ജാങ്കോ നീയറിഞ്ഞോ...ഞാൻ പെട്ടു; കി ക്കീ ചലഞ്ചുകാർക്ക് മുന്നറിയിപ്പുമായി പോലീസിന്റെ ട്രോൾ വീഡിയോ
Recommended Video

തിരുവനന്തപുരം: ഇന്റർനെറ്റിൽ തരംഗമാകുന്ന ചലഞ്ചുകളിൽ ഏറ്റവും പുതിയതാണ് കിക്കി ചലഞ്ച്. ഐസ് ബക്കറ്റ് ചലഞ്ചും ഫിറ്റനെസ്സ് ചലഞ്ചമൊക്കെ പോലെ രസകരമായ ചലഞ്ചുകളായിരുന്നു തുടക്കത്തിലെങ്കിൽ ഇപ്പോൾ രൂപവും ഭാവവുമൊക്കെ മാറിയിരിക്കുന്നു. ആളെകൊല്ലി ചലഞ്ചുകളുടെ കൂട്ടത്തിലെ പുതിയ വേർഷനാണ് കിക്കി ചലഞ്ച്.
നടുറോഡിൽ വണ്ടിയിൽ നിന്നിറങ്ങി നൃത്തം ചെയ്ത് ഓടുന്ന വണ്ടിക്കൊപ്പം നീങ്ങണം. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകൾ കിക്കിക്കെതിരെ ബോധവൽക്കരണം നടത്തിയിരുന്നു. ഇപ്പോൾ കേരളാ പോലീസും കിക്കീ ചലഞ്ചിനെതിരെ മുന്നറിയിപ്പ് നൽകുകയാണ്.

ട്രോൾ വീഡിയോ
കേരളാ പോലീസിന്റെ ട്രോളുകൾ ഫേസ്ബുക്കിൽ തരംഗമാണ്. ബോധവൽക്കരണക്ലാസ്സുകളും മുന്നറിയിപ്പുകളുമൊക്കെ ആരും ശ്രദ്ധിക്കാതിരുന്നതോടെയാണ് ജനപ്രീയമായ ട്രോളുകൾ പയറ്റാൻ കേരളാ പോലീസ് തീരുമാനിച്ചത്. ആരും തിരിഞ്ഞ് നോക്കാതിരുന്ന ഫേസ്ബുക്ക് പേജിൽ ഇപ്പോൾ ആളും ആരവവുമൊക്കെയായി. കിക്കി ചലഞ്ചിനെതിരെയും ഒരു ട്രോൾ വീഡിയോയിലൂടെയാണ് കേരളാ പോലീസ് മുന്നറിയിപ്പ് നൽകുന്നത്.

ജാങ്കോ നീ അറിഞ്ഞോ
നടുറോഡിൽ കാറിൽ നിന്നിറങ്ങി ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ഒരു ഫ്രീക്കൻ ഇറങ്ങി ഡാൻസ് ചെയ്യുന്നു. ഒടുവിൽ പോലീസെത്തി അയാളെ പിടിച്ചുകൊണ്ടുപോകും. വെളിയിലേക്ക് നിസഹായനായി നോക്കി കൊണ്ടിരിക്കുന്ന യുവാവിനെ കാണിക്കുമ്പോൾ ഒരു ഡയലോഡ് ജാംങ്കോ നീയറിഞ്ഞോ ഞാൻ പെട്ടുവെന്ന ട്രോളൻമാരുടെ പതിവ് ഡയലോഗ്. 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
|
ദില്ലി പോലീസും
ഇതിന് മുൻപ് ദില്ലി പോലീസാണ് കിക്കി ചലഞ്ചിനെതിരെ ട്രോളുമായി ഇറങ്ങിയത്. റോഡിൽ ഡാൻസ് ചെയ്താൽ നിങ്ങൾക്കായി പുതിയ വാതിലുകൾ തുറക്കപ്പെടും എന്നെഴുതി ഒരു ആംബുലൻസിന്റെ ചിത്രത്തോടൊപ്പമായിരുന്നു ദില്ലി പോലീസിന്റെ ട്വീറ്റ്. ചലഞ്ചിനെതിരെ മുന്നറിയിപ്പ് നൽകിയ ജയ്പ്പൂർ പോലീസ് പുലിവാല് പിടിച്ചിരുന്നു. കിക്കി ചലഞ്ചിനിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് പറഞ്ഞ് ജയ്പ്പൂർ പോലീസ് ട്വീറ്റ് ചെയ്ത ചെറുപ്പക്കാരൻ കിക്കി ചലഞ്ചിനെ കുറിച്ച് കേട്ടുകേൾവിപോലുമില്ലാത്ത ഒരു കൊച്ചിക്കാരനായിരുന്നു.
|
പ്രമുഖരും
ഓൺലൈൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ കൊമേഡിയൻ ഷിഗി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കിക്കി ചലഞ്ചിന് തുടക്കമായത് വെല്ലുവിളി ഏറ്റെടുത്തവരിലും പ്രമുഖരായ ആളുകളുണ്ട്. കിക്കി ചലഞ്ചിനിടെ ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി ഹോളിവുഡ്,ബോളിവുഡ് സെലിബ്രിറ്റികൾ ഇതിനോടകം തന്നെ കിക്കി ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞു. മലയാളത്തിൽ നിന്ന് ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സാനിയ അയ്യപ്പന്റെ കിക്കി ചലഞ്ച് വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്.
കിക്കിക്ക് ശേഷം
കിക്കിക്ക് ശേഷം സോഷ്യൽ മീഡിയയിൽഡ തരംഗമാവുകയാണ് മറ്റൊരു മരണക്കളി, ഡ്രാഗൺ ബ്രീത്ത് ചലഞ്ച്. ദ്രവരൂപത്തിലുള്ള നൈട്രജനിൽ മുക്കിയ മിഠായിയിൽ നിന്നും വരുന്ന പുക മൂക്കിലൂടെയും വായിലൂടെയും പുറത്തേയ്ക്ക് വിടുന്നതാണ് ഡ്രാഗൺ ബ്രീത്ത് ചലഞ്ച്. അകത്തേയ്ക്ക് വലിക്കുന്ന നൈട്രജൻ വായിൽ അലിഞ്ഞ് ചേരുകയും ഇത് നമ്മുടെ ആന്തരിക അവയവങ്ങളെ ദ്രവിപ്പിക്കുകയും ചെയ്യും. ശ്വാസം മുട്ടൽ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുന്നത്.
വീഡിയോ കാണാം
കേരള പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ പൂർണരൂപം












Click it and Unblock the Notifications