'പ്ലാറ്റ്ഫോം ഇൻഫ്രാസ്ട്രക്ച്ചറിനായി ക്രെഡിറ്റ് ഫ്രെയിം വർക്ക് സ്ഥാപിക്കണം'; കെയർ എഡ്ജിനോട് ഗൗതം അദാനി
മുംബൈ: ഇന്ത്യയുടെ പരിവർത്തനാത്മക അടിസ്ഥാനസൗകര്യ പദ്ധതികളെ വിലയിരുത്തുന്നതിന് പരമ്പരാഗത ആസ്തി കേന്ദ്രീകൃത മാതൃകകൾക്കപ്പുറത്തേക്ക് കടന്ന് സമഗ്രവും പ്ലാറ്റ്ഫോം കേന്ദ്രീകൃതവുമായ ഒരു ക്രെഡിറ്റ് ഫ്രെയിംവർക്ക് രൂപീകരിക്കണമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. മുന്ദ്ര, വിഴിഞ്ഞം, ഖാവ്ദ തുടങ്ങിയ പദ്ധതികൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവയുടെ പ്രാധാന്യം വ്യക്തിഗത ആസ്തികളുടെ സാമ്പത്തിക പ്രകടനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിപുലമായ സാമ്പത്തിക ആവാസവ്യവസ്ഥയിലും ദേശീയതലത്തിലുള്ള പ്രത്യാഘാതങ്ങളിലുമാണെന്നും പറഞ്ഞു.
ഇന്നലെ മുംബൈയിൽ നടന്ന കെയർ എഡ്ജ് ഗ്രൂപ്പ് വാർഷിക സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ഗൗതം അദാനി. അടിസ്ഥാനസൗകര്യ വികസനം ചെറിയ ഘട്ടങ്ങളിലൂടെ മുന്നേറുകയും ഓരോ ആസ്തിയുടെയും അതിർത്തികൾ വ്യക്തമായി നിർവചിക്കപ്പെടുകയും ചെയ്തിരുന്ന കാലഘട്ടത്തിനായാണ് നിലവിലുള്ള റേറ്റിങ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖല ഇപ്പോൾ അടിസ്ഥാനപരമായി മാറിയിരിക്കുകയാണ്. അതിനനുസരിച്ച് അവയെ വിലയിരുത്തുന്ന സംവിധാനങ്ങളും മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യയ്ക്ക് കുറഞ്ഞ നിലവാരത്തിലുള്ള മാനദണ്ഡങ്ങളല്ല ആവശ്യം. ഇന്ത്യയ്ക്ക് കൂടുതൽ വിശാലമായ കാഴ്ചപ്പാടാണ് ആവശ്യം' റേറ്റിങ് അനലിസ്റ്റുകൾ, സാമ്പത്തിക വിദഗ്ധർ, ധനകാര്യ രംഗത്തെ പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ അദാനി പറഞ്ഞു. കെയർ എഡ്ജ് ഗ്രൂപ്പുമായുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധത്തിന് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്നും നിലവിൽ 100ലധികം സ്ഥാപനങ്ങളിലായി 3 ലക്ഷം കോടിയിലധികം മൂല്യമുള്ള റേറ്റുചെയ്ത ആസ്തികൾ ഈ സഹകരണത്തിന്റെ പരിധിയിൽ വരുന്നതായും അദാനി ചൂണ്ടിക്കാട്ടി.
ഇതിന്റെ പശ്ചാത്തലത്തിൽ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയും അദ്ദേഹം മുന്നോട്ടുവച്ചു: ഇന്ത്യയുടെ അപകടസാധ്യതകൾ അളക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾക്ക് ഇന്ത്യയുടെ സാധ്യതകളെയും തിരിച്ചറിയാൻ കഴിയുമോ? പരമ്പരാഗതമായി ഒറ്റപ്പെട്ട, ഓരോ ആസ്തിയെയും പ്രത്യേകം പരിഗണിക്കുന്ന ഡിസ്കൗണ്ടഡ് ക്യാഷ് ഫ്ലോ മാതൃകകളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ രീതിയിൽ ഒരു ആസ്തിയെ അതിന്റെ ചുറ്റുപാടിൽ നിന്ന് വേർതിരിച്ചാണ് അപകടസാധ്യത വിലയിരുത്തുന്നത്. എന്നാൽ പ്ലാറ്റ്ഫോം അടിസ്ഥാനത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ സവിശേഷതയായ വിപുലമായ സാമ്പത്തിക വളർച്ചയും പരസ്പരബന്ധിതമായ നേട്ടങ്ങളും ഇത്തരം മാതൃകകൾക്ക് പൂർണമായി കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനസൗകര്യങ്ങളെ മൂന്ന് വിഭാഗങ്ങളായി ഗൗതം അദാനി വേർതിരിച്ചു.
പകരം വയ്ക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യം: നിലവിലുള്ള ആസ്തികളെ വികസിപ്പിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്ന പദ്ധതികൾ. ഇത്തരം പദ്ധതികളെ നിലവിലുള്ള റേറ്റിങ് സംവിധാനങ്ങൾ ഫലപ്രദമായി വിലയിരുത്തുന്നുണ്ട്.
വളർച്ചാ അടിസ്ഥാനസൗകര്യം: വ്യക്തമായ ആവശ്യകതയുള്ള മേഖലകളിൽ ശേഷി വർധിപ്പിക്കുന്ന പദ്ധതികൾ. ഇത്തരം പദ്ധതികളെ വിലയിരുത്തുമ്പോൾ ആവാസവ്യവസ്ഥാ സ്വാധീനവും സാമ്പത്തിക ഗുണിതഫലവും കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
പ്ലാറ്റ്ഫോം അടിസ്ഥാനസൗകര്യം: അദാനിയുടെ അഭിപ്രായത്തിൽ നിലവിലുള്ള സംവിധാനങ്ങളിൽ ഏറ്റവും വലിയ വിടവ് കാണുന്നത് ഈ വിഭാഗത്തിലാണ്. നിലവിലുള്ള ആവശ്യകത നിറവേറ്റുക മാത്രമല്ല, പുതിയ ആവശ്യകതകളും പുതിയ സാമ്പത്തിക ആവാസവ്യവസ്ഥകളും പുതിയ ശേഷികളും സൃഷ്ടിക്കുന്ന ആസ്തികളാണ് ഇവ. ഇതിന് അദാനി ഗ്രൂപ്പിന്റെ തന്നെ മൂന്ന് പദ്ധതികളെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
മുന്ദ്ര: ഗുജറാത്തിലെ മുന്ദ്ര തുറമുഖം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമാണ്. എന്നാൽ പദ്ധതി ആരംഭിച്ച സമയത്ത് വ്യവസായിക ആവാസവ്യവസ്ഥയൊന്നുമില്ലാത്ത ചതുപ്പുനിലമായ തീരപ്രദേശമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും നിലവിലില്ലാത്ത ഉപഭോക്താക്കളിൽ നിന്നുള്ള അനിശ്ചിതമായ ആവശ്യകത മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദാനി പറഞ്ഞു.
അന്നത്തെ പരമ്പരാഗത റേറ്റിങ് വിലയിരുത്തലിൽ പ്രധാനമായും നിർമാണ-നടപ്പാക്കൽ അപകടസാധ്യതയും സ്ഥിരീകരിക്കാനാകാത്ത പണമൊഴുക്ക് കണക്കുകൂട്ടലുകളും മാത്രമായിരിക്കും പരിഗണിക്കപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മുന്ദ്ര തുറമുഖം റെയിൽവേ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, വൈദ്യുതി നിലയങ്ങൾ, വ്യവസായ മേഖലകൾ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ട ഒരു വലിയ സാമ്പത്തിക ശൃംഖലയായി മാറി. ഇന്ത്യയിലുടനീളമുള്ള വ്യാപാരികൾക്കും നിർമാതാക്കൾക്കും ഇത് സേവനം നൽകുന്നു.
'പ്ലാറ്റ്ഫോം അടിസ്ഥാനസൗകര്യങ്ങൾ ഒരു ബഹുതല ശൃംഖലയായി പ്രവർത്തിക്കുമെന്ന് മുന്ദ്ര തെളിയിച്ചു. ഓരോ പുതിയ ഘട്ടവും മറ്റൊന്നിന് പിന്തുണ നൽകുകയും, അതിനെ ശക്തിപ്പെടുത്തുകയും, അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ സാമ്പത്തിക വളർച്ചയുടെ ഒരു 'കമ്പൗണ്ടിങ് ഫ്ലൈവീൽ' രൂപപ്പെടുന്നു. എന്നാൽ രേഖീയമായ സാമ്പത്തിക മാതൃകകൾക്ക് ഇത് പലപ്പോഴും കൃത്യമായി കണക്കാക്കാനാകില്ല' അദാനി പറഞ്ഞു.
വിഴിഞ്ഞം: കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഉദാഹരിച്ച് മറ്റൊരു തരത്തിലുള്ള അപകടസാധ്യതയിലേക്ക് അദാനി ശ്രദ്ധ ക്ഷണിച്ചു, പ്രവർത്തിക്കാതിരിക്കുന്നതിന്റെ അപകടസാധ്യത.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ കണ്ടെയ്നർ ചരക്കുകൾ സിംഗപ്പൂർ, ദുബായ്, കൊളംബോ തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് ട്രാൻഷിപ്പ് ചെയ്തിരുന്നത്. ആഭ്യന്തര അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപന നിക്ഷേപത്തിന് വളരെ അപകടകരമാണെന്ന് കരുതപ്പെട്ടതിനാൽ വിദേശ തുറമുഖങ്ങൾക്ക് ഇന്ത്യ 'നേരിട്ടുള്ള പരമാധികാര നികുതി' നൽകുന്നതുപോലെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള പദ്ധതിയായിരുന്നെങ്കിലും പരമ്പരാഗത സാമ്പത്തിക പരിശോധനകളിലൂടെ നോക്കുമ്പോൾ വിഴിഞ്ഞം ലാഭകരമല്ലാത്ത പദ്ധതിയായി തോന്നിയിരുന്നു. 25 വർഷത്തിനിടെ പല തവണ ടെൻഡറുകൾ പരാജയപ്പെട്ടു. എന്നിരുന്നാലും അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുത്ത് നിർമ്മിച്ചു. തുറന്നിട്ട് വെറും 18 മാസത്തിനുള്ളിൽ രണ്ട് ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്യുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം മാറിയെന്നും അദ്ദേഹം പറഞ്ഞു.
"പരമ്പരാഗത ക്രെഡിറ്റ് മാതൃകകൾ നിർമാണ-നടപ്പാക്കൽ അപകടസാധ്യത കൃത്യമായി അളക്കുന്നു. എന്നാൽ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങളിൽ രാജ്യത്തിന്റെ പ്രതിരോധശേഷിയുടെ സാമ്പത്തിക മൂല്യവും തിരിച്ചറിയാൻ നമ്മൾ പഠിക്കണം," അദാനി പറഞ്ഞു. "വിഴിഞ്ഞം നിർമിച്ചതിലായിരുന്നില്ല ഏറ്റവും വലിയ അപകടസാധ്യത. ഇന്ത്യയ്ക്ക് അത് സാധ്യമല്ലെന്ന് വിശ്വസിച്ച് തുടരുന്നതിലായിരുന്നു ഏറ്റവും വലിയ അപകടസാധ്യത," അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാവ്ദ: ഗുജറാത്തിലെ കച്ച് റണ്ണിലുള്ള ഖാവ്ദയായിരുന്നു അദാനി ചൂണ്ടിക്കാട്ടിയ മൂന്നാമത്തെ ഉദാഹരണം. ഇവിടെ അദാനി ഗ്രൂപ്പ് 30 ഗിഗാവാട്ട് ശേഷിയുള്ള ഒരു പുനരുപയോഗ ഊർജ പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത റേറ്റിങ് സംവിധാനത്തിലൂടെ നോക്കുമ്പോൾ ഖാവ്ദയുടെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ, കഠിനമായ ഭൂപ്രദേശം, നിർമാണ-നടപ്പാക്കൽ അപകടസാധ്യത, അനിശ്ചിതമായ ആവശ്യകത എന്നിവ വലിയ വെല്ലുവിളികളാണെന്ന് അദാനി സമ്മതിച്ചു.
എന്നാൽ ഖാവ്ദയെ ഒരു വൈദ്യുതി പദ്ധതിയായി മാത്രം വിലയിരുത്തുന്നത് അതിന്റെ വലിയ പ്രാധാന്യം കാണാതെ പോകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമാണം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം എന്നിവ പരസ്പരം സംഗമിക്കുന്ന ഒരു പ്ലാറ്റ്ഫോമായാണ് ഖാവ്ദയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എഐ സമ്പദ്വ്യവസ്ഥയ്ക്കും കംപ്യൂട്ട് അടിസ്ഥാനസൗകര്യങ്ങൾക്കും ഇത് ഭാവിയിൽ അടിത്തറയാകാമെന്നും അദ്ദേഹം പറഞ്ഞു.
'ഒരു വൈദ്യുതി പദ്ധതിയായി മാത്രം അളന്നാൽ ഖാവ്ദയ്ക്ക് പതിറ്റാണ്ടുകളോളം കുറഞ്ഞ മൂല്യനിർണയമായിരിക്കും ലഭിക്കുക. എന്നാൽ ഒരു പരിവർത്തനാത്മക പ്ലാറ്റ്ഫോമായി വിലയിരുത്തുമ്പോൾ, ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന ആസ്തികളിലൊന്നായി ഇത് മാറും' ഗൗതം അദാനി പറഞ്ഞു.
എഐയുടെ വളർച്ചയ്ക്ക് അടിസ്ഥാനസൗകര്യം അനിവാര്യം
പ്ലാറ്റ്ഫോം അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള തന്റെ വാദത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി നേരിട്ട് ബന്ധിപ്പിച്ച ഗൗതം അദാനി, ആൽഗരിതങ്ങൾ, മോഡലുകൾ, സോഫ്റ്റ്വെയർ എന്നിവ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുമെങ്കിലും വലിയ തോതിലുള്ള എഐ സംവിധാനങ്ങൾക്ക് ഒടുവിൽ വൻതോതിൽ വൈദ്യുതി, ഡാറ്റാ സെന്ററുകൾ, കൂളിങ് സംവിധാനങ്ങൾ, ട്രാൻസ്മിഷൻ ശൃംഖലകൾ, ഭൂമി, ശുദ്ധവും വിശ്വസനീയവുമായ ഊർജം എന്നിവ ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാട്ടി.
'എഐയിലെ മത്സരാധികാരം ഏറ്റവും മികച്ച കോഡ് എഴുതുന്നത് ആരാണെന്നതിൽ മാത്രം ഒതുങ്ങണമെന്നില്ല. ബുദ്ധിശേഷിയെ വലിയ തോതിൽ വികസിപ്പിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കാൻ കഴിയുന്നത് ആരാണെന്നതിലും അത് നിർണയിക്കപ്പെടാം' അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ ഖാവ്ദ പോലുള്ള പദ്ധതികളെ എഐ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനസൗകര്യമായി കൂടി കാണേണ്ടതുണ്ടെന്നും അദാനി വ്യക്തമാക്കി. പ്രസംഗത്തിന്റെ സമാപനത്തിൽ കെയർ എഡ്ജ് ഗ്രൂപ്പ് നേതൃത്വത്തിന് മുന്നിൽ നേരിട്ടുള്ള വെല്ലുവിളിയാണ് അദാനി ഉയർത്തിയത്.
ഏകീകൃത പ്ലാറ്റ്ഫോം അടിസ്ഥാനസൗകര്യത്തിനായി ലോകത്തിലെ ആദ്യത്തെ സമഗ്രമായ ക്രെഡിറ്റ് ഫ്രെയിംവർക്ക് ഇന്ത്യയിൽ നിന്നുതന്നെ എന്തുകൊണ്ട് രൂപപ്പെടരുതെന്നും അതിന് കെയർ എഡ്ജ് നേതൃത്വം നൽകിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു. ബഹുമുഖമായ അടിസ്ഥാനസൗകര്യ പദ്ധതികളെ വിലയിരുത്തുകയും, ആവാസവ്യവസ്ഥാ ഗുണിതഫലങ്ങളും അനുബന്ധ മേഖലകളിൽ നിന്നുള്ള അധിക മൂല്യവും കണക്കിലെടുക്കുകയും ചെയ്യുന്ന സംവിധാനമായിരിക്കും ഈ നിർദേശിച്ച ഫ്രെയിംവർക്ക്. ഇന്ത്യയിൽ വികസിപ്പിച്ചാൽ ലോകമെമ്പാടുമുള്ള വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്ക് ഒരു മാനദണ്ഡമായി ഇത് മാറാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ കുറഞ്ഞ നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നോ റേറ്റിങ് സ്ഥാപനങ്ങളുടെ സ്വതന്ത്ര നിലപാട് വിട്ടുവീഴ്ച ചെയ്യണമെന്നോ അല്ല തന്റെ നിർദേശത്തിന്റെ അർത്ഥമെന്ന് ഗൗതം അദാനി വ്യക്തമാക്കി. നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ പ്രായോഗികമല്ലാത്ത പദ്ധതികൾക്ക് അംഗീകാരം നൽകാനോ ഞാൻ ആവശ്യപ്പെടുന്നില്ല. ദേശീയതലത്തിലുള്ള പ്ലാറ്റ്ഫോമുകളുടെ വളർച്ചാ ശക്തി തിരിച്ചറിയുന്ന ചലനാത്മക മാതൃകകൾ വികസിപ്പിക്കാൻ നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്' അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിലെ അനുഭവം പരാമർശിച്ചുകൊണ്ട്, നിർമിച്ച പദ്ധതികളുടെ യഥാർഥ മൂല്യം സാമ്പത്തിക കണക്കുകളിൽ മാത്രം പ്രതിഫലിക്കില്ലെന്നും ഗൗതം അദാനി പറഞ്ഞു. യഥാർഥ അളവുകോൽ രൂപാന്തരപ്പെട്ട ജീവിതങ്ങളിലാണ്. ഒരു റേറ്റിങ് ഒരു അക്ഷരമോ അക്കമോ മാത്രമല്ല. അത് വിശ്വാസത്തിന്റെ വിലയിരുത്തലാണ്' എന്നും ഗൗതം അദാനി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications
