മുംബൈ വിമാനത്താവളത്തിലെ പുതുക്കി പണിയുന്ന ടെർമിനൽ 1-ന്റെ രൂപരേഖ പുറത്ത്; കൂടുതൽ സൗകര്യങ്ങൾ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ പുതുക്കിപ്പണിയാനുള്ള പദ്ധതിയുടെ ചിത്രങ്ങൾ വിമാനത്താവള അധികൃതർ പുറത്തുവിട്ടു. വിമാനക്കമ്പനികളുടെ സമിതിയായ എഒസി യോഗത്തിലാണ് പുതിയ ടെർമിനലിന്റെ രൂപകൽപ്പന സംബന്ധിച്ച ചിത്രങ്ങൾ പങ്കിട്ടത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുന്നതിനൊപ്പം മുംബൈയുടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പുതിയ ടെർമിനൽ വിഭാവനം ചെയ്‌തിരിക്കുന്നത്.

എന്നാൽ പുറത്തുവിട്ട ചിത്രങ്ങൾ അന്തിമ രൂപകൽപ്പനയല്ലെന്നും പുതിയ ടെർമിനലിന്റെ ഉദ്ദേശിക്കുന്ന രൂപവും അനുഭവവും വ്യക്തമാക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. 1964ലാണ് നിലവിലെ ഒന്നാം ടെർമിനൽ പ്രവർത്തനം ആരംഭിച്ചത്. അറുപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.

mumbai airport

സ്ട്രക്വെൽ 2017ലും ഐഐടി ബോംബെ 2024ലും നടത്തിയ പരിശോധനകളിൽ കെട്ടിടത്തിന്റെ ഘടനയിലും സുരക്ഷയിലും ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ പഴയ ടെർമിനൽ മാറ്റി പുതിയ കെട്ടിടം നിർമിക്കേണ്ടത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യങ്ങൾക്കും മുംബൈയുടെ വളരുന്ന സാമ്പത്തിക പ്രാധാന്യത്തിനും അനുയോജ്യമായ രീതിയിലാണ് പുതിയ ടെർമിനൽ രൂപകൽപ്പന ചെയ്യുന്നത്.

പഴയ കെട്ടിടത്തിലെ വിവിധ ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിച്ച് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായ യാത്രാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. മുംബൈയുടെ സംസ്‌കാരവും പ്രകൃതിവൈവിധ്യവും പുതിയ കെട്ടിടത്തിന്റെ രൂപകൽപ്പനയിൽ പ്രതിഫലിക്കും. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം വിശാലവും ആകർഷകവുമായ രീതിയിൽ നിർമ്മിക്കും.

യാത്രക്കാർക്ക് സൗകര്യപ്രദമായ പ്രവേശനാനുഭവം നൽകുന്ന രീതിയിലായിരിക്കും ഇത്. യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാനുള്ള ഭാഗം വിശാലവും സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കും. തൂണുകളില്ലാത്ത വലിയ ഹാളിൽ മുംബൈയുടെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന ചിത്രങ്ങളും കലാസൃഷ്‌ടികളും ഒരുക്കും.

വിമാനത്തിൽ കയറുന്നതിനായി കാത്തിരിക്കുന്ന യാത്രക്കാർക്കുള്ള ഭാഗത്ത് പച്ചപ്പും വിശ്രമമുറികളും വിശാലമായ ചില്ലുജനാലകളും ഉണ്ടാകും. റൺവേയുടെ കാഴ്‌ചകൾ ആസ്വദിക്കാനും ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്ന ഭാഗത്ത് മുംബൈയുടെ പ്രകൃതിവൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന വലിയ അരയന്ന ശിൽപവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

പുതിയ ടെർമിനൽ വരുന്നതോടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ ശേഷിയിലും വലിയ വർധനയുണ്ടാകും. നിലവിൽ പ്രതിവർഷം ഒന്നരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാം ടെർമിനലിന്റെ ശേഷി രണ്ട് കോടിയായി ഉയരും. ഇതോടെ 33 ശതമാനം വർധനയുണ്ടാകും.

യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാനുള്ള കൗണ്ടറുകളുടെ എണ്ണം 74ൽ നിന്ന് 109 ആയി ഉയർത്തും. സുരക്ഷാ പരിശോധനയ്ക്കുള്ള പാതകൾ രണ്ടര മടങ്ങായി വർധിപ്പിച്ച് യാത്രക്കാർക്കായി 15 പാതകളും മറ്റിടങ്ങളിലേക്ക് മാറുന്ന യാത്രക്കാർക്കായി അഞ്ച് പാതകളും ഒരുക്കും.

വിമാനത്തിലേക്ക് നേരിട്ട് കയറാൻ കഴിയുന്ന സൗകര്യങ്ങളുടെ എണ്ണം ഏഴിൽ നിന്ന് 25 ആയി ഉയർത്തും. ഇതോടെ ബസുകൾ ഉപയോഗിച്ച് വിമാനത്തിലേക്ക് യാത്രക്കാരെ എത്തിക്കേണ്ട സാഹചര്യം കുറയും. സാധാരണ ബോർഡിങ് ഗേറ്റുകൾക്ക് പകരം 12 ഇലക്ട്രോണിക് ഗേറ്റുകളും സ്ഥാപിക്കും. ലഗേജ് കൈപ്പറ്റാനുള്ള ബെൽറ്റുകളുടെ എണ്ണം അഞ്ചിൽ നിന്ന് 11 ആയി വർധിപ്പിക്കും.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് ഘട്ടംഘട്ടമായി മാറ്റങ്ങൾ നടപ്പാക്കുന്നത്. നിലവിലെ ഒന്നാം ടെർമിനൽ പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ 2027 ഏപ്രിലിൽ ആരംഭിക്കും. അതിനിടെ ആഭ്യന്തര യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി രണ്ടാം ടെർമിനലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് പുതിയ സൗകര്യങ്ങൾ ഒരുക്കും.

മൂന്ന് നിലകൾക്ക് മുകളിലായി മറ്റൊരു നിലയുള്ള ഈ വികസന പദ്ധതി 2029 മാർച്ചോടെ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഒന്നാം ടെർമിനൽ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്തുതന്നെ നിർമ്മിക്കും. 2030 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ വിമാനത്താവളത്തിന്റെ ആകെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവർഷം 6.5 കോടിയായി ഉയരും.

കൂടുതൽ സുരക്ഷിതവും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതുമായ വിമാനത്താവളം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. മുംബൈയുടെ സാംസ്‌കാരിക സ്വത്വം നിലനിർത്തുന്നതിനൊപ്പം ആധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട യാത്രാനുഭവവും ഉറപ്പാക്കുന്നതിനാണ് പുതിയ ടെർമിനലിൽ പ്രാധാന്യം നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma