'അവസാനം നിൽക്കുന്നവരിലേക്കുള്ള പങ്കു വയ്ക്കലാകട്ടെ കോവിഡ് അനന്തര ഓണം';അശ്വനി എ പി മനുഷ്യ എഴുതുന്നു
'അവസാനം നിൽക്കുന്നവരിലേക്കുള്ള പങ്കു വയ്ക്കലാകട്ടെ കോവിഡ് അനന്തര ഓണം';അശ്വനി എ പി മനുഷ്യ എഴുതുന്നു
അശ്വനി എ പി മനുഷ്യ എഴുതുന്നു
ഇതുവരെയുള്ള മനുഷ്യ ജീവിതത്തിന്റെ വ്യവഹാര ഇടങ്ങളെയെല്ലാം ഒന്നടങ്കം റദ്ദു ചെയ്തു കൊണ്ടാണ് കോവിഡ് - 19 എന്ന മഹാമാരി നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. മാസ്കിനുള്ളിൽ പകുതി മറഞ്ഞ മുഖങ്ങളായി,കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന മനുഷ്യരായി നമ്മൾ പരുവപ്പെട്ടു എന്ന് മാത്രമല്ല, മനുഷ്യരൊഴികെയുള്ള ജീവിവർഗ്ഗങ്ങൾക്കൊന്നും തന്നെ അവരുടെ സ്വാഭാവികമായപരിസരം നഷ്ടപ്പെട്ടില്ല എന്നതും അത്ഭുതകരമായ യാഥാർത്ഥ്യമാണ്. ഭയത്തോടെ മാറി നിന്ന ആദ്യ ഘട്ടത്തിൽ നിന്നും രോഗത്തോട് മല്ലടിക്കുന്ന രണ്ടാം ഘട്ടത്തിലേയ്ക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുന്നു. ഭൗതികമായി അടച്ചുപൂട്ടലും അകന്നിരിക്കലുമായിരുന്നു രോഗത്തിന്റെ ആദ്യ ഘട്ടമെങ്കിൽ രണ്ടാംഘട്ടം ഒരേ സമയം രോഗത്തോടും രോഗം നിശ്ചലമാക്കിയ ജീവിതത്തോടുമുള്ള പ്രത്യക്ഷവും പരോക്ഷവുമായ പോരാട്ടമാണ്.

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം
രോഗത്തെ ചൊല്ലിയുള്ള ഭയം മാറുകയും അതിനോട് പരുവപ്പെട്ടു ജീവിക്കാൻ നമ്മൾ ശീലിക്കുകയും ചെയ്തു.നിശ്ചലമായ തെരുവുകൾ പതിയെ പതിയെ ചലിക്കാൻ തുടങ്ങിയെങ്കിലും; പെട്ടെന്ന് നിന്നു പോയ ജീവിതത്തിന്റെ വീഴ്ചയും ഉയർത്തെഴുന്നേൽക്കലും അത്രകണ്ട് എളുപ്പമല്ലെന്നാണ് കോവിഡാനന്തര ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
സാമ്പത്തികമായ തകർച്ചയും അതിൽ നിന്നുള്ള അതിജീവന ശ്രമങ്ങളുമാണ് രണ്ടാം ഘട്ടത്തിൽ ശരാശരി മലയാളികുടുംബങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. അതായത് ഒന്നാം ഘട്ടത്തിന്റെ ഭവിഷത്ത് ഇനിയാണ് നമ്മൾ അനുഭവിക്കേണ്ടിവരുന്നതെന്ന് സാരം. അത്തരമൊരു പശ്ചാതലത്തിൽ വീണ്ടുമൊരു ഓണക്കാലംകൂടി കടന്നുവരികയാണ്.
പുത്തൻ കോടിയുടുത്ത് ,സദ്യയൊരുക്കി, വിരുന്നു പോയി ആർപ്പുവിളിച്ചാഘോഷിക്കുന്ന ഓണ മാസം പൂക്കളത്തിന്റെയും മാവേലി മന്നന്റെയും മാത്രം മാസമല്ലെന്നും ഉപ്പുതൊട്ട് പപ്പടം വരെ എന്തിനും ഏതിനും ചെലവേറുന്ന കാലം കൂടിയാണെന്നും എടുത്തു പറയേണ്ടതില്ലല്ലോ. ഒരു പക്ഷേ 'കാണം വിറ്റും ഓണമുണ്ണണം ' എന്ന ചൊല്ല് യാഥാർത്ഥ്യമാകുന്ന ഒരു കാലം കൂടിയാണിത്. എന്നാൽ വിൽക്കാനൊന്നും ഇല്ലാത്തവരുടെ ഓണത്തെക്കുറിച്ചാണ് നമ്മൾ കൂടുതൽ ആലോചിക്കേണ്ടത്.
