മുംബൈയിൽ നിന്ന് നവി മുംബൈയിലേക്ക് വിമാന സർവീസുകൾ മാറ്റും; പ്രഖ്യാപിച്ച് ഇൻഡിഗോ, എയർ ഇന്ത്യ, അദാനി എയർപോർട്‌സ്

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാറ്റാൻ ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പും തീരുമാനിച്ചു. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പഴയ ടെർമിനൽ ഒന്നിന്റെ പുനർവികസനത്തിന് ആവശ്യമായ സൗകര്യം ഒരുക്കുക, നവി മുംബൈയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വിപുലീകരിക്കുക, യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നിവയാണ് നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡുമായി സഹകരിച്ചായിരിക്കും ഘട്ടംഘട്ടമായുള്ള മാറ്റം.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 2027 ഫെബ്രുവരിയിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്ന് ഇൻഡിഗോ അറിയിച്ചു. നിലവിൽ മുംബൈ വിമാനത്താവളത്തിൽനിന്ന് നടത്തുന്ന പ്രതിദിനം 12 അന്താരാഷ്ട്ര പുറപ്പെടൽ സർവീസുകൾ നവി മുംബൈയിലേക്ക് മാറ്റും. ബഹ്റൈൻ, റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈത്ത്, റാസൽഖൈമ, ഫുജൈറ, മസ്‌കറ്റ്, ധാക്ക, ജക്കാർത്ത എന്നിവിടങ്ങളിലേക്കുള്ള നിലവിലെ സർവീസുകളാണ് മാറ്റുന്നത്. ഇതിന് പുറമേ കാഠ്മണ്ഡുവിലേക്ക് പുതിയ പ്രതിദിന സർവീസും ആരംഭിക്കും. ഇതോടെ 2027 ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ നവി മുംബൈയിൽനിന്ന് ഇൻഡിഗോ സർവീസ് നടത്തുന്ന അന്താരാഷ്ട്ര നഗരങ്ങളുടെ എണ്ണം 12 ആകും.

adani

അന്താരാഷ്ട്ര സർവീസുകൾക്ക് ആവശ്യമായ ആഭ്യന്തര കണക്ഷൻ വിമാനങ്ങളും മുംബൈ വിമാനത്താവളത്തിൽനിന്ന് നവി മുംബൈയിലേക്ക് മാറ്റും. ഇതിലൂടെ യാത്രക്കാർക്ക് തുടർയാത്രകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾക്കിടയിൽ സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നവി മുംബൈയിൽ ഒരുക്കുന്നതിൽ ഇൻഡിഗോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് അറിയിച്ചു.

പുതിയ വിമാനത്താവളത്തെ ദീർഘകാലാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വ്യോമഗതാഗത കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ മാറ്റമെന്ന് ഇൻഡിഗോ വ്യക്തമാക്കി. മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. നിലവിലുള്ള ശേഷിയിൽ സമ്മർദം സൃഷ്‌ടിക്കാതെ 2027ൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇതിനായി എയർബസ് എ320, എ321, എ321എക്സ്എൽആർ വിമാനങ്ങൾ ഉപയോഗിക്കും.

2030ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ടെർമിനൽ ഒന്നിന്റെ പുനർവികസനത്തിനായി മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകളുടെ ശേഷി കുറയ്ക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി ഇൻഡിഗോയുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗവും നവി മുംബൈയിലേക്ക് മാറ്റും. ടെർമിനൽ ഒന്നിൽ കൂടുതൽ മാറ്റങ്ങൾ ആവശ്യമായി വന്നാൽ അവ ടെർമിനൽ രണ്ടിൽ ക്രമീകരിക്കും. പ്രവർത്തനങ്ങൾ മാറ്റുന്ന അന്തിമ തീയതികളും മുംബൈ വിമാനത്താവളത്തിൽനിന്ന് ആരംഭിക്കുന്ന പുതിയ സർവീസുകളുടെ വിവരങ്ങളും ആവശ്യമായ അനുമതികൾ ലഭിക്കുകയും പദ്ധതിയുമായി ബന്ധപ്പെട്ട ഏകോപനം പൂർത്തിയാകുകയും ചെയ്‌തശേഷം പ്രഖ്യാപിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

എയർ ഇന്ത്യ ഗ്രൂപ്പും വെസ്‌റ്റ് ഏഷ്യയിലേക്കുള്ള ചില സർവീസുകൾ ഘട്ടംഘട്ടമായി നവി മുംബൈയിലേക്ക് മാറ്റും. 2026 ഡിസംബർ മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് നവി മുംബൈയിൽനിന്ന് പ്രതിദിനം നാല് ആഭ്യന്തര സർവീസുകൾ നടത്തും. ആവശ്യമായ അനുമതികൾ ലഭിക്കുന്നതനുസരിച്ച് കുവൈത്തിലേക്കുള്ള സർവീസുകളും നിലവിലുള്ള ഒമാൻ സർവീസുകളും 2027 ജനുവരി മുതൽ ആരംഭിക്കും. ജിദ്ദ, റിയാദ്, ദമ്മാം, ദോഹ, മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളും ക്രമേണ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ 2027ലെ വടക്കൻ വേനൽക്കാല ഷെഡ്യൂൾ ആരംഭിക്കുന്നതോടെ മാറ്റം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മുംബൈയിലെ ഇരട്ട വിമാനത്താവള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പ് വ്യക്തമാക്കി. നിലവിൽ മുംബൈ വിമാനത്താവളത്തിൽ അനുവദിച്ചിട്ടുള്ള പഴയ സ്ലോട്ടുകളുടെ അവകാശം നിലനിർത്താനും ഘട്ടംഘട്ടമായുള്ള മാറ്റത്തിലൂടെ സാധിക്കും. രണ്ട് വിമാനത്താവളങ്ങളിൽനിന്നും പ്രവർത്തിക്കുന്നതിലൂടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ യാത്രാസൗകര്യം വർധിക്കുകയും യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കുകയും ചെയ്യും.

മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ പുനർവികസനം സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനും കൂടുതൽ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതുമായ ടെർമിനൽ ഒരുക്കുന്നതിനും അനിവാര്യമാണെന്നാണ് വിലയിരുത്തൽ. നിലവിൽ പ്രതിവർഷം ഒന്നരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ടെർമിനലിന്റെ ശേഷി രണ്ട് കോടിയായി ഉയരും. ഇതിലൂടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയിൽ ഏകദേശം 33 ശതമാനം വർധനയുണ്ടാകും. ആഗോള വ്യോമയാന നിലവാരത്തിന് അനുസൃതമായ പുതിയ യാത്രാസൗകര്യങ്ങളും ആധുനിക ഡിജിറ്റൽ സംവിധാനങ്ങളും ഇവിടെ ഒരുക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഏകദേശം 50 ലക്ഷം യാത്രക്കാരുടെ പ്രവർത്തനങ്ങൾ നവി മുംബൈയിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏകദേശം 36 ലക്ഷം യാത്രക്കാരെ മാറ്റുന്നത്, ലക്ഷ്യമിട്ട ശേഷിയുടെ 70 ശതമാനത്തോളം വരും. പുനർവികസന പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ സ്ഥലം ഒരുക്കാൻ ഈ മാറ്റം സഹായിക്കും. പദ്ധതികൾ പൂർത്തിയാകുമ്പോൾ പഴയ വിമാനത്താവളത്തിലെ സ്ലോട്ടുകൾ പുനഃസ്ഥാപിക്കുമെന്ന് നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലെ പ്രതിവർഷം 5.5 കോടി യാത്രക്കാരിൽ ഏകദേശം ഒമ്പത് ശതമാനം പേരുടെ യാത്രകൾ മാത്രമാണ് താൽക്കാലികമായി നവി മുംബൈയിലേക്ക് മാറ്റുക. ശേഷിക്കുന്ന 91 ശതമാനം യാത്രക്കാരും നിലവിലെ മുംബൈ വിമാനത്താവളം ഉപയോഗിക്കുന്നത് തുടരും.

വിമാനത്താവള നടത്തിപ്പുകാരും വിമാനക്കമ്പനികളും തമ്മിൽ ഏകദേശം 18 മാസമായി നടന്ന ചർച്ചകൾക്കുശേഷമാണ് ഈ തീരുമാനം. നവി മുംബൈ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും പ്രവർത്തനസജ്ജതയിലുമുള്ള പ്രമുഖ വിമാനക്കമ്പനികളുടെ വിശ്വാസം വർധിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. ആദ്യ ടെർമിനലിൽ പ്രതിവർഷം രണ്ട് കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ വിമാനത്താവളത്തിന്റെ ശേഷി ഒമ്പത് കോടി യാത്രക്കാരായി ഉയർത്താനും പദ്ധതിയുണ്ട്.

നവി മുംബൈ വിമാനത്താവളത്തിലേക്കുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനായി പൻവേൽ കായലിനും ഗാധി നദിക്കും കുറുകെ സിഡ്‌കോ മൂന്ന് പുതിയ പാലങ്ങൾ നിർമിച്ചിട്ടുണ്ട്. എസ്‌ബിആർ ഒൻപത്, ബിആർ നാല്, ബിആർ അഞ്ച് എന്നിവയാണ് ഈ പാലങ്ങൾ. അടൽ സേതു, ഉൽവേ തീരദേശ പാത, അമ്ര മാർഗ്, ദേശീയപാത നാല് ബി എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വിമാനത്താവളത്തിൽ ഡിജി യാത്ര, സ്വയം പ്രവർത്തിക്കുന്ന ബാഗേജ് കൈകാര്യം ചെയ്യൽ സംവിധാനം, സംയോജിത ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയും ഒരുക്കും. ചരക്കുനീക്കത്തിനും ശീതശൃംഖലാ സംഭരണത്തിനും പ്രത്യേക സൗകര്യങ്ങൾ, വിമാനങ്ങളിലേക്കുള്ള ഭക്ഷണവിതരണ സംവിധാനങ്ങൾ എന്നിവയും ഉണ്ടാകും. പ്രധാന തുറമുഖങ്ങൾക്കും വ്യവസായ കേന്ദ്രങ്ങൾക്കും സമീപമുള്ള സ്ഥാനം വിമാനത്താവളത്തിന് കൂടുതൽ പ്രയോജനകരമാകും.

മുംബൈയിലെയും നവി മുംബൈയിലെയും വിമാനത്താവളങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതോടെ കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യാനും അന്താരാഷ്ട്ര വിമാനബന്ധങ്ങൾ വിപുലീകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഇന്ത്യയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണവും മറ്റ് രാജ്യങ്ങളിലേക്കുള്ള തുടർയാത്രയ്ക്കായി ഇന്ത്യയെ തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ വിഹിതവും വർധിച്ചേക്കാം. പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ നവി മുംബൈയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നത് കൂടുതൽ വിദേശ വിമാനക്കമ്പനികൾക്ക് അവിടെ സർവീസുകൾ ആരംഭിക്കാനും നിലവിലുള്ള സർവീസുകൾ വർധിപ്പിക്കാനും വഴിയൊരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma