ഒരു ഷെഫ് ആകണമെന്ന് ആഗ്രഹിച്ച നിഖിലിനെ ഓർമ്മയില്ലേ? നിഖിലിന്റെ പുതിയ വിശേഷം പങ്കുവെച്ച് ഷെഫ് പിള്ള
നിഖിലിനെ ഓർമ്മയില്ലേ.. ചെറിയ പ്രായത്തിൽ തന്നെ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുത്ത് നടത്തുന്ന നിഖിൽ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ആരും മറന്നുകാണാൻ സാധ്യതയില്ല. പിതാവ് നഷ്ടപ്പെട്ട, രോഗബാധിതയായ അമ്മയ്ക്കും അനിയും ഏക ആശ്രയമാണ് നിഖിൽ.
ടിവി ചാനലിലെ ഒരു പരിപാടിക്കിടെയാണ് നിഖിലിന്റെ ജീവിതത്തെക്കുറിച്ച് എല്ലാവരും അറിയുന്നത്. നിഖിലിന്റെ അമ്മയ്ക്ക് പാർക്കിൻസൺസ് രോഗമാണ്. അനിയന് ഓട്ടിസം. രണ്ട് പേരെയും നോക്കുന്നത് നിഖിലാണ്. ഷെഫ് ആവുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് അന്ന് നിഖിൽ പറഞ്ഞിരുന്നു.

നിഖിലിനെ കാണാനായി കൈനിറയെ സമ്മാനവുമായി ഷെഫ് പിള്ള എത്തിയിരുന്നു. അടുക്കളയിലേക്ക് വേണ്ടുന്ന പാത്രങ്ങളും വിക്ടോറിയോണിക്സിന്റെ കത്തികളുമായിരുന്നു നിഖിലിന് ഷെഫ് പിള്ള സമ്മാനമായി നൽകിയത്. സ്വന്തം സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് അന്ന് മടങ്ങിയത്. എല്ലാ സഹായവും ഉണ്ടാവുമെന്നും ഷെഫ് പിള്ള ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ നിഖിലിന്റെ പുതിയ വിശേഷമാണ് ഷെഫ് പിള്ള പറയുന്നത്.
നിഖിൽ ഇന്ന് അവന്റെ സ്വപ്നത്തിന് അരികിലാണ്. നിഖിൽ ഉയർന്ന റാങ്കോട് കുടി കോവളത്തെ ഐ എച്ച് എമ്മി ൽ നാല് വർഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സിന് പ്രവേശനം നേടിയ വിവരമാണ് ഷെഫ് പിള്ള പങ്കുവെച്ചിരിക്കുന്നത്. ഡിസംബറിൽ തിരുവനന്തപുരത്ത് തുടങ്ങുന്ന ആർ സി പി യിൽ നിഖിലിന് ശമ്പളത്തോടുകൂടിയ ട്രെയിനിങ്ങും ഇതിനോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിഖിലിന് ക്ലാസ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിഖിലിന്റെ വിശേഷം പങ്കുവെച്ച് ഷെഫ് പിള്ള ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
ഒരു ഷെഫ് ആകണം എന്ന് ആഗ്രഹിച്ച തിരുവനന്തപുരത്തെ നിഖിലിനെ ഓർമ്മയില്ലേ..?
പ്ലസ് ടു വിജയിച്ച് എൻട്രസ്സിന് പരിശീലിക്കാൻ ഉപദേശിച്ചിരുന്നു.. നിഖിൽ ഉയർന്ന റാങ്കോട് കുടി കോവളത്തെ ഐ എച്ച് എമ്മി ൽ നാലു വർഷത്തെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സിന് പ്രവേശനം നേടി...!
ഡിസംബറിൽ തിരുവനന്തപുരത്തു തുടങ്ങുന്ന ആർ സി പി യിൽ നിഖിലിന് ശമ്പളത്തോടുകൂടിയ ട്രെയിനിങ്ങും ഇതിനോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്.. ഇന്ന് മുതൽ ക്‌ളാസ്സ് തുടങ്ങുകയാണ്...നിഖിലിനും കുടുംബത്തിനും ആശംസകൾ... നിങ്ങളുടെ അനുഗ്രഹങ്ങൾ കുടി വേണം , എന്നാണ് അദ്ദേഹം കുറിച്ചത്.
നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തുന്നത്. ഞങ്ങള് മറന്നിട്ടും നിങ്ങള് മറന്നില്ല. ഒരുപാട് സ്നേഹം വാരി വിതറട്ടെ, ഈ തിരക്കിനിടയിലും നിഖിലിനെ ഓർത്ത് പിന്തുണച്ച മനസ്സ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications