തന്റെ കണങ്കാലുപോലും നനഞ്ഞിട്ടില്ല... ഡിവൈഎഫ്ഐയുടെ പ്രചാരണങ്ങളെ പൊളിച്ചടുക്കി അഡ്വ. ജയശങ്കർ...
കൊച്ചി: കേരളം മുഴുവൻ പ്രളയത്തിൽ മുങ്ങിയപ്പോൾ അഡ്വക്കേറ്റ് ജയശങ്കറിന്റ ആലുവയിലെ വീട്ടിൽ വെള്ളം കയറിയിരുന്നു. ഡിവൈഎഫ്ഐക്കാർ അദ്ദേഹത്തെ രക്ഷപെടുത്തി ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എപ്പോഴും അദ്ദേഹം കുറ്റപ്പെടുത്താറുള്ള ഡിവൈഎഫ്ഐക്കാർ തന്നെ വേണ്ടി വന്നു ഒടുവിൽ ജീവൻ രക്ഷപെടുത്താൻ എന്ന രീതിയിലായിരുന്നു പ്രചരണം. എന്നാൽ അഡ്വക്കേറ്റ് ജയശങ്കർ തന്നെ പ്രചാരണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
വെള്ളം കയറി തുടങ്ങിയപ്പോൾ തന്നെ ആലുവയിൽ നിന്നും എറണാകുളത്തേയ്ക്ക് മാറിയിരുന്നെന്നും തന്റെ കണങ്കാൽ പോലും വെള്ളപ്പൊക്കത്തിൽ നനഞ്ഞില്ലെന്നും ജയശങ്കർ പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലായിരുന്നു സോഷ്യൽ മീഡിയ പ്രചാരണത്തെ ജയശങ്കർ പൊളിച്ചടുക്കിയത്.

എറണാകുളത്തേയ്ക്ക്
ആലുവയിലെ വീടും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു. പക്ഷെ വെള്ളം പൊങ്ങിത്തുടങ്ങിയപ്പോൾ തന്നെ എറണാകുളത്തേയ്ക്ക് മാറിയിരുന്നു. അതുകൊണ്ട് എന്റെ കൈപിടിച്ച് രക്ഷിക്കാനുള്ള അവസരം ഡിവൈഎഫ്ഐക്കാർക്കും കിട്ടിയില്ല, എഐവൈഎഫ് കാർക്കും കിട്ടിയില്ല, യൂത്ത് കോൺഗ്രസുകാർക്കും കിട്ടിയില്ല എന്നതാണ് സത്യമെന്ന് ജയശങ്കർ പറഞ്ഞു.

കാക്കത്തൊള്ളായിരം തള്ളുകൾ
ഡി വൈ എഫ് ഐക്കാരുടെ കാക്കത്തൊള്ളായിരം തള്ളുകളിൽ ഒരു തള്ളായി ഇതിനെ കൂട്ടിയാൽ മതി. എട്ടുകാലി മമ്മൂഞ്ഞിന്റെ വംശപരമ്പരയിൽപെട്ട ഒരുപാട് ഡിവൈഎഫ്ഐക്കാർ നമ്മുടെ നാട്ടിലുണ്ട്. നെടുമ്പാശ്ശേരി ഏരിയ സെക്രട്ടറിയോ, എറണാകുളം ജില്ലാ സെക്രട്ടറിയോ ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കില്ല. ഇത് കണ്ണൂരിലെയോ തലശ്ശേരിയിലെയോ സഖാക്കളുടെ കണ്ടുപിടുത്തമാണെന്നും ജയശങ്കർ പറഞ്ഞു.

അവസരം കിട്ടിയില്ല
തനിക്ക് ഡിവൈഎഫ്ഐക്കാരോട് യാതൊരു വിദ്വേഷവുമില്ല. തന്റെ നാട്ടിലെ ഡിവൈഎഫ്ക്കാർക്ക് തന്നോട് വല്ല്യ സ്നേഹമാണ്. തനിക്ക് അവരോടും സ്നേഹമാണ്. താൻ വെള്ളത്തിൽ വീണിരുന്നെങ്കിൽ അവർ കൈപിടിച്ചുയത്തിയേനെ. ഇത്തവണ പക്ഷെ അവർക്ക് അവസരം കിട്ടിയില്ലെന്നു മാത്രമെയുള്ളുവെന്നും ജയശങ്കർ പറഞ്ഞു.

മന്ത്രിക്കെതിരെ
മന്ത്രി കെ രാജുവിനെപ്പോലെയാണ് താനും. മന്ത്രി ജർമനിക്ക് പോയതുപോലെ വെള്ളം പൊങ്ങുന്നതിന് മുൻപേ ഞാൻ എറണാകുളത്തേക്ക് പോയിരുന്നുവെന്നാണ് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞത്. ഉരുൾപൊട്ടൽ, മലയിടിയൽ, വെളളപ്പൊക്കം, കടലാക്രമണം എന്നിവയാൽ വലയുന്ന ജർമൻ മലയാളികളെ സാന്ത്വനിപ്പിക്കാനും സമാശ്വസിപ്പിക്കാനുമാണ് വനംവകുപ്പ് മന്ത്രി കെ രാജു ബോണിലേക്കു പോയതെന്ന് തരത്തിൽ മന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെയും ജയശങ്കർ വിമർശനം ഉന്നയിച്ചിരുന്നു.

നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications