ആധാർ ഇനിയും പുതുക്കിയില്ലേ..? സമയപരിധി ഈ ദിവസം വരെ, പിഴ ഒഴിവാക്കാൻ ഇങ്ങനെ ചെയ്‌താൽ മതി...
നമ്മുടെ രാജ്യത്ത് ആധാർ കാർഡില്ലാത്ത ആളുകൾ വിരളമായിരിക്കും, കാരണം അത്രയും പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായി ആധാർ മാറി കഴിഞ്ഞു. ഏത് ആവശ്യത്തിനും ഇപ്പോൾ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. നിങ്ങളൊരു ബാങ്ക് അക്കൗണ്ട് എടുക്കാനായാലും, സിം കാർഡ് എടുക്കാനായാലും, എന്തിനേറെ പറയുന്നു വസ്‌തുവിന്റെ രജിസ്ട്രേഷൻ സമയത്ത് പോലും ആധാർ ഹാജരാക്കേണ്ടത് അത്യാവശ്യമാണ്.
അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ ആധാർ പെട്ടെന്നൊരു ദിവസം അസാധുവായാലോ ? അതിനെകുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. എങ്കിൽ അങ്ങനൊരു സാഹചര്യമാണ് വരാനിരിക്കുന്നത്. നിങ്ങളുടെ ആധാർ കഴിഞ്ഞ പത്ത് വർഷത്തിനിടെയിൽ ഒരിക്കൽ പോലും പുതുക്കിയിട്ടില്ലെങ്കിൽ ഇനി അത് സൗജന്യമായി തിരുത്തുവാൻ ശേഷിക്കുന്നത് മൂന്ന് ദിനങ്ങൾ മാത്രമാണ്. ഇന്നേക്ക് നാലാം നാൾ, അതായത് ഡിസംബർ 14ന് ആധാർ സൗജന്യമായി തിരുത്താനുള്ള സമയപരിധി അവസാനിക്കും.

നേരത്തെ സെപ്റ്റംബര്‍ 14 വരെയായിരുന്നു ആധാർ പുതുക്കാനുള്ള സമയപരിധിയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നതോടെ ഡിസംബര്‍ 14 വരെ തീയതി നീട്ടുകയായിരുന്നു. ഇനി ഇതിലൊരു നീട്ടൽ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.
അഡ്രസും ജനന തീയതിയും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന പ്രധാന സൗകര്യം. ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതി. നിങ്ങളുടെ മേൽവിലാസം മാറ്റാനാണ് എങ്കിൽ 'അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍' തിരഞ്ഞെടുക്കേണ്ടതാണ്.
ഇതിന് ശേഷം ശേഷം 'അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍' എന്നത് തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് ഏറ്റവും വലിയ ഗുണം.
അക്ഷയ സെന്ററുകള്‍ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ വഴിയാണ് നിങ്ങൾ ആധാർ അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ അതിന് 50 രൂപ ഫീസ് നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കാനാണ് യുഐഡിഎഐ ആവശ്യപ്പെടുന്നത്.
ഓൺലൈനായി നിങ്ങൾ ആധാർ പുതുക്കുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു കാര്യം എന്തെന്നാൽ നിങ്ങളുടെ ആധാറും, മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം എന്നതാണ്. ഇത്തരത്തിൽ ബന്ധപ്പിച്ചെങ്കിൽ മാത്രമേ നിങ്ങൾ ഒറ്റത്തവണ പാസ്‌വേർഡ് വരികയുള്ളൂ. തുടർന്നാണ് ആധാർ തിരുത്തൽ നടപടികൾ ആരംഭിക്കുന്നത്.












Click it and Unblock the Notifications