'ആളും ആരവങ്ങളുമില്ലാത്ത ഓണം.പക്ഷേ പഴയ അങ്കലാപ്പില്ല മലയാളിക്ക്';നീതു സി സുബ്രഹ്മണ്യം എഴുതുന്നു
നീതു സി സുബ്രഹ്മണ്യം സുബ്രഹ്മണ്യം എഴുതുന്നു..
ഓണം ഓർമ്മകളുടെ കുത്തൊഴുക്കാണ് മലയാളിക്ക്. പിറക്കുന്ന നാൾ മുതൽ അത് പിറവിയെടുക്കുന്നുണ്ട്.പൂക്കളമൊരുക്കിയും പൂവിളിപ്പാട്ടുപാടിയും പുത്തനുടുപ്പ് ധരിച്ചും നിറസദ്യ രുചിച്ചും നിറനിലാവിൽ കുളിച്ചും ഓർമ്മകൾ ഊഞ്ഞാലാടുകയും കൈകൊട്ടിക്കളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാവും.എന്റെ ഓണത്തിനും നിറയെ നിറങ്ങളുണ്ട്.കാഴ്ചകളും കേൾവികളും രുചികളും മണങ്ങളുമുണ്ട്.പഴയ ഓണങ്ങളിൽ നിറയെ തുമ്പകളും തുമ്പികളുമായിരുന്നു.പിന്നെ ചന്തകളും ചാനലുകളുമായി.ഇപ്പോൾ ഓൺലൈൻ സ്ക്രീനിൽ തെളിയുന്ന മുഖങ്ങളും ശബ്ദങ്ങളുമാണ് ഓണം.ഒത്തുചേരലിൻ്റേയും പങ്കുവെക്കലിൻ്റേയും പഴയ ഓർമ്മകളെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് ഞാനും ഓണത്തപ്പനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.ആളും ആരവങ്ങളുമില്ലാത്ത ഓണമാണ് ഇത്തവണത്തേതും.പക്ഷേ പഴയ അങ്കലാപ്പില്ല മലയാളിക്ക്.എന്തിനേയും നേരിടാമെന്ന കരുത്തു വന്നിരിക്കുന്നു.

പുതുപുത്തന്‍ മേക്കോവറുമായി നടി ഭാവന; എന്തു ക്യൂട്ടാണെന്ന് ആരാധകര്‍
ഓണക്കാലത്ത് മാത്രം കണ്ടുമുട്ടാറുള്ള കൂട്ടുകാരിലൊരാൾ കൊറോണ ബാധിച്ച് ഏകാന്ത വാസത്തിലാണിപ്പോൾ.വിളിച്ചപ്പോൾ സങ്കടം പറഞ്ഞു.ഇത്തവണയും കാണാൻ പറ്റിയില്ലല്ലോയെന്ന്.കഴിഞ്ഞ ഓണക്കാലത്താണ് ആദ്യമായി കൊറോണയുടെ ഭീകരത നേരിട്ട് അനുഭവിക്കേണ്ടി വന്നത്.അതുവരെയും അപരിചിതരായ കുറേ മനുഷ്യർ മരണത്തിനിരയായ വാർത്ത പത്രത്തിലൂടെ അറിയുന്നുണ്ടായിരുന്നു.ഉമ്മറുകുട്ടി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മറുകുട്ടിക്കാ കൊറോണ ബാധിച്ച് മരിച്ചെന്ന് അച്ഛൻ പറഞ്ഞത് കഴിഞ്ഞ ഉത്രാടത്തിനാണ്.മുൻകൂറായി ഞങ്ങൾ പരസ്പരം ഓണാശംസകൾ കൈമാറിയിരുന്നു.പുസ്തകങ്ങളുടെ കൂടപ്പിറപ്പായ ഉമ്മറുകുട്ടിക്കാ പൊടുന്നനെ കടന്നു പോയപ്പോൾ ഉള്ളിലാകെ ഒരു ശൂന്യത പടർന്നു.നിർത്താതെ ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്ത 60 വയസുകാരനായ 'ചെറുപ്പക്കാരനെ' നഷ്ടപ്പെടുത്തിയതുകൊണ്ട് കഴിഞ്ഞ ഓണം ഒരു മരവിപ്പു മാത്രമായിരുന്നു.
