എയർടെലിന് പിന്നാലെ ജിയോയും; സ്‌റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ, മസ്‌കിന്റെ സ്‌പേസ് എക്‌സുമായി കരാർ
മുംബൈ: എയർടെലിന്റെ പാത പിന്തുടർന്ന് സ്‌റ്റാർലിങ്കിന്റെ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി കരാർ ഒപ്പിട്ടതായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. വിപണിയിലെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നായ ഭാരതി എയർടെൽ സമാനമായ കരാറിൽ ഒപ്പുവച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ജിയോയും ഇതേ വഴി സ്വീകരിക്കുന്നത്. ജിയോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് സ്‌റ്റാർലിങ്ക് സേവനങ്ങൾ വിൽക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങൾ സ്‌പേസ് എക്‌സിന് ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും പ്രസ്‌തുത കരാർ. അങ്ങനെ സംഭവിച്ചാൽ, ജിയോ അതിന്റെ സ്‌റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്‌റ്റാർലിങ്ക് സേവനങ്ങൾ വാഗ്‌ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

'എല്ലാ ഇന്ത്യക്കാരും എവിടെയായിരുന്നാലും, അവരിലേക്ക് അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സ്‌റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് എല്ലാവർക്കും തടസമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്' റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു.
'ജിയോയുടെ ബ്രോഡ്‌ബാൻഡ് ആവാസവ്യവസ്ഥയിലേക്ക് സ്‌റ്റാർലിങ്കിനെ സംയോജിപ്പിക്കുന്നതിലൂടെ, ഈ എഐ അധിഷ്ഠിത യുഗത്തിൽ, അതിവേഗ ബ്രോഡ്‌ബാൻഡിന്റെ വ്യാപ്‌തിയും വിശ്വാസ്യതയും ആക്‌സസിബിലിറ്റിയും ഞങ്ങൾ വർധിപ്പിക്കുകയും രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റികളെയും ബിസിനസുകളെയും ശാക്തീകരിക്കുകയും ചെയ്യുന്നു' മാത്യു ഉമ്മൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലുടനീളം പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് ആക്‌സസ് വികസിപ്പിക്കുക എന്നതാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ മറ്റേതൊരു ഓപ്പറേറ്ററെക്കാളും കൂടുതൽ മൊബൈൽ ഡാറ്റ കൈകാര്യം ചെയ്യുന്ന ജിയോ, തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സ്‌റ്റാർലിങ്കിന്റെ സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഉപയോഗിക്കും.
ജിയോയുടെ നിലവിലുള്ള ബ്രോഡ്‌ബാൻഡ് നിരയിലേക്ക് ജിയോഫൈബറും ജിയോഎയർഫൈബറും സ്‌റ്റാർലിങ്ക് കൂട്ടിച്ചേർക്കും, ഇത് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലും വേഗത്തിലും താങ്ങാനാവുന്ന വിലയിലും സേവനങ്ങൾ നൽകാൻ കമ്പനിയെ പ്രാപ്‌തമാക്കും. ഇതോടെ മസ്‌കിന്റെ സ്‌പേസ് എക്‌സിന് ഇരട്ടി നേട്ടമാണ് ഉണ്ടാവുന്നത്.
കഴിഞ്ഞ ദിവസമാണ് അവർ എയർടെലുമായി സമാനമായ കരാറിൽ ഒപ്പുവച്ചത്. യൂട്ടെൽസാറ്റ് വൺവെബുമായുള്ള നിലവിലുള്ള പങ്കാളിത്തത്തോടൊപ്പം, സ്‌റ്റാർലിങ്കിനെ കൂടി പ്രയോജനപ്പെടുത്തി രാജ്യത്ത് എല്ലാ മേഖലകളിലും തങ്ങളുടെ സേവനം സുഗമമാക്കുകയാണ് എയർടെൽ ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.
മസ്‌കിന്റെ സ്‌പേസ് എക്‌സ്
സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റാർലിങ്ക് ആഗോള മൊബൈൽ ബ്രോഡ്‌ബാൻഡ് വാഗ്‌ദാനം ചെയ്യുന്ന ഒരു സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമാണ്. ലോകത്തിലെ ഏറ്റവും നൂതനമായ ഇന്റർനെറ്റ് സംവിധാനത്തിന്റെ സഹായത്തോടെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ പോലും സ്ട്രീമിംഗ്, വീഡിയോ കോളുകൾ, ഓൺലൈൻ ഗെയിമിംഗ്, റിമോട്ട് വർക്കിംഗ് എന്നിവ അവർ സാധ്യമാക്കുന്നു.












Click it and Unblock the Notifications