ഐഐടിഎഫ് 2026; 4 പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ വ്യാപാര-സംരംഭകത്വ പൈതൃകത്തിന്റെ വേദി
ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന വ്യാപാരമേളകളിലൊന്നായ ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയുടെ (ഐഐടിഎഫ്- ഇന്ത്യൻ ഇന്റർനാഷണൽ ട്രേഡ് ഫെസ്റ്റിവൽ) 45ാം പതിപ്പ് നവംബർ 13 മുതൽ 27 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള 2026 സംഘടിപ്പിക്കുന്നത്.
'വികാസ് ഔർ വിരാസത്' എന്നതാണ് ഇത്തവണത്തെ പ്രമേയം. വികസനവും പൈതൃകവും ഒരുമിച്ച് അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങൾ, തദ്ദേശീയ ഉൽപ്പന്നങ്ങൾ, കരകൗശല മേഖല എന്നിവയ്ക്കൊപ്പം ആധുനിക ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യ, നൂതന ആശയങ്ങൾ എന്നിവയ്ക്കും മേളയിൽ പ്രാധാന്യം ലഭിക്കും.

നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വ്യാപാര, വ്യവസായ മേഖലകളിലെ മാറ്റങ്ങൾക്ക് വേദിയാകുന്ന മേളയാണ് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള. ഉൽപ്പന്ന പ്രദർശനത്തിനൊപ്പം വ്യാപാര ബന്ധങ്ങൾ, വിപണി സാധ്യതകൾ, ഉൽപ്പന്ന പരിചയപ്പെടുത്തൽ, നിക്ഷേപ അവസരങ്ങൾ എന്നിവയ്ക്കുള്ള വേദിയായും മേള മാറിയിട്ടുണ്ട്.
സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ പവലിയനുകൾക്ക് പുറമെ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ചെറുകിട, ഇടത്തരം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും നിർമ്മാതാക്കളും കയറ്റുമതിക്കാരും കരകൗശല വിദഗ്ധരും രാജ്യാന്തര പ്രദർശകരും മേളയിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക വ്യവസായങ്ങൾ, തദ്ദേശീയ ഉൽപ്പന്നങ്ങൾ, നിക്ഷേപ സാധ്യതകൾ എന്നിവയും പവലിയനുകളിൽ അവതരിപ്പിക്കും.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പുതുതായി വളർന്നുവരുന്ന സ്ഥാപനങ്ങൾക്കും സ്വന്തം വിപണിക്ക് പുറത്തേക്ക് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനുള്ള അവസരമാണ് മേള നൽകുന്നത്. വസ്ത്രനിർമാണം, കരകൗശല ഉൽപ്പന്നങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഭക്ഷ്യസംസ്കരണം, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ സ്ഥാപനങ്ങൾ പങ്കെടുക്കും.
ഇന്ത്യയുടെ നിർമ്മാണ ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്തെ സംരംഭങ്ങൾക്ക് ആഗോള വിപണിയിലേക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ വഴി ലഭിക്കുന്ന വിപണി സാധ്യതകൾ ചെറുകിട, ഇടത്തരം സംരംഭങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മേളയിലൂടെ മുന്നോട്ടുവയ്ക്കും.
'വികാസ് ഔർ വിരാസത്' എന്ന പ്രമേയത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും സാംസ്കാരിക പൈതൃകവും ഒരേ വേദിയിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തലമുറകളിലൂടെ കൈമാറിയ അറിവും കരകൗശല പാരമ്പര്യവും തദ്ദേശീയ ഉൽപ്പന്നങ്ങളും ആധുനിക സാങ്കേതികവിദ്യയ്ക്കും നൂതന വ്യവസായങ്ങൾക്കുമൊപ്പം അവതരിപ്പിക്കും.
വ്യാപാരികൾക്ക് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിന് പുറമെ വാങ്ങുന്നവരുമായി നേരിട്ട് ബന്ധപ്പെടാനും വിപണി പ്രതികരണം മനസിലാക്കാനും പുതിയ വ്യാപാര പങ്കാളിത്തങ്ങൾ കണ്ടെത്താനും മേള അവസരമൊരുക്കും. രാജ്യാന്തര പ്രദർശകർക്കും ഇന്ത്യയിലെ വിവിധ മേഖലകളിലെ വ്യവസായ, ഉൽപ്പാദന, സംരംഭക ശേഷികൾ ഒരേ വേദിയിൽ പരിചയപ്പെടാൻ സാധിക്കും.
ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള 2026ൽ പങ്കെടുക്കുന്നതിനും സ്പോൺസർഷിപ്പ് നേടുന്നതിനുമുള്ള അവസരങ്ങൾ നിലവിൽ ലഭ്യമാണ്. പ്രദർശന വിഭാഗങ്ങൾ, നിരക്കുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ തുടങ്ങിയ വിവരങ്ങൾ ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.


Click it and Unblock the Notifications
