2026-27 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ മികച്ച നേട്ടവുമായി അദാനി ടോട്ടൽ ഗ്യാസ്; വരുമാനം 1910 കോടി
ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വരുമാനത്തിലും പ്രവർത്തനത്തിലും മികച്ച വളർച്ച കൈവരിച്ച് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്. ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 27 ശതമാനം ഉയർന്ന് 1910 കോടി രൂപയായി. സിഎൻജി, പിഎൻജി വിൽപ്പനയും 13 ശതമാനം വർധിച്ച് 303 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്ററിലെത്തി.
ശുദ്ധ ഇന്ധനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിച്ചതും സിഎൻജി ശൃംഖല വികസിപ്പിച്ചതുമാണ് വളർച്ചയ്ക്ക് പ്രധാന കാരണം. സിഎൻജി വിൽപ്പന 18 ശതമാനവും പിഎൻജി വിൽപ്പന നാല് ശതമാനവും ഉയർന്നു. കമ്പനിയുടെ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം അഞ്ച് പുതിയ സ്റ്റേഷനുകൾ കൂടി ചേർത്ത് 707 ആയി.

ആഭ്യന്തര പിഎൻജി കണക്ഷനുകൾ 11.41 ലക്ഷമായി ഉയർന്നതോടൊപ്പം, ആദ്യ പാദത്തിൽ മാത്രം 38,243 പുതിയ കണക്ഷനുകൾ നൽകി. വ്യാവസായിക, വാണിജ്യ മേഖലകളിലായി 10,422 പിഎൻജി കണക്ഷനുകളും കമ്പനി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നുള്ള സംയുക്ത സംരംഭം ഉൾപ്പെടെ രാജ്യത്തുടനീളം കമ്പനിക്ക് 1,167 സിഎൻജി സ്റ്റേഷനുകളാണുള്ളത്. പിഎൻജി കണക്ഷനുകളുടെ എണ്ണം 13.75 ലക്ഷം വീടുകൾ പിന്നിട്ടതായും കമ്പനി അറിയിച്ചു.
അതേസമയം, പ്രകൃതി വാതകത്തിന്റെ വില കുത്തനെ ഉയർന്നത് കമ്പനിയുടെ ലാഭത്തെ ബാധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വില വർധിച്ചതും കാരണം പ്രകൃതി വാതക സംഭരണച്ചെലവ് ഗണ്യമായി ഉയർന്നു. പ്രകൃതി വാതകത്തിനായി കമ്പനി ചെലവഴിച്ച തുക 39 ശതമാനം വർധിച്ച് 1454 കോടി രൂപയായി. ഇതിന്റെ ഫലമായി ഇബിഐടിഡിഎ 301 കോടിയിൽ നിന്ന് 281 കോടിയായി കുറഞ്ഞു. നികുതിക്ക് ശേഷമുള്ള ലാഭം 18 ശതമാനം ഇടിഞ്ഞ് 133 കോടി രൂപയായി.
ചെലവ് വർധിച്ച സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് കമ്പനി ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. സിഎൻജി വിതരണത്തിനുള്ള എപിഎം ഗ്യാസിന്റെ വിഹിതം മുൻ പാദത്തിലെ 36 ശതമാനത്തിൽ നിന്ന് ഏകദേശം 30 ശതമാനമായി കുറഞ്ഞതിനെ തുടർന്ന് ബാക്കിയുള്ള ആവശ്യം നിലവിലെ കരാറുകളിലൂടെയും ഉയർന്ന വിലയുള്ള സ്പോട്ട് എൽഎൻജിയിലൂടെയും നിറവേറ്റി.
ശുദ്ധ ഊർജ മേഖലകളിലും കമ്പനി പ്രവർത്തനം വിപുലീകരിച്ചു. അദാനി ടോട്ടൽഎനർജീസ് ഇ-മൊബിലിറ്റി ലിമിറ്റഡിന്റെ നേതൃത്വത്തിൽ രാജ്യത്തെ 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 226 നഗരങ്ങളിൽ 5306 ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ സ്ഥാപിച്ചു. ആകെ ചാർജിങ് ശേഷി ഏകദേശം 58 മെഗാവാട്ടായി ഉയർന്നു.
അദാനി ടോട്ടൽഎനർജീസ് ബയോമാസ് ലിമിറ്റഡ് ആദ്യ പാദത്തിൽ 323 മെട്രിക് ടൺ കംപ്രസ്ഡ് ബയോഗ്യാസ് വിറ്റഴിച്ചു. ഹരിത് അമൃത് ബ്രാൻഡിന് കീഴിലുള്ള ജൈവവള വിൽപ്പനയിലും മികച്ച വളർച്ച രേഖപ്പെടുത്തി.
ഉയർന്ന ഗ്യാസ് വില, ക്രൂഡ് ഓയിൽ വില വർധന, ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവ പ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നെങ്കിലും, ശുദ്ധ ഇന്ധനങ്ങളിലേക്കുള്ള വർധിച്ചുവരുന്ന ഉപഭോക്തൃ താൽപര്യവും പ്രവർത്തന മികവും കമ്പനിക്ക് മികച്ച വളർച്ച നേടാൻ സഹായിച്ചുവെന്ന് കമ്പനിയുടെ സിഇഒ സഞ്ജയ് പണ്ഡിത പറഞ്ഞു.
സിഎൻജി, പിഎൻജി, ഇ-മൊബിലിറ്റി എന്നിവ ഉൾപ്പെടുന്ന ശുദ്ധ ഊർജ മേഖലയിൽ ശൃംഖല വിപുലീകരണം, ഡിജിറ്റൽ സംവിധാനങ്ങൾ, ദീർഘകാല വളർച്ച എന്നിവയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി, സാമൂഹിക ഉത്തരവാദിത്തം, ഭരണനിർവഹണം എന്നിവയുടെ വിലയിരുത്തലിലും കമ്പനിക്ക് പുരോഗതിയുണ്ടായി. കെയർഎഡ്ജ്, ക്രിസിൽ റേറ്റിങ്ങുകൾ മുൻ പാദത്തേക്കാൾ മെച്ചപ്പെട്ടതായി കമ്പനി അറിയിച്ചു.
തുടർച്ചയായ ഗ്യാസ് വിതരണം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളും സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ച വേഗത്തിലുള്ള അനുമതികളും പ്രവർത്തനങ്ങൾക്ക് സഹായകമായതായും കമ്പനി വ്യക്തമാക്കി.


Click it and Unblock the Notifications
