ഏക സിവില്‍ കോഡ്: സിപിഎമ്മിനോട് 'ലളിതമായ ചോദ്യ'വുമായി മുസ്ലിം ലീഗ് സെക്രട്ടറി പിഎം സാദിഖലി
കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സെമിനാറില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ച ചൂടുപിടിക്കുന്നു. സിപിഎമ്മിനോട് ചില ചോദ്യങ്ങളുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി രംഗത്ത്. ഏക സിവില്‍ കോഡില്‍ പല വിഭാഗക്കാര്‍ക്കും ഇളവ് നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് വ്യക്തമായിരിക്കെ, ശരീഅത്ത് സംരക്ഷണത്തിന് സിപിഎം മുസ്ലിങ്ങള്‍ക്കൊപ്പം നില്‍ക്കുമോ എന്നാണ് സാദിഖലി ചോദിക്കുന്നത്. മുസ്ലിങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കോണ്‍ഗ്രസ് കൂടെ നിന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സിപിഎം കൂടുതല്‍ വ്യക്തമാക്കണമെന്നും സാദിഖലി ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

സി പി എം സെമിനാറിന്റെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്.!പങ്കെടുക്കാത്തതില്‍ രാഷ്ട്രീയം കാണുന്നവര്‍ ഈ രാഷ്ട്രീയം ബോധപൂര്‍വ്വം ഒളിച്ചു വെക്കുന്നു.
സിവില്‍ നിയമം ഒരിക്കലും ഏകീകൃത മാവില്ലെന്ന പരമാര്‍ത്ഥം പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ശേഷം ഓരോ ദിവസവും പുറത്ത് വരുന്നു. നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങള്‍, ഗോത്രവിഭാഗങ്ങള്‍, കൃസ്ത്യന്‍, സിഖ് മതങ്ങള്‍ തുടങ്ങിയവര്‍ ഏകീകൃത നിയമത്തിന്റെ പരിധിയില്‍ വരാത്ത വിധം പരിഗണിക്കപ്പെടുന്നു.
ഏങ്കില്‍ പ്രബല ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗത്തെ കൂടി ഭരണഘടന അനുശാസിക്കുന്ന വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷ താത്പര്യം എന്നിവ മുന്‍ നിര്‍ത്തി നിയമത്തില്‍ നിന്നും ഒഴിവാക്കാമല്ലോ?
കളിയില്‍ ചോദ്യമില്ല
മുസ്ലിം വിരോധം മാത്രം രാഷ്ട്രീയ വളര്‍ച്ചക്ക് ഇന്ധനമാക്കുന്ന സംഘപരിവാറിന്റെ അടുത്ത അജണ്ടയായ ഏക സിവില്‍ കോഡിനു പിന്നില്‍ ആ വിരുദ്ധത
തന്നെയാണ് ഉള്ളതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.
അതായത് ഏകീകൃത സിവില്‍ നിയമം എന്നത് ഫലത്തില്‍ ഇസ്ലാമിക ശരിഅത്തിലെ വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയുടെ ദേദഗതിയോ ഉന്മൂലനമോ മാത്രമെന്ന് ചുരുക്കം.
അങ്ങിനെയെങ്കില്‍ സി പി എമ്മിനോട് ലളിതമായ ഒരു ചോദ്യം...!
ഏക സിവില്‍ കോഡിനെ എതിര്‍ക്കുമെന്ന പൊതു യുക്തിക്ക് പകരം ഇസ്ലാമിക ശരിഅത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഞങ്ങള്‍ ഏതറ്റവും വരെ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കുമെന്ന് പച്ചയായി പറയുന്നതല്ലേ കൂടതല്‍ ഭംഗി?
അങ്ങിനെ പരസ്യമായി പ്രഖ്യാപിക്കുമ്പോഴല്ലെ സെമിനാര്‍ നടത്തുന്നതിലെ ആത്മാര്‍ത്ഥത കുറച്ചു കൂടി പ്രകടമാകുക?
സ്ത്രീ സ്വാതന്ത്ര്യം,സ്വത്തവകാശം,തുല്യ നീതി, ലിംഗ സമത്വം, ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത മതം ഇത്യാദി കാര്യങ്ങള്‍ പൊടുന്നനെ സി പി എം പാതിവഴിയില്‍ ഉപേക്ഷിച്ചുവെങ്കില്‍ അത്രയും നന്ന് !
എല്ലാം ശുഭം
ഈ ചോദ്യം കോണ്‍ഗ്രസ്സിനോടാണെങ്കില്‍..അനുഭവമാണ് ഗുരു.
വിവാഹ പ്രായം.,ശരിഅത്ത് സരംക്ഷണം, സല്‍മാന്‍ റുഷ്ദിയുടെ സാത്തനിക് വേഴ്‌സസ് തുടങ്ങിയ വിശ്വാസ കാര്യങ്ങളില്‍ നിയമ നിര്‍മാണത്തിനും നിയമ നിരോധനത്തിനും മുസ്ലിംകള്‍ക്കൊപ്പം നിന്ന് ആത്മാര്‍ത്ഥത തെളിയിച്ചത് കോണ്‍ഗ്രസ്സാണ്.
അപ്പോഴൊക്കെ കോണ്‍ഗ്രസ് മതമൗലികവാദികള്‍ക്ക് കീഴടങ്ങി എന്ന വമ്പന്‍ പ്രചാരണത്തിലായിരുന്ന സി പി എമ്മിന്റെ ഇപ്പോഴത്തെ നിലപാടിലെ ആത്മാര്‍ത്ഥത എല്ലാവര്‍ക്കും ഒരു നവ്യാനുഭവം തന്നെ












Click it and Unblock the Notifications