കേരള കൊക്കൂണിന് മുന്നോടിയായി കേരള പോലീസ് ആരംഭിച്ച പ്രീ-കൊക്കൂൺ പരിപാടികൾക്ക് ഇന്ന് തുടക്കം
കൊച്ചി: സൈബർ സുരക്ഷാ രംഗത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആഗോള ഒത്തുചേരലുകളിൽ ഒന്നായ 'കൊക്കൂൺ 2026' (c0c0n 2026) അന്താരാഷ്ട്ര കോൺഫറൻസിന് മുന്നോടിയായി കേരള പോലീസ് സംഘടിപ്പിക്കുന്ന പ്രീ-കോൺഫറൻസ് പരിപാടികൾക്ക് കൊച്ചിയിൽ തുടക്കമായി. കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയുന്നതിനുള്ള ദേശീയ നേതൃത്വ ശില്പശാലയായ 'പ്രോജക്ട് ലൈറ്റ് ഹൗസ് ഇന്ത്യ 2026', ആധുനിക കുറ്റാന്വേഷണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക വിനിയോഗം ലക്ഷ്യമിടുന്ന 'ഹാക്ക് ഫോർ പോലീസിങ്' (HAC'KP 2026), വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഡിജിറ്റൽ സുരക്ഷ മുൻനിർത്തിയുള്ള 'കിഡ് ഗ്ലൗവ്' (KidGlove) സംരംഭങ്ങൾ എന്നിവയാണ് ഈ മുന്നൊരുക്ക ദിനങ്ങളിൽ സമാന്തരമായി അരങ്ങേറുന്നത്.
രാജ്യത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ, ആഗോള കുറ്റാന്വേഷണ ഏജൻസികളുടെ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, നയരൂപീകരണ പ്രവർത്തകർ, അക്കാദമിക് പ്രതിഭകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തിയാണ് കേരള പോലീസിന്റെ ചരിത്രപരമായ ഈ മുന്നേറ്റം.

ഈ ചടങ്ങിലേക്ക് ബഹുമാനപെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല അവർകൾ, ബഹുമാനപെട്ട തൃപ്പുണിത്തുറ എംഎൽഎ ശ്രീ ദീപക് ജോയ്, ബഹുമാനപെട്ട സംസ്ഥാന പോലീസ് മേധാവി ശ്രീ റവാഡ ചന്ദ്രശേഖർ IPS , സംസ്ഥാന വിജിലൻസ് മേധാവി ശ്രീ മനോജ് എബ്രഹാം IPS, ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീ പി വിജയൻ IPS, കൊച്ചി പോലീസ് കമ്മീഷണർ ശ്രീ കാളീരാജ് മഹേഷ് കുമാർ IPS, സൈബർ ഓപ്പറേഷൻസ് IG ശ്രീ പി പ്രകാശ് IPS, റേഞ്ച് DIG ശ്രീ യതീഷ് ചന്ദ്ര എന്നിവർ പങ്കെടുക്കുന്നു.
പരിപാടികളുടെ വിശദാംശങ്ങൾ
HAC'KP 2026 റസിഡൻഷ്യൽ ബൂട്ട് ക്യാമ്പ് ആരംഭം ഒക്ടോബർ 5 - 8, 2026
കൊച്ചി ക്രൗൺ പ്ലാസയിൽ 50 മികച്ച സാങ്കേതിക പ്രതിഭകൾ പങ്കെടുക്കുന്ന 4 ദിവസത്തെ തീവ്ര പ്രൊഡക്ട് ഡെവലപ്മെന്റ് ക്യാമ്പ്.
പ്രോജക്ട് ലൈറ്റ് ഹൗസ് ഇന്ത്യ 2026 ഒക്ടോബർ 6 - 7, 2026
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കായി സിഎസ്ഇഎ തടയാൻ ആഗോള വിദഗ്ധർ നയിക്കുന്ന ദ്വിദിന സ്ട്രാറ്റജിക് ലീഡർഷിപ്പ് കോൺക്ലേവ്.
കിഡ് ഗ്ലൗവ് മോഡൽ യുഎൻ (MUN 2026) ഒക്ടോബർ 7, 2026
കടവന്ത്ര ടോക് എച്ച് പബ്ലിക് സ്കൂളിൽ 175 തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പ്രതിനിധികൾ പങ്കെടുക്കുന്ന രാജ്യാന്തര മാതൃകയിലുള്ള ഡിജിറ്റൽ സംവാദം.
കിഡ് ഗ്ലൗവ് സമ്മിറ്റ് 2026 ഒക്ടോബർ 8, 2026
കൊച്ചി ലേ മെറിഡിയനിൽ 1,500 പ്രതിനിധികളും 600 വിദ്യാർത്ഥികളും പങ്കെടുക്കുന്ന സംസ്ഥാനതല ഉച്ചകോടിയും എക്സ്പീരിയൻസ് സോണുകളും.
1. 'പ്രോജക്ട് ലൈറ്റ് ഹൗസ് ഇന്ത്യ 2026': കുട്ടികൾക്കെതിരായ സൈബർ ചൂഷണങ്ങൾക്ക് കടിഞ്ഞാണിടാൻ ദേശീയ കമാൻഡ് ശൃംഖല
സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ ദുരുപയോഗം ചെയ്തുകൊണ്ട് കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ (Technology-facilitated Child Sexual Exploitation and Abuse - CSEA) ആഗോളതലത്തിൽ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള 'ഇൻ ടു ദി ലൈറ്റ്' (Into the Light) സൂചിക പ്രകാരം പ്രതിവർഷം 30 കോടിയിലധികം കുട്ടികൾ ഇത്തരം ഡിജിറ്റൽ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. ദക്ഷിണേഷ്യൻ മേഖല കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളുടെ (CSAM) പ്രധാന പ്രചാരണ കേന്ദ്രമായി മാറുന്നുവെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് കേരള പോലീസ് ഈ മുൻകൈയെടുക്കുന്നത്.
തായ്വേരുകൾ അതിർത്തികൾ കടന്നു കിടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ പ്രാദേശിക തലത്തിലുള്ള സാധാരണ പോലീസ് അന്വേഷണങ്ങൾ കൊണ്ട് മാത്രം പ്രതിരോധിക്കാനാവില്ല. ഇതിന് നയപരമായ കാഴ്ചപ്പാടും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ തന്ത്രപ്രധാനമായ ഏകോപനവും അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെയാണ് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്കായി രണ്ടു ദിവസത്തെ 'പ്രോജക്ട് ലൈറ്റ് ഹൗസ്' രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന IPS ഉദ്യോഗസ്ഥർ ആണ് ഇതിൽ പങ്കെടുക്കുന്നത്.
പ്രധാന മുൻഗണനാ മേഖലകൾ
ഭീഷണി വിശകലനവും പ്രതികളുടെ പ്രൊഫൈലിംഗും (Threat Assessment & Offender Profiling): ആഗോള തലത്തിലെ കുറ്റകൃത്യ രീതികളെ പ്രാദേശിക സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള വിലയിരുത്തൽ. സാഹചര്യവശാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും (situational offenders), മുൻകൂട്ടി പദ്ധതിയിട്ട് കുട്ടികളെ ഇരയാക്കുന്നവരും (preferential offenders), ഓൺലൈനിൽ മാത്രം ഒതുങ്ങുന്നവരും നേരിട്ട് ചൂഷണം നടത്തുന്നവരുമായ കുറ്റവാളികളുടെ മനശാസ്ത്രപരവും സാങ്കേതികവുമായ പ്രൊഫൈലിംഗ്.
നൂതന സാങ്കേതികവിദ്യകളുടെ വിന്യാസം: പരമ്പരാഗത തെളിവെടുപ്പ് രീതികൾ എൻക്രിപ്ഷനും ഡീപ്ഫേക്കുകൾക്കും മുന്നിൽ പരാജയപ്പെടുന്നിടത്ത്, ഫോട്ടോ ഡി.എൻ.എ (PhotoDNA), ഡീപ്ഫേക്ക് ഫോറൻസിക് ടൂളുകൾ, ക്രിപ്റ്റോകറൻസി ഫിനാൻഷ്യൽ ട്രേസിംഗ്, ഡാർക്ക് വെബ് നെറ്റ്വർക്കുകളെ തകർക്കാനുള്ള ഓപ്പൺ സോഴ്സ് ഇന്റലിജൻസ് (OSINT) എന്നിവ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രായോഗിക മാർഗ്ഗരേഖ നൽകുന്നു.
ദേശീയ വിക്റ്റിം ഐഡന്റിഫിക്കേഷൻ ഡാറ്റാബേസ്
(NVID): സംസ്ഥാനങ്ങളുടെ അതിർത്തികൾ കാരണം അന്വേഷണങ്ങൾ മുടങ്ങിപ്പോകുന്നത് ഒഴിവാക്കാൻ കേരള പോലീസ് നിർദ്ദേശിക്കുന്ന നിർമ്മിത ബുദ്ധി അധിഷ്ഠിത കേന്ദ്രീകൃത ഡാറ്റാബേസ്. ഇത് ഇന്റർപോളിന്റെ അന്താരാഷ്ട്ര ഡാറ്റാബേസുമായി (ICSE) നേരിട്ട് ബന്ധിപ്പിക്കുന്നതോടെ, ആഗോള ഇന്റലിജൻസ് ശൃംഖലയുടെ പൂർണ്ണ പിന്തുണ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് ലഭിക്കും.
നിയമപരമായ പരിഷ്കാരങ്ങൾ: നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന ലൈംഗിക ദൃശ്യങ്ങൾ (AI-generated CSAM) തെളിവായി കോടതിയിൽ ഹാജരാക്കുന്നതിലെ നിയമപരമായ വിടവുകൾ നികത്താനും കൃത്യമായ ലീഗൽ പ്രോട്ടോക്കോൾ തയ്യാറാക്കാനും സെഷനുകൾ വഴിയൊരുക്കും.
അന്വേഷണ ഉദ്യോഗസ്ഥരുടെ ക്ഷേമം (Investigator Welfare): ക്രൂരമായ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും നിരന്തരം പരിശോധിക്കേണ്ടി വരുന്ന അന്വേഷണ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദവും ട്രോമയും ലഘൂകരിക്കുന്നതിനുള്ള മാനസികാരോഗ്യ പിന്തുണയും വെൽഫെയർ പ്രോട്ടോക്കോളുകളും ചർച്ച ചെയ്യപ്പെടും.
ഓപ്പറേഷൻ പി-ഹണ്ടിന്റെയും കേരള പോലീസിന്റെയും കരുത്ത്
കേരള പോലീസിന്റെ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ (CCSE) സെന്റർ ആവിഷ്കരിച്ച 'ഓപ്പറേഷൻ പി-ഹണ്ട്' രാജ്യത്തിന് തന്നെ മാതൃകയായ മുന്നേറ്റമാണ്:
പ്രധാന വിവരങ്ങൾ കണക്കുകൾ
രജിസ്റ്റർ ചെയ്ത കേസുകൾ - 2,305
അറസ്റ്റിലായ പ്രതികൾ -384
പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ - 4,484
വിക്റ്റിം ഐഡന്റിഫിക്കേഷൻ ടാസ്ക് ഫോഴ്സ് (VIDTF) c0c0n 2025-ൽ തുടക്കം കുറിച്ചു
ആഗോള വിദഗ്ധരുടെ നേതൃത്വം
കേരള പോലീസ് മേധാവി ഡി.ജി.പി മനോജ് എബ്രഹാം, സൈബർഡോം സാരഥിയായിരുന്ന ഐ.ജി പി. പ്രകാശ്, എസ്.പി അങ്കിത് അശോകൻ എന്നിവർക്കൊപ്പം ആഗോള തലത്തിലെ പ്രമുഖരാണ് ശില്പശാല നയിക്കുന്നത്:
പ്രൊഫ. പോൾ ഗ്രിഫിത്സ്: ഇന്റർപോൾ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് മുൻ ചെയർമാൻ.
കെൽവിൻ ലേ: ഡയറക്ടർ, ചൈൽഡ് ലൈറ്റ് സി-ടാപ് (Childlight C-TAP).
ബ്രീ ആറ്റ്കിൻസൺ: സി.ഇ.ഒ, പാത്ത്ഫൈൻഡർ ലാബ്സ് / കിൻഡ്രഡ് ടെക് (പാരഡൈം പ്ലാറ്റ്ഫോം ഡെവലപ്പർ).
മാർട്ടിൻ ജെയിംസ്: യുകെ ഹോം ഓഫീസ് CAID ടീം പ്രതിനിധി.
നയ-നിയമ വിദഗ്ധർ: മേഘ്ന ബാൽ (എസ്സ്യ സെന്റർ), പ്രേരണ ദീപ് (സുപ്രീം കോടതി / ചൈൽഡ് ലൈറ്റ്), അപരാജിത ഭാരതി (ദി ക്വാണ്ടം ഹബ്), ഡോ. ലോറ കരോലിൻ വുഡ് (വിറ്റ ഫൗണ്ടേഷൻ).
2. HAC'KP 2026: 'ഏജന്റിക് എ.ഐ' വഴി തെളിവുകളിൽ നിന്ന് കുറ്റാന്വേഷണ ഇന്റലിജൻസിലേക്ക്
കേരള പോലീസ് സൈബർഡോമിന്റെ അഭിമാനകരമായ ദേശീയ ഹാക്കത്തോൺ സംരംഭമായ HAC'KP (ഹാക്ക് ഫോർ പോലീസിങ്)-ന്റെ ഏഴാം പതിപ്പിന് ഇന്ന് തുടക്കമായി. പരമ്പരാഗത കോഡിംഗ് മത്സരങ്ങളിൽ നിന്ന് മാറി, യഥാർത്ഥ പോലീസ് വെല്ലുവിളികൾക്ക് പൂർണ്ണമായ സാങ്കേതിക പരിഹാരം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
പ്രമേയവും പ്രവർത്തനരീതിയും
"അന്വേഷണങ്ങൾക്കായി ഏജന്റിക് എ.ഐ - തെളിവുകളിൽ നിന്ന് രഹസ്യാന്വേഷണത്തിലേക്ക്" (Agentic AI for Investigations - From Evidence to Intelligence): വലിയ തോതിലുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താൻ ഒരൊറ്റ എ.ഐ ടൂളിന് സാധിക്കില്ല. വിവരങ്ങൾ ശേഖരിക്കാനും, അവ വിശകലനം ചെയ്യാനും, വ്യത്യസ്ത തെളിവുകൾ പരസ്പരം കോർത്തിണക്കാനും സഹായിക്കുന്ന ഒന്നിലധികം എ.ഐ ഏജന്റുകളെയും ടൂളുകളെയും എങ്ങനെ കൃത്യമായ മനുഷ്യ മേൽനോട്ടത്തോടെ (Human-in-the-loop) ഏകോപിപ്പിക്കാമെന്നാണ് HAC'KP 2026 പരിശോധിക്കുന്നത്.
ആശയം മുതൽ പ്രായോഗിക വിന്യാസം വരെ (Idea → Prototype → Product → Potential Deployment): വെറുമൊരു പ്രൊജക്റ്റ് അവതരണത്തിൽ ഒതുങ്ങാതെ, പോലീസ് സേനയ്ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന സമ്പൂർണ്ണ സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ഘടനാപരമായ രൂപരേഖയാണ് ഇതിനുള്ളത്.
