മുസ്ലിം ലീഗ് നേതൃത്വത്തെ അനുസരിക്കണം; പുതിയ ഹരിത കമ്മിറ്റിക്ക് ആശംസയുമായി ടിപി അഷ്‌റഫലി
കോഴിക്കോട്: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിക്ക് ആശംസയുമായി എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലും അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത വിവാദത്തില്‍ വനിതാ ഭാരവാഹികള്‍ക്കൊപ്പം നിന്ന വ്യക്തിയായിരുന്നു അഷ്‌റഫലി. പരാതി നല്‍കിയ 10 പേര്‍ ഉള്‍പ്പെട്ട സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പരിച്ചുവിടുകയും പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തൊട്ടുപിന്നാലെ ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കുകയും ചെയ്തു. അഷ്‌റഫലിക്കെതിരെയും നടപടി വന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് അഷ്‌റഫലി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഖുര്‍ആന്‍ സൂക്തങ്ങള്‍ സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. സ്ത്രീയോട് മാന്യമായി പെരുമാറേണ്ടത് വിശ്വാസപരമായ ഉത്തരവാദിത്തണമാണെന്ന് അഷ്‌റഫലി ഓര്‍മിപ്പിക്കുന്നു. ചില അരുതായ്മകള്‍ സംഭവിച്ചെങ്കിലും മുസ്ലിം ലീഗ് നേതൃത്വം എടുത്ത തീരുമാനത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പരിഹാരമില്ലാതെ വിവാദങ്ങള്‍ മുന്നോട്ട് പോകുന്നത് പാര്‍ട്ടിയുടെ ലക്ഷ്യം നേടുന്നതിന് തടസമാകുമെന്നും അഭിമാനം ചോദ്യം ചെയ്യുന്ന രീതി ആരുടെ ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും അഷ്‌റഫലി സൂചിപ്പിക്കുന്നു. ഉഹാങ്ങള്‍ക്ക് പിന്നാലെ പോകരുത്. സോഷ്യല്‍ മീഡിയയിലെ ഓരോ ഇടപെടലും ശ്രദ്ധയോടെ വേണമെന്നും അഷ്‌റഫി ആവശ്യപ്പെടുന്നു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ അഷ്‌റഫലി ഉള്‍പ്പെടെയുള്ളവരാണ് എന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും ഹരിത വിവാദം നിസാര വല്‍ക്കരിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കണമെന്നായിരുന്നു ഫിറോസിന്റെ നിലപാട്. അഷ്‌റഫലിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
മുസ്ലിം ലീഗ് അടിസ്ഥാനപരമായി പ്രതിനിധാനം ചെയ്യുന്നത് സ്വത്വ രാഷ്ട്രീയമാണ്. അതിനകത്ത് മുസ്ലിം, ദളിത്, സ്ത്രീ, ഭിന്നലിംഗങ്ങള്‍ തുടങ്ങി എല്ലാ പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയ അസ്ഥിത്വം ഉള്‍പ്പെടും. ഓരോരുത്തര്‍ക്കും അവരുടേതായ ഇടങ്ങളില്‍ കൃത്യമായ ബോധ്യത്തോടെ ഇടപെടാനുള്ള രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവുക എന്നത് സ്വത്വ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ഒന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം പ്രത്യേക വിഭാഗങ്ങളുടെ കൂട്ടായ്മക്ക് അതിപ്രാധാന്യങ്ങളുണ്ട്.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിത രൂപീകരിക്കുന്ന സമയത്ത് ആളുകള്‍ ഇതെങ്ങിനെ സ്വീകരിക്കുമെന്ന ആശങ്കകള്‍ ഒട്ടേറെയുണ്ടായിരുന്നു. ഹരിതയുടെ പ്രാഥമിക ദൗത്യങ്ങള്‍ ഒരുപാടുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് സാന്നിധ്യം അറിയിക്കുക എന്നത് പോലും ദ്വിതീയമാണ്. പകുതിയിലധികവും പെണ്‍കുട്ടികളാണ് കാമ്പസുകളില്‍ പഠിക്കുന്നത്. അക്കാദമിക, അക്കാദമികേതര മുന്നേറ്റങ്ങള്‍ കൂടി വിലയിരുത്തിയാല്‍ പെണ്‍ സാന്നിധ്യം നേട്ടം അടയാളപ്പെടുത്തിയ ഗ്രാഫ് കാണാം. ഈ നേട്ടമുണ്ടാക്കുന്ന തലമുറയോട് അവരുടെ സ്ത്രീയെന്ന സ്വത്വത്തെ കുറിച് ബോധ്യമുള്ളവരാകണമെന്നും, അതിനുതകുന്ന രാഷ്ട്രീയ, സാമൂഹിക ഇടങ്ങള്‍ തേടി നടക്കുന്ന സമയത്ത് ഒട്ടും അഭിലഷണീയമല്ലാത്ത ഇടങ്ങളിലേക്ക് നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ കടന്നു ചെല്ലുന്നതിന് പകരം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും, സീതി സാഹിബും, സിഎച്ചും, ശിഹാബ് തങ്ങളും മുന്നോട്ട് വെച്ച മുസ്ലിം ലീഗിന്റെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, വിദ്യാഭ്യാസ ,മത വീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ഹരിത ചെയ്യുന്നത്. സ്തീകളും കുട്ടികളും വിദ്യാര്‍ഥിനികളും പ്രശ്‌നങ്ങള്‍ നേരിടുന്ന അവസരത്തില്‍ അതിലിടപെട്ടും സാമുദായിക പ്രാധിനിധ്യം അറിയിക്കാനുമാണ് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിച്ചത്.
എല്ലാ സ്വത്വങ്ങളുടെയും സംഘടിത രൂപത്തിന് കൃത്യമായി പ്രാധാന്യം നല്‍കേണ്ടതും അവരുടെ ഇടങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കരുത്തും കഴിവും സ്വയം ആര്‍ജ്ജിക്കുക കൂടി ചെയ്യുമ്പോഴാണ് ശാക്തീകരണം സാധ്യമാവുന്നത്. ഇതുവരെയുള്ള ഹരിത കമ്മറ്റികള്‍ അത്തരം സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചത്. തുടര്‍ന്നുള്ള കമ്മിറ്റിയും അങ്ങിനെ തന്നെയായിരിക്കും. ആയിഷ ബാനുവിന്റെയും റുമൈസയുടെയും നയനയുടെയും നേതൃത്വത്തിലുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിക്കും അതിന് സാധിക്കട്ടെ.എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു.
സ്ത്രീയേ കുഴിച്ചുമൂടിയ കാട്ടാള അന്തരീക്ഷത്തില്‍ നിന്ന് സ്ത്രീക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമൂഹമായി ഒരു ജനതയെ പരിവര്‍ത്തനം ചെയ്ത പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ രീതിശാസ്ത്രത്തിന്റെ ആധുനിക രൂപം കൂടിയാണ് സ്ത്രീ മഹത്വം മനസിലാക്കിയുള്ള നിലവിലെ സോഷ്യല്‍ എഞ്ചിനീയറിങ്.
ഏതൊരു മനുഷ്യരോടും, വിശിഷ്യാ സ്ത്രീയോട്, വളരെ മാന്യമായി പെരുമാറാന്‍ വിശ്വാസപരമായി കൂടി ഉത്തരവാദിത്തമുള്ളവരാണ് നമ്മള്‍. ചില അരുതായ്മകള്‍ സംഭവിച്ചുവെന്ന കാര്യം ഉണ്ടായിരിക്കെ തന്നെ, മാതൃസംഘടന ഒരു ആത്യന്തിക നടപടി എടുക്കുമ്പോള്‍ അതൃപ്തികള്‍ ഉണ്ടെങ്കില്‍ കൂടി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ഒരു സംഘടനായി പോകുന്നതിന് ഗുണമാവില്ല. പരിഹാരമില്ലാതെ പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നത് നമുക്ക് മുന്നിലുള്ള സാമൂഹിക ദൗത്യ നിര്‍വ്വഹണത്തിന്റെ വേഗം കുറക്കാനെ ഉപകരിക്കൂ. അതിനാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കീഴില്‍ വിശ്വാസപൂര്‍വ്വം നിലനില്‍ക്കുക.
ആത്മാഭിമാനം ഒരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അത് ഉറപ്പ് വരുത്തേണ്ടത് ഓരോ വ്യക്തിയുടെയും, സംഘടനയുടെയും, സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. സമൂഹത്തിലെ വിവിധ ശ്രേണികള്‍ മുസ്ലിം ലീഗിലേക്ക് കടന്നു വരുന്ന കാലമാണിത്. മുസ്ലിം ലീഗ് നവീനമായ ഒരു പ്രായോഗിക രാഷ്ട്രീയ മുഖം സ്വീകരിക്കുന്നതിന്നായി ഉപസമിതി രൂപീകരിച്ച് മുന്നോട്ട് വരുന്ന സമയമാണിത്. അതിനോട് ചേര്‍ന്ന് നിന്ന് പാര്‍ട്ടിയെ വളര്‍ത്തേണ്ട ചുമതല ഓരോരുത്തര്‍ക്കും ഉണ്ട്.
മറിച്ച് നേതാക്കളുടെയൊ, പ്രവര്‍ത്തകരുടെയോ മറ്റു പാര്‍ട്ടികളിലെ നേതാക്കളുടെയോ ചിത്രങ്ങള്‍ക്ക് താഴെ ചെന്ന് സമൂഹ മാധ്യമങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും വിഴുപ്പു പറയുന്നത് സത്യത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യാനേ ഉപകരിക്കൂ. നമ്മള്‍ ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ കമന്റ് നമ്മുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കണം. ലീഗ് രാഷട്രീയത്തിന്റെ അനിവാര്യത മനസിലാക്കി മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ ചേരാനുള്ള താല്‍പര്യം ഇത്തരം ചെയ്തികള്‍ വഴി വര്‍ദ്ധിക്കുകയാണോ കുറയുകയാണോ ചെയ്യുക എന്ന് നമ്മള്‍ ഓരോരുത്തരും വിലയിരുത്തണം. ലീഗ് അനുഭാവികളോ ,അഭ്യുദയകാംക്ഷികളോ ആയവര്‍ക്കും, പൊതുസമൂഹത്തിനും ഈ കമന്റുകള്‍ വഴി പാര്‍ട്ടിയോടുള്ള അകലം വര്‍ധിപ്പിക്കുമെന്നതും നമ്മള്‍ മനസിലാക്കേണ്ട ഒന്നാണ്.
അതുപോലെ ശ്രദ്ധിക്കേണ്ടതാണ് ഊഹങ്ങള്‍ ഏറ്റുപിടിച്ച് സംസാരിക്കുന്നതും. ഖുര്‍ആന്‍ പറയുന്നു; 'സത്യവിശ്വാസികളേ, നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുവിന്‍. എന്തെന്നാല്‍ ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്'' (അല്‍ ഹുജറാത്ത്: 12). അതുകൊണ്ട്, വസ്തുകള്‍ സ്വീകരിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍, ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിയുടെ അണികളെന്ന നിലക്ക് നമുക്ക് ബാധ്യതകളുണ്ട്.












Click it and Unblock the Notifications