'തിരക്കുകളിൽ നിന്ന് പിടിച്ചെടുത്ത് ഒരു ജീവിതമുണ്ടാക്കി, നെടുംതൂണായി'; ഭാര്യയെക്കുറിച്ച് രമേശ് ചെന്നിത്തല
കഴിഞ്ഞ ദിവസമായിരുന്നു രമേഷ് ചെന്നിത്തലയുടെ ഭാര്യ അനിതയുടെ ജന്മദിനം. തന്റെ പ്രിയ പത്നിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പാർട്ടി ഓഫീസുകളിലും യാത്രകളിലുമായി കുടുങ്ങിപ്പോയ ഒരു ജീവിതത്തിലേക്ക് മുപ്പത്തിയെട്ട് വർഷം മുമ്പ് കയറി വന്ന് അടുക്കും ചിട്ടയും ഉണ്ടാക്കിയ ഒരാളാണ് അനിതയെന്നും തിരക്കുകളിൽ നിന്ന് പിടിച്ചെടുത്ത് ഒരു ജീവിതമുണ്ടാക്കി അതിന്റെ നെടുംതൂണായെന്നും രമേശ് ചെന്നിത്തല കുറിച്ചു.
ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൈപിടിച്ച് ഒപ്പം നിന്നു എന്ന് പറയുമ്പോൾ ക്‌ളീഷേ ആണെങ്കിലും അതാണ് സത്യമെന്നും അനിതയ്ക്ക് വേണ്ടപ്പോഴെല്ലാം ഒപ്പമുണ്ടാകാൻ കഴിഞ്ഞോ എന്നുചോദിച്ചാൽ ഇല്ലെന്നാണുത്തരം എന്നും പക്ഷേ അത്തരം ഇല്ലായ്മകളിൽ പരാതിപ്പെട്ടിയാകാതെ ഉറച്ച പിന്തുണയുമായി കൂടെയുണ്ടാവുക എന്നതും ഒരു സുകൃതമാണെന്നും ചെന്നിത്തല പറഞ്ഞു.

PC: Ramesh Chennithala / Fb
രണ്ടു മക്കളെ വളർത്തലും അവരുടെ പഠിത്തക്കാര്യവും ഒക്കെ ഒറ്റയ്ക്ക് അനിത നടത്തിയെന്നും പുരുഷന്മാർ പകച്ചു പോകുന്നിടത്തും പതറാതെ നിൽക്കാൻ കഴിവുള്ളവരാണ് സ്ത്രീകൾ. ആ ശക്തി എന്നും എനിക്ക് അനുഗ്രഹമായിട്ടേ ഉള്ളൂ.വെന്നും അദ്ദേഹം പറഞ്ഞു. നിരവധിപേരാണ് അനിതയ്ക്ക് ആശംസ അറിയിച്ച് രമേശ് ചെന്നിത്തലയുടെ പോസ്റ്റിൽ കമന്റുമായി എത്തിയത്.
ഈ പിറന്നാൾ ആശംസ അതീവ ഹൃദ്യമായി തോന്നി. അത്രമാത്രം അദ്ദേഹം ജീവിത സഖിയെ ഹൃദയത്തോട് അടുപ്പിച്ച് വച്ചൊരു എഴുത്ത്.. ജീവിതയാത്രയിൽ അനിത എന്ന ഭാര്യയുടെ പിന്തുണയും പ്രാധാന്യവും, സഹനവും, സ്നേഹവും ചേർത്ത് വച്ച് എഴുതിയ ആശംസകൾ മനോഹരമായി, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
രമേഷ് ചെന്നിത്തല പങ്കുവെച്ച കുറിപ്പ്:
ഇന്ന് അനിതയുടെ പിറന്നാളാണ്. പാർട്ടിയാഫീസുകളിലും യാത്രകളിലുമായി കുടുങ്ങിപ്പോയ ഒരു ജീവിതത്തിലേക്കു മുപ്പത്തിയെട്ടു വർഷം മുമ്പ് കയറി വന്ന് അടുക്കും ചിട്ടയും ഉണ്ടാക്കിയ ഒരാളാണ്. തിരക്കുകളിൽ നിന്നു പിടിച്ചെടുത്ത് ഒരു ജീവിതമുണ്ടാക്കി അതിന്റെ നെടുംതൂണായി. രണ്ടു മക്കളെ വളർത്തലും അവരുടെ പഠിത്തക്കാര്യവും ഒക്കെ ഒറ്റയ്ക്കു നടത്തി. ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൈപിടിച്ച് ഒപ്പം നിന്നു എന്നു പറയുമ്പോൾ ക്‌ളീഷേ ആണെങ്കിലും അതാണ് സത്യം.
അനിതയ്ക്കു വേണ്ടപ്പോഴെല്ലാം ഒപ്പമുണ്ടാകാൻ കഴിഞ്ഞോ എന്നു ചോദിച്ചാൽ ഇല്ലെന്നാണുത്തരം. പക്ഷേ അത്തരം ഇല്ലായ്മകളിൽ പരാതിപ്പെട്ടിയാകാതെ ഉറച്ച പിന്തുണയുമായി കൂടെയുണ്ടാകവുക എന്നതും ഒരു സുകൃതമാണ്. പുരുഷന്മാർ പകച്ചു പോകുന്നിടത്തും പതറാതെ നിൽക്കാൻ കഴിവുള്ളവരാണ് സ്ത്രീകൾ. ആ ശക്തി എന്നും എനിക്ക് അനുഗ്രഹമായിട്ടേ ഉള്ളൂ. പ്രിയപ്പെട്ടവൾക്കു പിറന്നാൾ ആശംസകൾ...












Click it and Unblock the Notifications