ഇനി ആപ്പിളിനെ എന്തുപറഞ്ഞ് കളിയാക്കും? ഐഫോൺ ബാറ്ററിയിലും വമ്പൻ മാറ്റം, സാംസങ് ഒക്കെ വിയർക്കും
ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം എടുത്താലും ഏറ്റവും കൂടുതൽ ആരാധകരുള്ള സ്‍മാർട്ട് ഫോൺ കമ്പനിയാണ് ആപ്പിൾ. ഐഫോൺ എന്ന തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളുമായി വിപണി പിടിച്ച ആപ്പിൾ മൊബൈൽ ഫോൺ രംഗത്ത് വിപ്ലവകമാരായ മാറ്റം കുറിച്ച കമ്പനികളിൽ ഒന്നാണ്. സ്‍മാർട്ട് ഫോൺ എന്നതിന് ഇത്രയേറെ ഫീച്ചറുകൾ കൊണ്ട് വന്നതും, എല്ലാ കമ്പനികളെയും അതിന് പ്രേരിപ്പിക്കുകയും ചെയ്‌തത് അവരാണ്.
ഇപ്പോഴിതാ മുൻ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 15 സീരീസിന് ഗണ്യമായി വർദ്ധിപ്പിച്ച ബാറ്ററി സൈക്കിൾ ആയുസ് ഉണ്ടെന്ന് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പുരോഗതി അർത്ഥമാക്കുന്നത്, പുതിയ ഐഫോണുകൾക്ക് അവയുടെ മുൻഗാമികളുടെ ഇരട്ടി ചാർജ് സൈക്കിളുകൾക്കായി അവയുടെ യഥാർത്ഥ ബാറ്ററി ശേഷിയുടെ 80 ശതമാനം വരെ നിലനിർത്താനാകും എന്നതാണ്.

അടിസ്ഥാനപരമായി, മുൻ ഐഫോൺ മോഡലുകൾക്ക് 500 ചാർജ് സൈക്കിളുകളിൽ ഈ ലെവൽ ശേഷി നിലനിർത്താൻ കഴിയുമെങ്കിലും, ഐഫോൺ 15 മോഡലുകൾക്ക് 1000 ചാർജ് സൈക്കിളുകളിൽ അത് ചെയ്യാൻ കഴിയും. ബാറ്ററി ഘടകങ്ങളും പവർ മാനേജ്‌മെന്റ് സിസ്‌റ്റങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ആപ്പിളിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ.
ബാറ്ററിയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകൾ
കൂടാതെ, വരാനിരിക്കുന്ന iOS 17.4 അപ്‌ഡേറ്റിനൊപ്പം, ഐഫോൺ 15 ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിൻ്റെ ക്രമീകരണ അപ്ലിക്കേഷനിൽ നിന്ന് നേരിട്ട് വിശദമായ ബാറ്ററി സ്ഥിതി വിവരക്കണക്കുകളിലേക്ക് ആക്‌സസ് ലഭിക്കും. ഐഫോൺ 15 സീരീസിന് മാത്രമുള്ള ഈ ഫീച്ചർ, മറ്റ് സ്ഥിതി വിവരക്കണക്കുകൾക്കൊപ്പം ഫോണിന്റെ ബാറ്ററി ഹെൽത്തും അതിന്റെ ചാർജ് സൈക്കിൾ എണ്ണവും നിരീക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
നേരത്തെ പഴയ ഐഫോൺ മോഡലുകൾക്ക് അത്തരം വിശദമായ ബാറ്ററി വിവരങ്ങൾ ലഭ്യമല്ലായിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഐഒഎസ് 17.4-ഉം അതിന് ശേഷമുള്ള മോഡലുകളും ഉള്ള ഐഫോൺ 15 സീരീസിലെ ഫോണുകളിൽ നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യം, ബാറ്ററി നിർമ്മിച്ചത് എപ്പോൾ, അത് ആദ്യം ഉപയോഗിച്ചത് എപ്പോൾ, സൈക്കിൾ എണ്ണം, ബാറ്ററി മാറ്റിസ്ഥാപിക്കൽ ശുപാർശ എന്നിവ നിങ്ങൾക്ക് കാണാൻ കഴിയും.
ഇതിനായി സെറ്റിങ്‌സ് > ബാറ്ററി > ബാറ്ററി ഹെൽത്ത് എന്നതിലേക്ക് പോകുക. നേരത്തെ വരാനിരിക്കുന്ന ഐഫോൺ 16 മോഡലിൽ ബാറ്ററിയിൽ വമ്പൻ പരിഷ്‌കാരങ്ങൾ ആപ്പിൾ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഫ്ലാഗ്ഷിപ്പ് ഐഫോണിൽ ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് അവതരിപ്പിച്ചേക്കും എന്നാണ് സൂചന.
കാലങ്ങളായി ആപ്പിളിന്റെ ന്യൂനതയായി എതിരാളികൾ നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ബാറ്ററിയിലെ പോരായ്‌മ. ആൻഡ്രോയിഡ് ഫോണുകൾ ശക്തമായ ബാറ്ററിയുമായി രംഗത്ത് വരുമ്പോൾ ഐഫോൺ പലപ്പോഴും താരതമ്യേന ചെറിയ ബാറ്ററിയുമായി എത്തുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച് ദൈനംദിന ജീവിതത്തിൽ സ്‍മാർട്ട് ഫോൺ ഉപയോഗം കൂടുന്ന പശ്ചാത്തലത്തിൽ. ഇതോടെയാണ് ആപ്പിൾ വലിയ മാറ്റത്തിന് ഒരുങ്ങുന്നത്.












Click it and Unblock the Notifications