ആപ്പിളിന്റെ ഫ്ലിപ് സ്‌റ്റൈൽ സ്‍മാർട്ട്ഫോൺ വരുന്നു; ഇത് ഐറ്റം വേറെയാണ് മക്കളേ, ലോഞ്ച് എപ്പോൾ?
ഇന്ത്യൻ വിപണിയിൽ പ്രീമിയം ഫോണുകളുടെ മാർക്കറ്റ് അടക്കി ഭരിക്കുന്ന ബ്രാൻഡ് ആണ് ആപ്പിൾ. അവരുടെ മുൻനിര ഫ്ലാഗ്ഷിപ് മോഡലുകൾ ഈ സെഗ്‌മെന്റിൽ പകരക്കാരില്ലാത്ത വിധം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞവയാണ്. സാംസങ്ങാണ് വിപണിയിൽ അവരുടെ പ്രധാന എതിരാളി. എന്നാൽ ചില വിഭാഗങ്ങളിൽ ഇതുവരെ സാംസങിനെ ഒന്ന് തൊടാൻ പോലും ആപ്പിളിന് കഴിഞ്ഞിട്ടില്ല.
പൊതുവെ ആപ്പിളിന് കേൾക്കേണ്ടി വരുന്ന ഏറ്റവും വലിയ പരാതികളിൽ ഒന്നാണ് അപ്ഗ്രേഡ് ചെയ്യുന്നതിലെ കാലതാമസം. പല ഫീച്ചറുകളും കണ്ടുപിടിത്തങ്ങളും ആൻഡ്രോയിഡിൽ വന്ന് വർഷങ്ങൾക്ക് ശേഷമാണ് ഐഒഎസിൽ വരുന്നത് എന്നതാണ് ഇതിന്റെ പ്രധാന കാരണം. യുഎസ്ബി ടൈപ് സി ചാർജിംഗ് സംവിധാനം തന്നെ ഉദാഹരണം.

അത്തരത്തിൽ സാംസങ് ഒറ്റയ്ക്ക് ഭരിക്കുന്ന സെഗ്‌മെന്റുകളിൽ ഒന്നാണ് ഫോൾഡബിൾ ഫോൺ. ഇവിടെ ആപ്പിളിന് ഇതുവരെ ഒരു സാന്നിധ്യം അറിയിക്കാൻ പോലും കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഈ പരാതിക്ക് പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ആപ്പിൾ ഫോൾഡബിൾ ഫോണുകളെ കുറിച്ച് വരുന്ന വാർത്തകൾ സ്ഥിരീകരിച്ചു കൊണ്ട് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ മോഡൽ വൈകില്ലെന്നാണ് സൂചന.
ഈ ഫോൺ 2026ൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സാംസങ് ഗ്യാലക്‌സി ഫ്ലിപ് 6നെ അനുസ്‌മരിപ്പിക്കുന്ന ഒരു ഫ്ലിപ്പ്-സ്‌റ്റൈൽ ഫോൾഡബിൾ ഫോൺ ആയിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഈ ഫോണിന്റെ ഗവേഷണം ഈ വർഷം തന്നെ കമ്പനി ആരംഭിച്ചതായാണ് സൂചന.
പുതിയ മോഡലിനുള്ള ഫോൾഡിംഗ് സ്‌ക്രീൻ സാംസങ് ഡിസ്‌പ്ലേ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനായി ആപ്പിളുമായി അവർ ഇതിനകം തന്നെ ഒരു കരാർ ഒപ്പിട്ടിട്ടുണ്ട്. ആദ്യത്തെ ഫോൾഡബിൾ ഐഫോണിന് നിലവിലുള്ള ഐഫോണുകൾക്ക് സമാനമായ വലുപ്പം തന്നെ ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ ഫോണുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങൾ പുറത്തുവന്നിരുന്നു.ഫോണ്‍ വളരെ കനം കുറഞ്ഞ നിലയിൽ തയ്യാറാക്കുന്നതിലാണ് ആപ്പിള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു സൂചന. ഇത് കമ്പനിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായി മാറുമെന്ന് ഉറപ്പാണ്. കാരണം ഫോള്‍ഡബിള്‍ ഫോണ്‍ ചെറിയ സൈസില്‍ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വിലയിരുത്തൽ.
കൂടാതെ അടുത്തിടെ പുറത്തുവന്ന ആപ്പിൾ പേറ്റന്റ് റിപ്പോർട്ടിലും ഫോൾഡബിൾ ഫോണുകളെ കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമായും ഫോൾഡബിൾ ഫോണുകളുടെ കാര്യത്തിൽ ആപ്പിൾ നേരിടുന്ന വെല്ലുവിളിയെയും ഈ റിപ്പോർട്ട് അടയാളപ്പെടുത്തിയിരുന്നു. അത് ഗ്ലാസ് ഡിസ്‌പ്ലേകളുടെ ഈടു നിൽക്കലാണ്. വഴക്കമുള്ളതും കൂടുതൽ ഈട് നിൽക്കുന്നതുമായ ഫോൾഡബിൾ ഡിസ്‌പ്ലേ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ ഇപ്പോഴെന്നാണ് സൂചന.












Click it and Unblock the Notifications