ഫോൾഡബിൾ ഐഫോൺ ഉടൻ വരുമോ? വന്നാൽ സാംസങും വൺ പ്ലസും ഒക്കെ സൈഡാവും, അറിയേണ്ടതെല്ലാം
ഇത് മാറ്റത്തിന്റെയും നൂതനമായ സാങ്കേതിക വിദ്യയുടെയും കാലമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് സ്‍മാർട്ട് ഫോണുകളുടെ കാര്യത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെയാണ് ഫോൾഡബിൾ ഫോൺ പോലെയുള്ള പരീക്ഷണങ്ങൾ വിപണിയിൽ ആരംഭിച്ചത്. സാംസങ് ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ട് പോയെന്ന് പറയുന്നതാവും വാസ്‌തവം. ഒപ്പം വൺ പ്ലസ്, ഗൂഗിൾ തുടങ്ങിയ കമ്പനികളും ഇക്കാര്യത്തിൽ പിന്നിലല്ല.
എന്നാൽ രാജ്യത്തെ ഏറ്റവും പ്രധാന സ്‍മാർട്ട് ഫോൺ നിർമ്മാണ കമ്പനികളിൽ ഒന്നായിട്ട് കൂടി ആപ്പിൾ ഈ സെഗ്‌മെന്റിലേക്ക് കാര്യമായി നോട്ടം പതിപ്പിച്ചിരുന്നില്ല. പക്ഷേ അടുത്ത കാലത്തായി ഇതിലൊരു മനംമാറ്റം ആപ്പിളിന് വന്നതായാണ് ചില സൂചനകൾ പുറത്തുവന്നത്. ആപ്പിൾ തങ്ങളുടെ കന്നി ഫോൾഡബിൾ ഫോണിന്റെ അണിയറയിലാണ് എന്നായിരുന്നു റിപ്പോർട്ടുകൾ.

എങ്കിലും അതിന്റെ ലോഞ്ച് കാലയളവോ മറ്റ് ഫീച്ചറുകൾ കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ ഒരു ഏകദേശ ധാരണ വന്നിരിക്കുകയാണ്. ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോൺ ഉടൻ വിപണിയിൽ എത്തിയില്ലെന്നാണ് ലഭ്യമായ വിവരം. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ ഫോൺ ലോഞ്ച് നീട്ടി വച്ചേക്കും.
അതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ലെങ്കിലും ഇതിൽ ധൃതി കാട്ടേണ്ട എന്നാണ് സാംസങിന്റെ നിലപാട് എന്നാണ് സൂചന. അതുകൊണ്ട് തന്നെ പുതിയ ഫോൾഡബിൾ ഐഫോണിന്റെ ലോഞ്ചിങ് ഏകദേശം 2027ഓടെ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് 2024 പരിപാടി വിപുലമായി നടക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്.
ഫോണിന്റെ ഘടക സവിശേഷതകളും പ്രകടനവും കമ്പനി വിലയിരുത്തി വരികയാണ്. പെട്ടെന്ന് തന്നെ ഫോൺ പുറത്തിറക്കുക എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നാണ് ആപ്പിളിന്റെ വക്താവിനെ ഉദ്ധരിച്ച് ചില വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ പഠനങ്ങൾക്കും പരിശോധനകൾക്കും ഒക്കെ ശേഷമാകും ഫോൺ അവതരിപ്പിക്കുക.
നേരത്തെ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവന്നിരുന്നു.ഫോണ്‍ വളരെ സ്ലിമ്മായി തയ്യാറാക്കുന്നതിലാണ് ആപ്പിള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇത് കമ്പനിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായി മാറുമെന്ന് ഉറപ്പാണ്. ഫോള്‍ഡബിള്‍ ഫോണ്‍ ചെറിയ സൈസില്‍ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വിലയിരുത്തൽ.
ആപ്പിള്‍ സ്ഥിരമായി പരമ്പരാഗത രീതി പിന്തുടരുന്നവരാണ്. ക്യാമറ അടക്കം മാറുമെങ്കിലും മൊത്തത്തില്‍ ഡിസൈനില്‍ യാതൊരു മാറ്റവും ആപ്പിള്‍ കൊണ്ടുവരാറില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ പേരിൽ കമ്പനി വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. എന്നാൽ ഫോൾഡബിൾ ഫോൺ ഏത് ഡിസൈനിലാവും കമ്പനി അവതരിപ്പിക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications