റിലയൻസ് ഓഹരികളിൽ വൻ ഇടിവ്; അംബാനി കുടുംബത്തിന്റെ ഓഹരി മൂല്യത്തിൽ 21,200 കോടിയുടെ കുറവ്
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലുണ്ടായ ഇടിവിനെ തുടർന്ന് വ്യാഴാഴ്‌ച നിഫ്റ്റി 50 കനത്ത സമ്മർദത്തിലായി. റിലയൻസ് ഓഹരി ഏകദേശം 2.6 ശതമാനം ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 5 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. ഇതോടെ അംബാനി കുടുംബത്തിന്റെ റിലയൻസിലെ ഓഹരി മൂല്യത്തിൽ ഏകദേശം 21,200 കോടിയുടെ കുറവുണ്ടായതായാണ് റിപ്പോർട്ട്.
ബുധനാഴ്‌ചത്തെ 22,603 പോയിന്റിൽ നിന്ന് നിഫ്റ്റി 50 വ്യാഴാഴ്‌ച ഏകദേശം 384 പോയിന്റ് അഥവാ 1.7 ശതമാനം താഴ്ന്നു. നിഫ്റ്റിയിൽ റിലയൻസിന് ഏകദേശം 9 ശതമാനം നിക്ഷേപമുള്ളതിനാൽ ഓഹരിയിലുണ്ടായ ഇടിവ് സൂചികയിൽ ഏകദേശം 53 പോയിന്റിന്റെ കുറവിന് കാരണമായി. ദിവസത്തെ നിഫ്റ്റി ഇടിവിന്റെ ഏകദേശം ഏഴിലൊന്ന് റിലയൻസിന്റെ പ്രകടനം മൂലമാണെന്നാണ് കണക്ക്. ഭാരതി എയർടെൽ ഓഹരിയും താഴ്ന്നതോടെ നിഫ്റ്റിയിൽ ഏകദേശം 9 പോയിന്റിന്റെ അധിക സമ്മർദമുണ്ടായി.

ഇലോൺ മസ്‌കിന്റെ ആരോപണമാണ് റിലയൻസ് ഓഹരികളിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്നായത്. ഇന്ത്യയിലെ ചില പേരുവെളിപ്പെടുത്താത്ത വൻകിട വ്യവസായികൾ രാജ്യത്ത് സ്‌റ്റാർലിങ്കിന്റെ പ്രവർത്തനം തടയുകയാണെന്ന് ബുധനാഴ്‌ച മസ്‌ക് എക്‌സിലൂടെ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് മേലുള്ള കുത്തക നിയന്ത്രണം നിലനിർത്തുന്നതിനാണ് ചില വ്യവസായികൾ സ്‌റ്റാർലിങ്കിനെ തടയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ആരെയാണ് ഉദ്ദേശിച്ചതെന്ന് മസ്‌ക് വ്യക്തമാക്കിയില്ല.
മസ്‌കിന്റെ ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പ്രതികരിച്ചു. സ്‌റ്റാർലിങ്ക്, ജിയോ സാറ്റലൈറ്റ്, ഭാരതി പിന്തുണയ്ക്കുന്ന വൺവെബ് എന്നിവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇവയ്ക്ക് സുരക്ഷാ അനുമതി ഉൾപ്പെടെയുള്ള നടപടികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്‌റ്റാർലിങ്കുമായി ബന്ധപ്പെട്ട വിവാദം റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോം ഓഹരി വിപണിയിൽ പ്രവേശിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്ന സമയത്താണ് ഉണ്ടായത്. ജിയോ പ്ലാറ്റ്ഫോമിന്റെ മൂല്യം ഏകദേശം 11,400 കോടി ഡോളറായി കണക്കാക്കുന്ന രീതിയിൽ ഓഹരി വിപണിയിൽ പ്രവേശിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ കമ്പനി സമർപ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് 13,000 കോടി മുതൽ 17,000 കോടി ഡോളർ വരെയുള്ള മൂല്യനിർണയമാണ് ചർച്ചയായിരുന്നത്.
ജിയോയും എയർടെലും ചേർന്ന് ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളിൽ 80 ശതമാനത്തിലധികം പേർക്കും സേവനം നൽകുന്നുണ്ട്. റിലയൻസിലെ പ്രമോട്ടർ കുടുംബത്തിന്റെ ഏകദേശം 50.07 ശതമാനം ഓഹരി പങ്കാളിത്തം കണക്കിലെടുക്കുമ്പോഴാണ് വ്യാഴാഴ്‌ച ത്തെ ഇടിവിനെ തുടർന്ന് അംബാനി കുടുംബത്തിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം 21,200 കോടിയുടെ കുറവുണ്ടായത്.
അതേസമയം, റിലയൻസിന്റെ ഇടിവ് മാത്രമല്ല ഓഹരി വിപണിയെ ബാധിച്ചത്. റിസർവ് ബാങ്കിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, ബാരലിന് ഏകദേശം 104 ഡോളറിലെത്തിയ അസംസ്‌കൃത എണ്ണവില, വിദേശ നിക്ഷേപകരുടെ ഓഹരി വിൽപ്പന എന്നിവയും വിപണിയിൽ സമ്മർദം സൃഷ്‌ടിച്ചു.
സെൻസെക്‌സിലും നിരവധി വൻകിട കമ്പനികളുടെ ഓഹരികൾ താഴ്ന്നു. അദാനി എന്റർപ്രൈസസ്, ഐടിസി, അദാനി പോർട്‌സ്, ടൈറ്റൻ, പവർഗ്രിഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ഇൻഡിഗോ തുടങ്ങിയ ഓഹരികളിലും റിലയൻസിനേക്കാൾ വലിയ ശതമാന ഇടിവ് രേഖപ്പെടുത്തി.


Click it and Unblock the Notifications