ചുറ്റിലും ഭീതിതമായ രോഗത്തിന്റെ നീർച്ചുഴികൾ ഇപ്പോഴുമുണ്ട്.അറിയാഞ്ഞിട്ടല്ല.പക്ഷേ മനസ്സിന് ചില തണലുകളും തണുപ്പുകളും ആവശ്യമാണല്ലോ.ഇല്ലെങ്കിൽ അതാകെ വരണ്ട് ഭീകരമാവും.അതുകൊണ്ട് ഓണം ആഘോഷിച്ചേ മതിയാകൂ.'ഉള്ളതുകൊണ്ട് ഓണം പോലെ എന്ന ചൊല്ല് മലയാളിക്ക് അന്വർത്ഥമാക്കാം.വലിയ വരുമാനമില്ലാത്തതുകൊണ്ട് അതിന്റെ ചെലവിനെക്കുറിച്ചോർത്ത് ആവലാതിപ്പെടേണ്ടതില്ല.ഓണക്കിറ്റും ഓണത്തപ്പനുമായി നമുക്ക് ഇത്തവണത്തെ ഓണം ആഘോഷിക്കാം.മാവേലി നാടു വാണീടും കാലം/മാനുഷരെല്ലാരും ഒന്നുപോലെ...എന്ന ഈരടിയാണ് ഓണവും കൊറോണയും നമ്മെ ഓർമ്മപ്പെടുത്തുന്നത്.ആയിരത്താണ്ടുകൾക്കപ്പുറത്തേക്ക് ഓണത്തിൻ്റെ ഓർമ്മകൾക്കൊപ്പം കൊറോണയുടെ ഓർമ്മകളും എത്തിച്ചേരാൻ സാധ്യതയുണ്ട്.മലയാളി ഇത്രയും ഭീകരമായ പ്രതിസന്ധി മുമ്പെങ്ങും അനുഭവിച്ചിട്ടില്ലല്ലോ?
കർക്കിടകം എന്ന പഞ്ഞ മാസത്തിന് ശേഷം ചിങ്ങപ്പുലരി പിറക്കുമ്പോൾ ഒരു പ്രതീക്ഷ കൂടിയാണ് പിറക്കുന്നത്.എല്ലാ ദുരിതങ്ങളും കടന്നു പോകുമെന്ന വലിയ പ്രതീക്ഷ.പരസ്പരം സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും ഓരോ മനുഷ്യനേയും പഠിപ്പിക്കുകയാണ് ഓരോ ദുരന്തവും.അതിൽ നിന്ന് മനുഷ്യൻ എന്തു പഠിച്ചു എന്നത് മറ്റൊരു വിഷയം.ഓണം ഓർമ്മകളിൽ ഉപ്പു പുരട്ടിത്തുടങ്ങി.മധുരത്തേക്കാൾ കൂടുതൽ ഇപ്പോൾ ഉപ്പാണ് ചുവയ്ക്കുന്നത്.കായവറുക്കലും കൊണ്ടാട്ടമുണക്കലും അടപരത്തലും അച്ചാറിടലും ഒക്കെയായി അച്ഛമ്മയുടെ കാലത്ത് തറവാടു മുഴുവൻ ഓണത്തിനൊരുങ്ങുമായിരുന്നു.അന്നെല്ലാം അടപ്രഥമൻ്റെ കട്ടി മധുരമായിരുന്നു ഓണത്തിന്.ഉപ്പിന്റെ രുചിയാണ് ജീവിതത്തിന്റെ രുചിയെന്നല്ലേ.'ഇടയ്ക്ക് കണ്ണീരുപ്പു പുരട്ടാതെന്തിന് ജീവിത പലഹാരമെന്ന് മുകളിലിരുന്ന് ഇടശ്ശേരി ചിരിക്കുന്നുണ്ട്.
വള്ളം കളിയും പുലികളിയും ഘോഷയാത്രയും ഒന്നുമില്ലാതെ തന്നെ അനന്തമായ ഒത്തുചേരലിന് നമുക്ക് മനസ്സിനെ ഒരുക്കാം.ലോകത്തിൻ്റെ ഏത് കോണിലാണെങ്കിലും നമ്മൾ ഒന്നാണെന്ന പ്രാർത്ഥനയിലേക്ക് ഹൃദയം ചേർത്തുവെയ്ക്കാം. മുഖം മൂടി ഇരിക്കുമ്പോഴും മുഖംമൂടിയില്ലാതെ നമുക്ക് ഓണം ആഘോഷിക്കാം.കീറിയ ഓർമ്മകളെ തുന്നിയെടുക്കാം.മനസ്സിലെങ്കിലും ഒരു പൂക്കളം തീർക്കാം.
നീതു സി സുബ്രഹ്മണ്യം
ഗവേഷക, കവി












Click it and Unblock the Notifications