അടുത്തിടേ ഒരു സുഹൃത്ത് പറഞ്ഞ അനുഭവം ഇവിടെ പങ്കു വയ്ക്കട്ടെ . പ്രസാധകർ അയച്ചു കൊടുത്ത പുസ്തകം കൈയ്യിൽ കാശില്ലാത്തത് കൊണ്ടു മാത്രം കൈപ്പറ്റാതെ അവൾക്ക് തിരിച്ചയക്കേണ്ടിവന്നു . "തുറന്നു പോലും നോക്കിയില്ലല്ലോ "എന്ന പ്രസാധകന്റെ ചോദ്യം കേട്ടപ്പോൾ ഉള്ള് വിങ്ങിപ്പോയി.
അടച്ചിരിപ്പിന്റെ ശൂന്യത, കടയുടെ വാടക,വീട്ടു ചെലവ്, തവണകൾ മുടങ്ങിയ ലോൺ, പലിശയും കൂട്ടുപലിശയും, വണ്ടിയുടെ സിസി, ചിട്ടി , രോഗം ഇതിനിടയിൽ പെട്ട് ചക്രശ്വാസം വലിക്കുന്ന മലയാളിയ്ക്ക് കോവിഡാനന്തര ഓണം എല്ലാ അർത്ഥത്തിലും അധിക ബാധ്യതയാണെന്നതിൽ സംശയമില്ല.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെയും, തൊഴിൽ നഷ്ടപ്പെട്ടവരുടേയും ഇടം നഷ്ടപ്പെട്ടവരുടെയും ശൂന്യതയിലേക്കാണ് ഓണവും രോഗവും ഒരുപോലെ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അവസാനം നിൽക്കുന്നവരെ സംബന്ധിച്ച് അത്രമേൽ തീവ്രമായ അതിജീവനത്തിന്റെയും പഞ്ഞത്തിന്റെയും ഓണക്കാലമാണിത്.ആകയാൽ മാനസികവും ശാരീരികവും സാമ്പത്തികവുമായ അതിജീവനമായി ഓണക്കാലത്തെ നിർവചിക്കേണ്ടതുണ്ട്.
മുന്നിൽ നിൽക്കുന്നവരിൽ മാത്രമല്ല ഏറ്റവും പിന്നിൽ നിൽക്കുന്നവരിൽ ഓണം എങ്ങനെയിറങ്ങിചെല്ലുന്നു എന്ന കാഴ്ചയ്ക്കായിരിക്കണം നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. പങ്കു വയ്ക്കലിന്റെ , ഒരുകൈ കരുതലിന്റെ ,ചേർത്തു പിടിക്കലിന്റെ ശബ്ദമായി നമ്മൾ ബോധപൂർവ്വം മാറേണ്ടതുണ്ട്. 'മാനുഷ്യരെല്ലാരും ഒന്നുപോലെ ' രോഗത്തെ നേരിടുന്ന ഈ കാലഘട്ടത്തിൽ പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത പങ്കിടലിന്റെയും മനസമാധാനത്തിന്റെയും ഓണമാണ് നമുക്ക് വേണ്ടത്.
ജീവിതം അത്രമേൽ സങ്കീർണമായി വലിഞ്ഞു മുറുകുമ്പോഴും മുന്തിയ നേരങ്ങളല്ല, മാത്രകൾ മാത്രമാണ് പ്രധാനമെന്ന് വിശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് വീണ്ടും തെരിവുകൾ സജീവമാകുകയാണ്.മാവേലിപ്പാട്ടിലെ സോഷ്യലിസം നടപ്പിലാക്കാനുള്ള ശ്രമമെങ്കിലും നമ്മൾ നടത്തേണ്ടതുണ്ട്.സാമൂഹിക അകലം പാലിച്ചുകൊണ്ട് മാനസികമായി അടുത്തിരിക്കുന്നതാകട്ടെ ഇക്കൊല്ലത്തെ ഓണം . വിഭവങ്ങൾ നമുക്ക് ഒന്നുപോലെപങ്കിടാം. ഒരു ജീവനും പൊലിയാതിരിക്കാൻ അത്യന്തം കരുതലോടെ,കരുണയോടെ ഓണത്തെ വരവേൽക്കാം.
(എഴുത്തുകാരിയാണ് അശ്വനി.'വിരൽച്ചൊരുക്ക്' എന്ന പേരിൽ കവിതാ സമാഹാരം എഴുതിയിട്ടുണ്ട്)












Click it and Unblock the Notifications