നാൾവഴികളും റെസിഡൻഷ്യൽ ബൂട്ട് ക്യാമ്പും
ഇന്ത്യയൊട്ടാകെ നിന്ന് ലഭിച്ച 1,100-ലധികം എൻട്രികളിൽ നിന്ന് 6 സംസ്ഥാനങ്ങളിലെ 11 വേദികളിലായി നടന്ന കഠിനമായ റീജിയണൽ പിച്ചിംഗുകളിലൂടെയാണ് പ്രതിഭകളെ തെരഞ്ഞെടുത്തത്. അന്തിമ ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 50 മികച്ച ഇന്നൊവേറ്റർമാർ ഒക്ടോബർ 5 മുതൽ 8 വരെ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന റസിഡൻഷ്യൽ ബൂട്ട് ക്യാമ്പിൽ മാറ്റുരയ്ക്കുന്നു.
പോലീസ് ഉദ്യോഗസ്ഥർ, സാങ്കേതിക രംഗത്തെ മെന്റർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രൊഡആക്ട് റിഫൈൻമെന്റ്, സിസ്റ്റം ഇന്റഗ്രേഷൻ, ടെസ്റ്റിംഗ്, ജൂറി ഇവാലുവേഷൻ എന്നിവ പൂർത്തിയാക്കും.
സമ്മാനത്തുകയും ഫിനാലെയും: മികച്ച കണ്ടെത്തലുകൾക്കായി 10 ലക്ഷം രൂപയുടെ പ്രൈസ് പൂൾ ഒരുക്കിയിട്ടുണ്ട്. വിജയികളെ അന്താരാഷ്ട്ര സൈബർ സുരക്ഷാ കോൺഫറൻസായ c0c0n 2026-ന്റെ പ്രധാന വേദിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അവർ വികസിപ്പിച്ച ടൂളുകൾക്ക് ദേശീയ തലത്തിൽ അംഗീകാരം നൽകുകയും ചെയ്യും.
3. 'കിഡ് ഗ്ലൗവ്' (KidGlove): ഭയമില്ലാത്ത ഡിജിറ്റൽ തലമുറയ്ക്കായി സമഗ്ര ശിശുകേന്ദ്രീകൃത സംരംഭം
സൈബർ സുരക്ഷ എന്നത് മുതിർന്നവരുടെയോ നിയമപാലകരുടെയോ മാത്രം കാര്യമല്ല, മറിച്ച് ഡിജിറ്റൽ ലോകത്ത് വളരുന്ന കുട്ടികൾക്ക് സ്വയം പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കുകയാണ് പ്രധാനം എന്ന തിരിച്ചറിവിലാണ് കേരള പോലീസ് 'കിഡ് ഗ്ലൗവ്' പദ്ധതി നടപ്പിലാക്കുന്നത്.
സ്കൂളുകളിൽ പരമ്പരാഗതമായി നടത്തുന്ന പ്രസംഗ ക്ലാസുകൾക്ക് പകരം, കുട്ടികൾ നേരിട്ട് പങ്കാളികളാകുന്ന ആക്റ്റിവിറ്റി അധിഷ്ഠിത രീതിയാണ് പദ്ധതിയുടെ സവിശേഷത. ഡിസിആർസി (DCRC), ഡി-ഡാഡ് (D-DAD), കൂട്ട് (KOOTTU) തുടങ്ങിയ പദ്ധതികളിലെ കൗൺസിലർമാരെയും സോഷ്യൽ വർക്കർമാരെയും 'ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്' (ToT) വഴി സജ്ജമാക്കിയാണ് ക്ലാസുകൾ നയിക്കുന്നത്. ഇതിനകം സംസ്ഥാനത്തെ സ്കൂളുകളിൽ ആയിരത്തിലധികം ബോധവൽക്കരണ ക്ലാസുകൾ പൂർത്തിയായി.
കിഡ് ഗ്ലൗവ് മോഡൽ യുഎൻ 2026 (MUN) - ഒക്ടോബർ 7
ഉച്ചകോടിക്ക് മുന്നോടിയായി ഒക്ടോബർ 7-ന് കടവന്ത്ര ടോക് എച്ച് (ToC H) പബ്ലിക് സ്കൂളിൽ വെച്ച് പ്രത്യേക മോഡൽ യുണൈറ്റഡ് നേഷൻസ് നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 175 വിദ്യാർത്ഥി പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്.
