കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ഒരു പ്രി വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; വൈറലായി ചിത്രങ്ങൾ
കോട്ടയം: വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിൽ പരീക്ഷണങ്ങളുടെ കാലമാണിത്. മുമ്പൊക്കെ വിവാഹ വസ്ത്രത്തിലും മേക്കപ്പിലുമൊക്കെയാണ് കൂടുതൽ ശ്രദ്ധ വെച്ചിരുന്നതെങ്കിൽ ഇപ്പോളത് ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞു. വവ്വാൽ ക്ലിക്കും, വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമൊക്കെ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ.
സിനിമാ താരങ്ങളെ വെല്ലുന്ന അഭിനയ മികവ് കാഴ്ചവെയ്ക്കുന്നവരാണ് മിക്ക വധു വരന്മാരും. വിവാഹദിവസം ആകെ ടെൻഷനടിച്ച് നിൽക്കുമ്പോൾ എടുക്കുന്ന വീഡിയോകളെക്കാളും വരനും വധുവും മാത്രമായുള്ള സേവ് ദ ഡേറ്റ് വീഡിയോകളും, പ്രീ വെഡ്ഡിംഗ് ഷൂട്ടുകളുമൊക്കെയാണ് ന്യൂ ജനറേഷന് താൽപര്യം.

വരനും വധുവും
കോട്ടയം കെഎസ്ആർടിസി ഡിപ്പോയും പരിസരവും പശ്ചാത്തലമാക്കിയ ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വരൻ കോട്ടയം സ്വദേശി ജെയിംസ് ,വധു ടിഷ. ഇരുവരും എത്തിയത് ബസ് ജീവനക്കാരുടെ കാക്കി വേഷത്തിൽ.

കെഎസ്ആർടിസി ഇഷ്ടം
കെഎസ് ആർ ടി സി പലർക്കും ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മയാണ്. ഈ കഥയിലെ വരനും വധുവിനും അങ്ങനെ തന്നെ. ഏറെക്കാലം തിരുവനന്തപുരത്തും എറണാകുളത്തും ജോലിക്ക് പോകാൻ ജെയിംസും ടിഷയും ആശ്രയിച്ചത് കെ എസ് ആർ ടിസിയെ ആണ്.

ചിത്രങ്ങൾ പകർത്തിയത്
കോട്ടയം അമലഗിരി ചെറുവള്ളത്ത് വീട്ടിൽ അർജുനാണ് അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന ഈ മനോഹര ഫ്രെയിമുകൾ പകർത്തിയത്. കെ എസ് ആർ ടി സി ഡിപ്പോയിലെ ഫോട്ടോ ഷൂട്ടെന്ന ആശയം അർജുൻ മുന്നോട്ട് വച്ചപ്പോൾ ജെയിംസും ടീനയും സന്തോഷപൂർവ്വം സമ്മതിക്കുകയായിരുന്നു.

ചായക്കടയും പഴം പൊരിയും
ആവി പറക്കുന്ന പഴംപൊരിയും ബോണ്ടയുമൊക്കെ നിരത്തി വെച്ചിരിക്കുന്ന ചായക്കടയിലായിരുന്നു ആദ്യത്തെ ക്ലിക്ക്. ആദ്യ ഫ്രെയിമിൽ ചെക്കനും പെണ്ണും ചായ കുടിച്ച് തുടങ്ങുന്നു. പിന്നീട് ബസിൽ യാത്ര ചെയ്യുന്നു.. നഗരത്തിലെ പള്ളി സന്ദർശിക്കുന്നു.

കാക്കി വേഷത്തിൽ
കാക്കി വേഷത്തിൽ കയ്യിൽ കണ്ടക്റുടെ കറുത്ത ബാഗും പിടിച്ചാണ് ഇരുവരും പ്രണയിക്കുന്നത്. വീഡിയോയിൽ ഉടനീളം ഇതേ വേഷത്തിൽ തന്നെയാണ് ഇരുവരും. കെ എസ് ആർ ടി സി ഡിപ്പോയ്ക്കൊപ്പം റെയിൽവേ പ്ലാറ്റഫോമും ഇരുവരുടെയും പ്രണയ ചിത്രങ്ങൾക്ക് പശ്ചാത്തലമായി.

വൈറലായി
കെ എസ് ആർ ടി സിയുടെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയും ചിത്രങ്ങളും നിമിഷങ്ങൾക്കകം ,സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ആയിരക്കണക്കിനാളുകൾ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications