വിദ്യാര്‍ഥികളെ സംശയ നിഴലിലാക്കരുത്; സിപിഎം തെളിവ് നല്‍കൂ... ചോദ്യവുമായി അഷ്‌റഫലി
കോഴിക്കോട്: സിപിഎമ്മിന്റെ തീവ്രവാദ ആരോപങ്ങള്‍ക്ക് തെളിവ് ചോദിച്ച് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എന്തെങ്കിലും പറയരുതെന്നും വ്യക്തമായ തെളിവ് നല്‍കിയാല്‍ ഒന്നിച്ചെതിര്‍ക്കാമെന്നും അഷ്‌റഫലി പറയുന്നു. കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണത്തിനാണ് അഷ്‌റഫലി തെളിവ് ചോദിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളെയും കോളജുകളേയും സംശയ നിഴലില്‍ നിര്‍ത്തരുത്. രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ കേരളം സിപിഎമ്മിന്റെ വാദത്തെ തള്ളിക്കളയും. സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുമെന്നും അഷ്‌റഫിലെ പറയുന്നു.

അതേസമയം, കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന പ്രാസംഗികര്‍ക്കുള്ള സിപിഎം കുറിപ്പിലെ പരാമര്‍ശത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുവന്നു. സിപിഎം അടുത്ത കാലത്ത് സ്വീകരിക്കുന്ന സമീപനം അപകടകരമായതാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി. ബലം പ്രയോഗിച്ച് വിദ്യാര്‍ഥികളെ സംഘടനയില്‍ ചേര്‍ക്കുന്നത് സിപിഎമ്മിന്റെ വിദ്യാര്‍ഥി വിഭാഗമാണ്. സിപിഎമ്മിന്റെ പുരുഷാധിപത്യ മനസാണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെന്നും ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.
ടിപി അഷ്‌റഫലിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
വെറുതെ ഒരു ഓളത്തിന് പറഞ്ഞ് പോകാതെ CPM പുറത്തിറക്കിയ സമ്മേളനങ്ങളുടെ മുന്നോടിയായുള്ള ഈ പുസ്തകത്തിലെ പ്രൊഫഷണൽ കാമ്പസുകളിലെ തീവ്രവാദ, വർഗീയ സ്വഭാവത്തിലേക്ക് ചിന്തിപ്പിക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ കുറിച്ച് വ്യക്തമാക്കണം. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് നിങ്ങൾ. കേരളത്തിലെ എല്ലാ പ്രൊഫഷണൽ കോളേജുകളേയും, അവിടെ പഠിക്കുന്ന കുട്ടികളെയും കരിനിഴലിൽ നിർത്തരുത്. നിങ്ങൾ പുറത്ത് വിടുന്ന തെളിവുകൾ കേരളീയ സമൂഹത്തിന് ബോധ്യമുള്ളതായാൽ എല്ലാവരും ഒരുമിച്ച് ഈ വിപത്തുകൾക്കെതിരെ പോരാടാനുണ്ടാവും.മറിച്ച് നിങ്ങളുടെ രാഷട്രീയ വിരോധം തീർക്കാൻ ഏതെങ്കിലും സംഘടനയെ കരിവാരിതേക്കാനോ, നിങ്ങളുടെ രാഷട്രീയ അജ്ഞതമൂലം ഏതെങ്കിലും സംഘടനയെ തീവ്രവാദ, വർഗീയ സംഘടനയാക്കാനോ അതിലൂടെ രാഷ്ട്രീയ നേട്ടവുമാണ് ലക്ഷ്യമെങ്കിൽ കേരളം ഈ വാദത്തെ തള്ളികളയുകയും CPM ൻ്റെ രാഷ്ട്രീയ പാപ്പരത്തം തിരിച്ചറിയുകയും ചെയ്യും.
ഇതോടെപ്പം തന്നെ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം, കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾക്ക് എല്ലാ കോളേജുകളിലും പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാർ നിയമനിർമ്മാണം നടത്തണം.അതിനുള്ള ചില ശ്രമങ്ങൾ ഉള്ളതായി കേട്ടിരുന്നു അതെന്തായിയെന്ന്
CPM, SFI എന്നിവർ വ്യക്തമാക്കണം.അരാഷ്ട്രീയ കാമ്പസുകളിലെ അരാജകത്വങ്ങളെ പ്രതിരോധിക്കേണ്ടതും, എല്ലാ കോളേജുകളിലും വിദ്യാർത്ഥികളുടെ ജനാധിപത്യവേദിയായ യൂണിയനുകൾ പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. കേരളം ഭരിക്കുന്ന ഇടത്പക്ഷത്തിന് അതിന് നിയമനിർമ്മാണം നടത്താൻ സാധിക്കുമോ എന്നതാണ് ചോദ്യം.












Click it and Unblock the Notifications