പ്രധാന അജണ്ടകൾ:
സൈബർ ഭരണം (Cyber Governance)
ഡിജിറ്റൽ അവകാശങ്ങളും സുരക്ഷയും (Digital Rights & Safety)
നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഭീഷണികളും (AI & Ethics)
കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ തടയൽ
നയതന്ത്രപരമായ ചർച്ചകളിലൂടെയും യു.എൻ മാതൃകയിലുള്ള പ്രമേയങ്ങളിലൂടെയും നയരൂപീകരണത്തിൽ കുട്ടികളുടെ ശബ്ദം അടയാളപ്പെടുത്താൻ ഇത് വേദിയൊരുക്കും.
കിഡ് ഗ്ലൗവ് സമ്മിറ്റ് 2026 - ഒക്ടോബർ 8
കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന പ്രധാന ഉച്ചകോടിയിൽ 600 സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 1,500-ലധികം പ്രതിനിധികൾ പങ്കെടുക്കും. ഒരേസമയം മൂന്ന് സമാന്തര വേദികളായാണ് (Parallel Tracks) പരിപാടി ക്രമീകരിച്ചിരിക്കുന്നത്:
വിദ്യാർത്ഥികളുടെ വേദി (Student Track): ഡീപ്ഫേക്കുകൾ, ഇമേജ് അധിഷ്ഠിത ദുരുപയോഗങ്ങൾ, സൈബർ ബുള്ളിയിംഗ്, ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ, സ്വകാര്യത, സുരക്ഷിതമായ ഓൺലൈൻ സൗഹൃദങ്ങൾ എന്നിവ വിദ്യാർത്ഥികൾ തന്നെ ചർച്ച ചെയ്യും.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും വേദി (Parents & Educators Track): നിർമ്മിത ബുദ്ധിയും റോബോട്ടിക്സും വീടുകളിലും ക്ലാസ് മുറികളിലും വരുത്തുന്ന മാറ്റങ്ങൾ, ഡിജിറ്റൽ പാരന്റിംഗ്, ഓൺലൈൻ പ്രെഡേറ്റർമാരെ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ, കുട്ടികളുടെ മാനസിക ക്ഷേമം.
പോലീസ് - നയരൂപീകരണ വിദഗ്ധരുടെ വേദി (Police & Policymakers Track): സോഷ്യൽ പോലീസിങ്, സി.എസ്.എ.എം (CSAM) തടയൽ, കുട്ടികളുടെ നിയമപരമായ അവകാശങ്ങൾ, സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങൾ.
എക്സ്പീരിയൻസ് സോണുകളും വിദ്യാർത്ഥി നേതൃത്വവും
പുസ്തക അറിവുകൾക്കപ്പുറം കുട്ടികൾക്ക് സാങ്കേതികവിദ്യ നേരിട്ട് തൊട്ടറിയാൻ ഉച്ചകോടിയിൽ പ്രത്യേക എക്സ്പീരിയൻസ് സോണുകൾ ഉണ്ടായിരിക്കും:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ് പ്രദർശനങ്ങൾ
റോബോട്ടിക്സ് ലാബുകൾ
എത്തിക്കൽ ഹാക്കിംഗ് & സൈബർ ചലഞ്ചുകൾ
ഡിജിറ്റൽ ഫോറൻസിക്സ് ടൂളുകളുടെ പ്രവർത്തനം
സ്കൂളുകളിൽ നിരന്തരമായ അവബോധം നിലനിർത്താൻ വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൈബർ ക്യാപ്റ്റൻമാർ, കൂട്ടുകാരുടെ മാനസിക സംഘർഷങ്ങൾക്ക് തുണയാകുന്ന മെന്റൽ ഹെൽത്ത് ഫസ്റ്റ് റെസ്പോണ്ടർമാർ (MHFR) എന്നിവരും ഈ ഉച്ചകോടിയിലൂടെ സജ്ജരാകും.


Click it and Unblock the Notifications
