ആവശ്യമെങ്കില്‍ കായികപരമായ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് ട്രോള്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പോലീസ് തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ വര്‍ദ്ധന കാല്‍ ലക്ഷം കവിഞ്ഞ ദിവസം കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ട്രോള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
ട്രോളിലൂടെ പോലീസ് പറഞ്ഞ കാര്യത്തെ ശരിക്കും 'കൈകാര്യം' ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ഒടുവില്‍ ഇതിന് കേരള പോലീസ് തന്നെ മറുപടി പറയേണ്ട സ്ഥിതിയും വന്നു. വിശദാംശങ്ങള്‍ നോക്കാം...

മാമനോടൊന്നും തോന്നല്ലേ...
'ഇപ്പോഴും മാസ്‌ക് ഇടാതേയും താടിയ്ക്ക് മാസ്‌ക് വച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരേയും കറങ്ങാനിറങ്ങുന്നവരേയും ശ്രദ്ധയില്‍ പെടുന്നുണ്ട്.
അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും ഞങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നത്.' - ഇങ്ങനെ ആയിരുന്നു കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ വന്ന ട്രോള്‍. ഇനിയും പിടിച്ചില്ലേല്‍ കൈയ്യേല്‍നിക്കത്തില്ല, അതോണ്ടാ... മാമനോട് ഒന്നും തോന്നല്ലേ- എന്ന കുറിപ്പോയെ ആയിരുന്നു ഇത് പോസ്റ്റ് ചെയ്തത്.

സിനിമാ ഡയലോഗ്
അടുത്തിടെ റിലീസ് ചെയ്ത ഫഹദ് ഫാസില്‍ - ദിലീഷ് പോത്തന്‍ സിനിമയായ ജോജിയിലെ ഹിറ്റ് ഡയലോഗുമായി ചേര്‍ത്താണ് ഈ ട്രോള്‍. സിനിമയില്‍ ബാബുരാജ് അവതരിപ്പിച്ച കഥാപാത്രം ആണ് 'നിയമപരമായും കായികമായും നേരിടും' എന്ന ഡയലോഗ് പറയുന്നത്.

'കായികം' പ്രശ്‌നമായി
ട്രോളിലെ 'ആവശ്യമെങ്കില്‍ കായികപരമായും ഞങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്' എന്ന ഭാഗമാണ് പ്രശ്‌നമായത്. കൊവിഡ് ആദ്യ ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ പോലീസ് അതിക്രമങ്ങളും വ്യാപമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും വഴിവച്ചിരുന്നു.

അതിന് എന്ത് അധികാരം
കായികമായി നേരിടാന്‍ പോലീസിന് എന്ത് അധികാരമാണുള്ളത് എന്നാണ് പലരും ചോദിക്കുന്നത്. നിയമപരമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്ന് പോലീസിന് അറിയില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും ട്രോള്‍ വന്നതോടെ കേരള പോലീസിന്റെ പേജ് വീണ്ടും സജീവമായി.

അതേ നാണയത്തില്‍
'ജോജി' സിനിമയില്‍ ബാബുരാജ് പറയുന്ന മറ്റൊരു ഡയലോഗ് പരിഷ്‌കരിച്ചു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകയായ ഷാഹിന നഫീസ കേരള പോലീസിന് മറുപടി നല്‍കിയത്. 'ഭരണഘടന ണ് സാറേ ഞങ്ങടെ മാനുല്‍. കായികം ഒക്കെ അങ്ങ് കൈയ്യില്‍ തന്നെ വച്ചാല്‍ മതി. അയ്യട' - ഇങ്ങനെ ആയിരുന്നു ആ കമന്റ്.

തിരഞ്ഞെടുപ്പ് കാലത്ത് എവിടെ ആയിരുന്നു
ഇപ്പോള്‍ ഇങ്ങനെ പറയുന്ന കേരള പോലീസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് എവിടെ ആയിരുന്നു എന്നാണ് മറ്റ് ചിലരുടെ ചോദ്യം. അന്ന് മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ ഇങ്ങനെ പറയുന്നത് ഇരട്ടത്താപ്പാണെന്നാണ് ഇവരുടെ ആക്ഷേപം.

'മീം കണക്ട് ചെയ്യാന്‍'
നിലവിലെ സാഹചര്യത്തിന്റെ തീവ്രത വ്യക്തമാക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ബോധവത്കരണം എന്ന നിലയ്ക്കുമാണ് ഈ പോസ്റ്റ്. പോസ്റ്റിന് ഉപയോഗിച്ചിട്ടുള്ള മീം കണക്ട് ആകുന്നതിനാണ് 'കായികപരമായി' എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. നെഗറ്റീവ് പറയാന്‍ എന്ത് കിട്ടും എന്ന് നോക്കിയിരിക്കുന്നവര്‍ക്ക് ഇനിയും പറയാം'- ഒടുവില്‍ വിവാദത്തിന് ആ പോസ്റ്റിന് താഴെ തന്നെ മറുപടിയുമായി കേരള പോലീസ് എത്തി.

പിന്തുണച്ച് ഏറെ പേര്‍
കായികമായി അല്‍പം നടപടി എടുത്താലും തെറ്റില്ലെന്ന് പറയുന്ന ഒരു വിഭാഗവും ഉണ്ട്. മലയാളികള്‍ക്ക് അല്‍പം പേടി വന്നാല്‍ മാത്രമേ കൊവിഡ് പ്രോട്ടോകോള്‍ എല്ലാം പാലിക്കു എന്നാണ് ഇവരുടെ പക്ഷം. അതിന് പോലീസ് അല്‍പം രൂക്ഷമായി ഇടപെട്ടാലും കുഴപ്പമില്ലത്രെ.

വലിയ വിമര്‍ശനം തന്നെ
കായികമായി നേരിടും എന്ന് പറയുന്നത് സാധാരണക്കാര്‍ക്ക് മാത്രം ബാധകമായിരിക്കുമല്ലേ എന്നാണ് മറ്റുചിലരുടെ പരിഹാസം. കായികമായി നേരിടല്‍ മാത്രമാണ് പോലീസ് മാമന് ആകെ അറിയാവുന്ന പണി എന്നും പരിഹസിക്കുന്നവരുണ്ട്.

മറുപടിയില്‍ തീരില്ല
എന്തായാലും ഈ ചര്‍ച്ചകള്‍ വെറും ഒരു ട്രോളില്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. മീം കണക്ട് ചെയ്യാന്‍ ആണെങ്കിലും കായികമായി നേരിടും എന്ന് പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറഞ്ഞത് ഗൗരവമായിത്തന്നെ ആണ് പൊതുസമൂഹം കാണുന്നത്.












Click it and Unblock the Notifications