'ആ ചോദ്യങ്ങളൊക്കെ വലിയ വിഷമം ഉണ്ടാക്കി'; ഒരേ അസുഖം ഒന്നിപ്പിച്ച വൈറല്‍ ദമ്പതിമാര്‍ പറയുന്നു
കൊച്ചി: പുത്തൂരിലെ ശ്രീമഹാദേവ ക്ഷേത്രത്തില്‍ വെച്ച് നടന്ന ഒരു വിവാഹം ഇപ്പോള്‍ വൈറലായി മാറുകയാണ്. തൃശൂർ സ്വദേശി ശിവനും ആലപ്പുഴ സ്വദേശി ശാലിനിയുമാണ് ആ നവദമ്പതിമാര്‍. ലാമലെർ ഇക്തിയോസിസ് അസുഖ ബാധിതരായ ഇരുവരും പ്രണയത്തിലൂടെയാണ് ഒന്നിച്ചത്. ഒരിക്കലും വിവാഹം നടക്കില്ലെന്ന് കരുതിയ രണ്ട് പേര്‍ക്കും ഇപ്പോള്‍ വിവാഹ ആശംസകളുമായി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
തങ്ങളെ ഒന്നിപ്പിച്ചത് ഈ അസുഖമാണെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇരുവരും പറയുന്നത്. സമാന അസുഖമുള്ളവർക്കായുള്ള ഒരു വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ അടുത്തിടെ മാത്രമാണ് ശാലിനി ഈ ഗ്രൂപ്പിലേക്ക് എത്തുന്നത്. ആദ്യം ഗ്രൂപ്പിലെ പരിചയം മാത്രമായിരുന്നു. പിന്നീട് വ്യക്തിപരമായി പരിചയപ്പെടുകയും പരസ്പരം മെസേജുകള്‍ അയക്കാനും തുടങ്ങി. ആ പരിചയമാണ് ആദ്യം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറുന്നത്.

എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരിയാണ് ശാലിനി. അത് തന്നെയാണ് ശിവന് ഏറേ ഇഷ്ടമായതും. വിവാഹക്കാര്യം ആദ്യം അറിയിക്കുന്നത് ശിവനാണ്. ശാലിനി സമ്മതം അറിയിച്ചതോടെ എല്ലാം വളരെ വേഗത്തിലായിരുന്നു. അങ്ങനെ ജനുവരി 14 ന് പുത്തൂരിലെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി.
'പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടെങ്കിലും ആരോടും ഞങ്ങൾ വിവാഹത്തെപ്പറ്റിയോ പ്രണയത്തെ പറ്റിയോ അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നേരില്‍ കാണുമ്പോള്‍ സംസാരിക്കാനൊന്നും വലിയ സമയം കിട്ടിയിരുന്നില്ല. സമാനമായ രോഗമുള്ളവരുടെ ചില യോഗങ്ങള്‍ നടക്കുമ്പോഴാണ് ആദ്യമായി നേരില്‍ കാണുന്നത്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടമാണെന്ന് അവിടെ ഉള്ളവര്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് അവിടെ നിന്നും അധികം സംസാരിക്കാന്‍ സാധിച്ചില്ല. ഫോണ്‍ വഴിയായിരുന്നു അധിക സംസാരവും' അഭിമുഖത്തില്‍ ശിവന്‍ പറയുന്നു.
ആദ്യമായി നേരില്‍ കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കാത്തിരുന്നെങ്കിലും അവള്‍ നേരിട്ട് മീറ്റിങ് സ്ഥലത്തേക്ക് പോയിരുന്നു. ആദ്യം തന്നെ കണ്ട് ചായയെല്ലാം കുടിച്ച് ഒരുമിച്ച് പോകാമെന്ന് കരുതിയെങ്കിലും അതൊന്നും നടന്നില്ല. പിന്നീട് എല്ലാവരുടേയും ഒപ്പമാണ് കാണുന്നത്.
വിവാഹത്തിന് ആദ്യം ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്തിനാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നതെന്നായിരുന്നും ചോദ്യങ്ങള്‍. വിവാഹത്തിന് ശേഷവും പലരും പലതും പറഞ്ഞു. അസുഖമുള്ള നിങ്ങള്‍ക്ക് തനിച്ച് ജീവിക്കാന്‍ പറ്റുന്നില്ല, പിന്നെ എങ്ങനെ കുടുംബമായി ജീവിക്കും എന്നായിരുന്നു ചോദ്യം. അധികം ആളുടേയും ചോദ്യം കുട്ടികളുണ്ടായാല്‍ എന്ത് ചെയ്യും എന്നായിരുന്നു. അതെല്ലാം കേള്‍ക്കുമ്പോള്‍ വലിയ സങ്കടമുണ്ട്. ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്നുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ചത്. കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്കും ഈ പ്രശ്നം ഉണ്ടാകുമോ എന്ന് അറിയില്ല. കാരണം ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഈ അസുഖം ഇല്ലായിരുന്നുവെന്നും ഇരുവരും പറയുന്നു












Click it and Unblock the Notifications