'ഒറ്റപ്പെടുത്താൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട് കൊണ്ടുളള തിരിച്ച് വരവ്'; വിധുവിന്റെ കുറിപ്പ്
6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്.

കൊച്ചി: മലയാള സിനിമയിലേക്കുളള ഭാവനയുടെ തിരിച്ച് വരവിനെ അഭിനന്ദിച്ച് സംവിധായിക വിധു വിൻസെന്റ്. കീഴക്കാൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട് കൊണ്ടാണ് ഭാവനയുടെ ഈ മടങ്ങി വരവെന്ന് വിധു വിൻസെന്റ് ഫേസ്ബുക്കിൽ കുറിച്ചു. അതിനൊപ്പം മരണപ്പെട്ട സംവിധായിക നയന സൂര്യൻ ഇനിയൊരു തിരിച്ച് വരവ് സാധ്യമല്ലാത്ത നിർഭാഗ്യ ജന്മമായെന്നും വിധു കുറിക്കുന്നു. നയനയുടെ മരണത്തിൽ ശരിക്കും സംശയിക്കപ്പെടേണ്ടവരിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ലെന്നും വിധു ചൂണ്ടിക്കാട്ടുന്നു.
വിധു വിൻസെന്റിന്റെ കുറിപ്പ്: 'തന്നെ നിശബ്ദയാക്കാനും തോല്പിക്കാനും ശ്രമിച്ചവരിൽ നിന്ന് കുതറിമാറി തോല്ക്കാൻ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഭാവന തിരിച്ചു വരുന്നത്. ആരൊക്കെയാണോ അവളെ കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചത് അവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്. നിശ്ശബ്ദയാക്കാൻ ശ്രമിച്ചവർക്കെതിരേയുള്ള ജീവിക്കുന്ന സാക്ഷ്യം പറച്ചിലായി അവൾ ഇവിടെത്തന്നെയുണ്ടാവും. ഭാവനയുടെ മടങ്ങിവരവിനായി ആഗ്രഹിച്ച മനുഷ്യർക്ക്, ആയിരകണക്കിന് സ്ത്രീകൾക്ക് ആശ്വാസമായി അവൾ ഇനിയും വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള ഈ മടങ്ങിവരവിന് ഒരായിരം അഭിവാദ്യങ്ങൾ.

അതേ സമയം ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലാതെ പോയ നിർഭാഗ്യ ജന്മമായി നയന സൂര്യന്റേത്. നയനയുടെ 32ാം ജന്മദിനമായിരുന്നു ഇന്നലെ , മരണ ദിനവും. നയനയെ നിശ്ശബ്ദയാക്കാൻ ശ്രമിച്ചവർക്ക് അവരുടെ കണക്ക് കൂട്ടലുകൾ പിഴച്ചില്ല. ആ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും അപൂർവ രോഗത്തിനടിമയായിരുന്നു എന്ന് നിയമ സംവിധാനങ്ങളെക്കൊണ്ട് പറയിപ്പിക്കാനും അവളെ നിശബ്ദരാക്കിയവർക്ക് കഴിഞ്ഞു. അത്രമേൽ അധികാര വൃന്ദങളിന്മേൽ സ്വാധീനമുള്ളവരായിരുന്നിരിക്കും അവളുടെ കൊലയാളികൾ . അതിനാൽ തന്നെ 'അജ്ഞാത'മായ കാരണങളാൽ കൊല ചെയ്യപ്പെട്ട നയനയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഉറക്കെ പറയാനുള്ള ആർജവം രാഷ്ട്രീയ കേരളത്തിനും ഇല്ലാതെ പോയി.
ആടിനെ പട്ടിയാക്കിയ അതേ പോലീസ് സംവിധാനത്തെ ഉപയോഗിച്ചു കൊണ്ട് അന്വേഷണം നടക്കുന്നുണ്ട് എന്ന് പറയാമെങ്കിലും ശരിക്കും സംശയിക്കപ്പെടേണ്ടവരിലേക്ക് ഇതുവരെയും അന്വേഷണം എത്തിയിട്ടില്ലാ എന്നതാണ് യാഥാർത്ഥ്യം. അധികാരത്തിന്റെ തണൽ മരങ്ങൾക്ക് കീഴെ വിഹരിക്കുന്ന ഇവരുടെ നേർക്ക് സംശയത്തിന്റെ സൂചി മുന എത്തുമോ എന്നു പോലും നിശ്ചയമില്ല.
അതിജീവിച്ച ഭാവനയെയും കൊലചെയ്യപ്പെട്ട നയനയെയും ഒന്നിപ്പിക്കുന്നത് സിനിമയാണ്. രണ്ടു പേരും സിനിമ മാത്രം സ്വപ്നം കണ്ടവരാണ് - ബാക്കിയാക്കി വച്ച സ്വപ്നങൾ പൂർത്തീകരിക്കാൻ ഭാവന തിരിച്ച് വരുമ്പോൾ അതിശയകരമായ സ്വപ്നങ്ങൾ ബാക്കിയാക്കി നയന ഇനി മടക്കമില്ലാത്ത വിധം തിരിച്ചു പോയിരിക്കുന്നു. ഒരു കുറ്റവാളിക്കും മാപ്പില്ല അത് ഭാവനയുടെ കാര്യത്തിലാണെങ്കിലും നയനയുടെ കാര്യത്തിലാണെങ്കിലും. കാരണം ഇതുരണ്ടും ഒരു കാരണവശാലും ഇവിടെ ആവർത്തിച്ചു കൂടാ'.












Click it and Unblock the Notifications