സ്‌കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണമില്ല; സര്‍ക്കുലര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓണാഘോഷത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ വിവാദമാകുമെന്നുകണ്ടതോടെ പിന്‍വലിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സ്‌കൂള്‍ സമയത്ത് ഓണാഘോഷം വേണ്ടെന്നു വ്യക്തമാക്കി പുറത്തിറക്കിയ സര്‍ക്കുലറാണ് വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
പതിവില്‍നിന്നും വിഭിന്നമായി ഓണാഘോഷത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു സര്‍ക്കുലര്‍. സ്‌കൂള്‍ സമയത്തെ ഓണാഘോഷവും, അധിക ചെലവും മാത്രമല്ല, ഓണാഘോഷത്തിന് യൂണിഫോം ധരിക്കണമെന്നും, അച്ചടക്കത്തിനു വിരുദ്ധമാകരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സര്‍ക്കുലര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കകം അത് പിന്‍വലിക്കുകയായിരുന്നു. സ്‌കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് വിഘാതമാകുന്ന രീതിയില്‍ പരിപാടികള്‍ മാറുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുതിര്‍ന്ന കുട്ടികളുടെ ഓണാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഓണാഘോഷത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ കുട്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സര്‍ക്കുലര്‍ ഇറക്കുന്നതിന് മുന്‍പ് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മതം വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളില്‍ നിന്നും മറ്റും കടുത്ത പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് വിഷയത്തില്‍ മന്ത്രി അടിയന്തിരമായി ഇടപെട്ടത്.












Click it and Unblock the Notifications