ഇത് ആപ്പിളിന്റെ പൂഴിക്കടകൻ; ഫോൾഡബിൾ ഫോണിൽ ഒരു വലിയ സിഗ്നൽ തന്നു, ഉടൻ വരുമോ വിപണിയിൽ?
സ്‍മാർട്ട് ഫോൺ വിപണിയിൽ നൂതനമായ കണ്ടുപിടിത്തങ്ങളുടെ കാലമാണിത്. പുതുമ കൊണ്ട് വരിക എന്നത് തന്നെയാണ് എല്ലാ കമ്പനികളുടെയും പ്രധാന ലക്ഷ്യം. അതിൽ ഇക്കാലത്ത് ഏറ്റവും പ്രധാനമായി നിൽക്കുന്ന ഒരു സാങ്കേതിക വിദ്യ എന്നോ മാറ്റമെന്നോ ഒക്കെ പറയാവുന്നത് ഫോൾഡബിൾ ഫോണുകളെ കുറിച്ചാണ്. എന്നാൽ എല്ലാ കമ്പനികളും ഇതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല.
സാംസങ്, വൺ പ്ലസ്, വിവോ തുടങ്ങിയവയാണ് ഇക്കാര്യത്തിൽ കൂടുതൽ മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യയിൽ സാംസങിന്റെ മുഖ്യ എതിരാളിയായി പ്രവർത്തിക്കുന്ന ആപ്പിൾ പക്ഷേ ഈ വിപണിയിലേക്ക് പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കാലങ്ങളായി ഉയരുന്ന ഒരു സുപ്രാധാ ചോദ്യമാണ് ആപ്പിൾ ഫോൾഡബിൾ ഫോൺ ഉടൻ വരുമോ? എന്നത്.

കൃത്യമായ ഉത്തരം കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെങ്കിലും അതിന്റെ സാധ്യതകളെ വരച്ചുകാട്ടുന്ന റിപ്പോർട്ട് ആണ് അടുത്തിടെ പുറത്തുവന്നത്. ആപ്പിൾ ഫോൾഡബിൾ ഐഫോണും ഐപാഡും കൊണ്ടുവരാൻ വൈകില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആപ്പിളിന്റെ പേറ്റന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാൽ പ്രധാനമായും ഫോൾഡബിൾ ഫോണുകളുടെ കാര്യത്തിൽ ആപ്പിൾ നേരിടുന്ന വെല്ലുവിളിയെയും ഈ റിപ്പോർട്ട് അടയാളപ്പെടുത്തുന്നു, ഗ്ലാസ് ഡിസ്‌പ്ലേകളുടെ ഈടു നിൽക്കൽ.വഴക്കമുള്ളതും കൂടുതൽ ഈട് നിൽക്കുന്നതുമായ ഫോൾഡബിൾ ഡിസ്‌പ്ലേ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ ഇപ്പോഴുള്ളത്. കേടുപാടുകൾ വരാതെ കൃത്യമായ വഴക്കം ലഭിക്കുന്ന ഡിസ്‌പ്ലേ നിർമ്മിക്കുക എന്നതിനാണ് ആപ്പിൾ പ്രാധാന്യം നൽകിയിരിക്കുന്നത്.
ആപ്പിളിന്റെ ഫോൾഡബിൾ ഡിവൈസുകളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. ഫോൾഡബിൾ ഡിവൈസുകളുടെ രണ്ട് മോഡലുകളിൽ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ അവകാശപ്പെട്ടു, ഒരുപക്ഷേ ഇവ ഐഫോണും ഐപാഡും ആയിരിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തെ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങളും പുറത്തുവന്നിരുന്നു.ഫോണ്‍ വളരെ കനം കുറഞ്ഞ നിലയിൽ തയ്യാറാക്കുന്നതിലാണ് ആപ്പിള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു സൂചന. ഇത് കമ്പനിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായി മാറുമെന്ന് ഉറപ്പാണ്. കാരണം ഫോള്‍ഡബിള്‍ ഫോണ്‍ ചെറിയ സൈസില്‍ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഇതിനിടെ ഫോൾഡബിൾ എന്ന ആശയം ആപ്പിൾ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അതിന് നിരാകരിക്കുന്നതാണ് പുതിയ പേറ്റന്റ്. എന്നാൽ ആപ്പിൾ ഉടൻ ഫോൾഡബിൾ കൊണ്ടുവരുമെന്ന് ഈ പേറ്റന്റ് ഉറപ്പുനൽകുന്നില്ല. എല്ലാ വർഷവും നിരവധി സാങ്കേതികവിദ്യകൾക്കായി ആപ്പിൾ പേറ്റന്റ് നേടാറുണ്ട്, എന്നാൽ അവയെല്ലാം ഫോണുകളോ മറ്റ് ഡിവൈസുകളോ ആയി മാറാറില്ല.
എങ്കിലും പുതിയ റിപ്പോർട്ട് ഫോൾഡബിൾ മാർക്കറ്റിലേക്ക് ആപ്പിൾ ഗൗരവമായി ശ്രദ്ധ പതിപ്പിക്കുന്നു എന്നതിന്റെ സൂചനയാണ്, ഇക്കാര്യത്തിൽ സംശയമില്ല. കൃത്യമായ ലോഞ്ചോ സവിശേഷതകളോ പറയാൻ കഴിയില്ലെങ്കിൽ ഈ വിപണിയിലേക്ക് ആപ്പിളും വൈകാതെ എത്തുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. അതിനുള്ള കാത്തിരിപ്പാണ് ആപ്പിൾ ആരാധകർക്ക് ഇനിയുള്ള നാളുകൾ.












Click it and Unblock the Notifications