പൂ വിൽപ്പനക്കാരും. പല തരം പൂവുകൾ . ജമന്തികൾ പല നിറങ്ങളിൽ. അതും മാലകളായി വരെ ഉണ്ടാകും. മുല്ലപ്പൂ ക്കെട്ടുകൾ നിരത്തി വെച്ച് വിൽക്കുന്ന തമിഴത്തികൾ. എവിടെത്തിരിഞ്ഞ് നോക്കിയാലും അവിടെല്ലാം പൂക്കടകൾ. പൂക്കളുടെ സുഗന്ധം നിറഞ്ഞ തെരുവ് സന്ധ്യകളെ മനോഹരമാക്കും. ഈ കാഴ്ച കാണാനും അതിന്റെ സൗരഭ്യം ആത്മാവോളം ആവാഹിക്കാനുമാണ് പോകുന്നത്. പല പൂക്കാരിൽ നിന്നും പല വിലയ്ക്ക് നിറയെ പൂക്കൾ വാങ്ങിയത് ഓർമ മാത്രമായി മാറുമോ എന്ന ആശങ്കയാണ് ഇപ്പോ. ആൾക്കൂട്ടങ്ങൾ
നമ്മൾ ഒഴിവാക്കിത്തുടങ്ങിയിരിക്കുന്നു. എവിടെയും നിയന്ത്രണങ്ങൾ. പരിമിതമായ ആഘോഷങ്ങളിലേക്ക് നാട് മാറിത്തുടങ്ങി. മറ്റൊരു ഉത്സവത്തിനുമില്ലാത്ത പ്രത്യേകത ഓണാഘോഷത്തിനുണ്ട്.. പൂക്കളമിടൽ, വടംവലി, ഓണത്തല്ല്, പുലിക്കളി, വള്ളം കളി, കൈക്കൊട്ടിക്കളി, തുമ്പി തുള്ളൽ, ഊഞ്ഞാലാട്ടം,സദ്യ തുടങ്ങി ഓണവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങൾക്കും ആൾക്കൂട്ടങ്ങളാണ് പ്രധാനം.

കോറോണയെന്ന മഹാമാരി നമ്മുടെ ചലനത്തെയാകെ മാറ്റി മറിച്ചു. എങ്കിലും ചെറിയ ഗുണകരമായ മാറ്റങ്ങളും ഇല്ലെന്ന് പറയാതെ വയ്യ. അത് പ്രകൃതിയിൽ തന്നെയാണ് പ്രകടമായത്. പ്രകൃതി കുറച്ചു കൂടി സ്വച്ഛമായി. ഓണക്കാലത്തും ഈ മാറ്റം കാണാം. നാട്ടു പൂക്കൾ കൂടുതലായി പൂക്കളങ്ങളിൽ ഇടം പിടിച്ചു. സദ്യയിൽ നാട്ടു ഭക്ഷണങ്ങളും. പലരും മിതമായ സ്ഥലത്ത് വരെ കൃഷി ആരംഭിച്ചു. ഓണം യഥാർത്ഥം ത്തിൽ ഒരു കാർഷികോത്സവമാണല്ലോ. തിരക്കുകൾ ഒഴിയാത്തവർക്ക് ഒന്നിച്ച് വീട്ടകങ്ങളിൽ കുടുംബത്തോടൊത്ത് ഓണം ആഘോഷിക്കാനും അവസരമായി. ഉള്ളതു കൊണ്ട് ഓണം പോലെ എന്ന പാഠം കോറോണക്കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്. യാത്രകളോ ഒന്നു ചേരലോ ഇല്ലെങ്കിലും നാട്ടുപൂക്കളമിട്ടും സദ്യ ഒരുക്കിയും വീട്ടിനുള്ളിൽ പരിമിതമായി ഓണം കൊണ്ടാടുന്നു. മാറിയ സാഹചര്യത്തിൽ ഓൺ ലൈൻ മത്സരങ്ങളും നടക്കുന്നു. കൂട്ടങ്ങളിൽ നിന്നും നാം അകന്നെങ്കിലും അകലങ്ങളിൽ നാം ഒന്നിച്ചിരിക്കുന്നു. നാളെ വലിയ കൂട്ടമായി ഇരിക്കാം എന്ന വിശ്വാസത്തോടെ.

Recommended Video

cmsvideo
    കളര്‍ഫുള്‍ മാവേലി വേഷത്തില്‍ ബോ ചെ | Oneindia Malayalam

    (നീതു. കെ.ആർ
    കവി, എഴുത്തുകാരി)

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+