അല്‍പ്പം കടുപ്പിച്ച് ഉണ്ണി മുകുന്ദന്‍; സന്തോഷ് കീഴാറ്റൂരിന് പൊള്ളിയോ... പ്രതികരണവുമായി താരം
കൊച്ചി: ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയും ഇതിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്റും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് അല്‍പ്പം കടുപ്പിച്ചാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. ഇതോടെ രണ്ടു താരങ്ങളെയും അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്തുവന്നു. ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, സന്തോഷ് കീഴാറ്റൂര്‍ വിഷയത്തില്‍ തനിക്കുള്ള അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍...
Recommended Video
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

ഹനുമാന്‍ ജയന്തി
ഹനുമാന്‍ ജയന്തി ആശംസകള്‍ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഹനുമാന്റെ ശില്‍പ്പം പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഒട്ടേറെ പേര്‍ ഇതിന് ലൈക്കും കമന്റും ചെയ്തു. ഇതിനിടെയാണ് സന്തോഷ് കീഴാറ്റൂരിന്റെ കമന്റ്. ഈ കമന്റ് വിവാദമാകുകയായിരുന്നു.

ഹനുമാന്‍ സ്വാമി രക്ഷിക്കുമോ
ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കമന്റ്. ഇതിന് അനുകൂലിച്ച് ആയിരങ്ങളാണ് രംഗത്തുവന്നത്. എതിര്‍ത്തും ഒട്ടേറെ പേര്‍ പ്രതികരിച്ചു. ഇതോടെ ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ പ്രതികരിച്ചു.

സന്തോഷ് കീഴാറ്റൂര്‍ ചേട്ടാ
സന്തോഷ് കീഴാറ്റൂര്‍ ചേട്ടാ... നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ പോസ്റ്റ് ഇട്ടത്, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുമ്പില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വയം വില കളയാതെ- എന്നു ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. രണ്ടുപേരെയും അനകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരവെ സന്തോഷ് കീഴാറ്റൂര്‍ തന്റെ കമന്റ് ഡിലീറ്റ് ചെയ്തു.

എന്തുകൊണ്ട് ഡിലീറ്റ് ചെയ്തു
എന്റെ കമന്റ് ഉണ്ണിയ്ക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഡിലീറ്റ് ചെയ്തതെന്ന് സന്തോഷ് കീഴാറ്റൂര്‍ മനോരമയോട് പറഞ്ഞു. പേടിച്ച് ഓടിപ്പോയതല്ല. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നവരോട് സഹതാപമേയുള്ളൂ. തന്റെ രാഷ്ട്രീയത്തോടുള്ള വെറുപ്പാണ് പുതിയ സൈബര്‍ ആക്രമണത്തിന് കാരണമെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

ഞാനും വിശ്വാസി
സഹപ്രവര്‍ത്തകര്‍ എഴുതിയ കമന്റിനോട് മതസ്പര്‍ദ്ധ കലര്‍ത്തി പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ല. നാട് വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. ഞാനും വിശ്വാസിയാണ്. ഒരു മതത്തെയും എതിര്‍ക്കുന്നയാളല്ല. ഒരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമാണ് താന്‍ കമന്റില്‍ പ്രകടിപ്പിച്ചതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ വല്ലപ്പോഴും
ഫേസ്ബുക്കില്‍ വല്ലപ്പോഴും മാത്രമേ നോക്കാറുള്ളൂ. അതുകൊണ്ട് ഇത്തരം സൈബര്‍ ആക്രമങ്ങള്‍ എന്നെ ബാധിക്കില്ല. സഹപ്രവര്‍ത്തകരെ തമ്മില്‍ തെറ്റിക്കുകയാണ് ചിലരുടെ ലക്ഷ്യം. ഉണ്ണിയോടുള്ള സ്വാതന്ത്ര്യം കൊണ്ടാണ് ആ കമന്റ് ഇട്ടത്. ഉണ്ണിയുടെ പ്രതികരണവും അങ്ങനെയാണ് ഞാന്‍ എടുത്തതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.












Click it and Unblock the Notifications