മുംബൈയിലെ 'ചിഞ്ച്‌പോക്ലി ചാ ചിന്താമണി' ആഘോഷം; ഇക്കുറി പ്രചോദനം ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്‌തു വിദ്യ
മുംബൈ: ഗണേശോത്സവത്തിന് മുന്നോടിയായി മുംബൈയിലെ ചരിത്രപ്രസിദ്ധമായ ചിഞ്ച്പോക്ലി സാർവജനിക് ഉത്സവ് മണ്ഡൽ 107-ാമത് ആഗമൻ സോഹ്ലാ ആഘോഷത്തിന് തുടക്കമായി. ശനിയാഴ്‌ച നടന്ന ഗണപതിയുടെ വരവേൽപ്പ് ചടങ്ങോടെ ലാൽബാഗ്-പരേൽ-ഗിരംഗാവ് മേഖലയിൽ ഗണേശോത്സവത്തിന്റെ ആവേശം ഉയർന്നു.
മുംബൈയിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള ഗണപതി മണ്ഡലങ്ങളിലൊന്നായ ചിഞ്ച്പോക്ലി സാർവജനിക് ഉത്സവ് മണ്ഡലത്തിന്റെ 'ചിഞ്ച്പോക്ലി ചാ ചിന്താമണി' എന്നറിയപ്പെടുന്ന ഗണപതി വിഗ്രഹത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ഭക്തരാണ് നഗരത്തിലെ തെരുവുകളിലെത്തിയത്. നഗരത്തിന്റെ പഴയ തുണിമിൽ മേഖലയിൽ ഢോൾ-താഷ വാദ്യങ്ങളുടെ താളവും 'ചിഞ്ച്പോക്ലി ചിന്താമണി ചാ വിജയ് അസോ' എന്ന മുദ്രാവാക്യവും മുഴങ്ങി. ഇതോടെ ചിന്താമണി ഗണപതിയുടെ 107-ാമത് വർഷത്തെ ആഘോഷങ്ങൾക്കും തുടക്കമായി.

ഓരോ വർഷവും വ്യത്യസ്‌തമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടുന്ന മണ്ഡൽ ഇത്തവണ ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്‌തുവിദ്യയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. തിരുമല തിരുപ്പതിയിലെ വെങ്കിടേശ്വര ബാലാജിയുടെ രൂപഭാവത്തിലാണ് ചിന്താമണി ഗണപതി വിഗ്രഹം ഒരുക്കിയിരിക്കുന്നത്. ഗരുഡൻ, കീർത്തിമുഖം, ശംഖ്, ചക്രം, കർപ്പൂര തിലകം തുടങ്ങിയ പരമ്പരാഗത പുണ്യചിഹ്നങ്ങളും വിഗ്രഹത്തിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഗ്രഹത്തിനൊപ്പമുള്ള പന്തലും ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ മനോഹാരിത പുനഃസൃഷ്‌ടിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെയും ഭുവനഗിരിയിലെയും ശ്രീ വെങ്കടേശ്വര ക്ഷേത്രം അഥവാ സ്വർണഗിരി ക്ഷേത്രത്തിന്റെ വാസ്‌തുവിദ്യയിൽ നിന്നാണ് പന്തലിന് പ്രചോദനം ലഭിച്ചത്. ഉയർന്ന ഗോപുരങ്ങൾ, വിശുദ്ധ ദീപസ്‌തംഭങ്ങൾ, യാളി അല്ലെങ്കിൽ വ്യാളി രൂപത്തിലുള്ള കാവൽ ശിൽപ്പങ്ങൾ എന്നിവ പന്തലിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഈ വർഷത്തെ കലാസൃഷ്ടികൾ വലിയ സർഗാത്മകതയോടെയാണ് രൂപകൽപ്പന ചെയ്‌തതെന്ന് മണ്ഡലിന്റെ പ്രസിഡന്റ് രാജേന്ദ്ര ദിച്ചോൽക്കർ പറഞ്ഞു. കഴിവുള്ള കലാകാരന്മാരുടെയും വിദഗ്‌ധരായ കരകൗശല തൊഴിലാളികളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് ആശയങ്ങളെ യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിന്താമണിയുടെ അനുഗ്രഹം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്ക് ഇത്തവണത്തെ പ്രമേയം പ്രത്യേക ആകർഷണമായിരിക്കുമെന്ന് മണ്ഡലിന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിലെ ചരിത്രപ്രസിദ്ധമായ തുണിമിൽ മേഖലയായ ഗിരംഗാവിൽ 1920ലാണ് ചിഞ്ച്പോക്ലി സാർവജനിക് ഉത്സവ് മണ്ഡൽ സ്ഥാപിതമായത്. നഗരത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലെ പ്രധാന ഘടകങ്ങളിലൊന്നായി മാറിയ മണ്ഡലിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാരമ്പര്യമുണ്ട്. തൊഴിലാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുള്ള ഗിരംഗാവിന്റെ സാമൂഹിക പശ്ചാത്തലവുമായി ചേർന്നാണ് ചിന്താമണി ഗണപതിയുടെ പാരമ്പര്യം വളർന്നത്. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി ചിന്താമണി ഗണപതിയെ ഭക്തർ കാണുന്നു. എല്ലാ വർഷവും നടക്കുന്ന ആഗമൻ സോഹ്ലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്.
ഈ വർഷത്തെ ഗണേശോത്സവ ആഘോഷങ്ങൾക്കായി ചിഞ്ച്പോക്ലി സാർവജനിക് ഉത്സവ് മണ്ഡൽ അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നുണ്ട്. ഗണേശോത്സവം ആരംഭിക്കാൻ ഇനി ഏകദേശം രണ്ടാഴ്‌ച ബാക്കിനിൽക്കെ മണ്ഡലിലും പന്തൽ പരിസരത്തും ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് രാവും പകലും പ്രവർത്തിച്ച് ഈ വർഷത്തെ ദക്ഷിണേന്ത്യൻ ക്ഷേത്ര പ്രമേയം യാഥാർഥ്യമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരെയും സന്നദ്ധ പ്രവർത്തകരെയും ആകർഷിക്കുന്ന തരത്തിൽ ഇത്തവണത്തെ ചിന്താമണി ഗണപതി ആഘോഷങ്ങൾ വിപുലമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


Click it and Unblock the Notifications
