അമ്പടാ കേമാ ഐഫോണേ..; ഈ മോഡലുകൾ വരുന്നത് ഏഴ് നിറങ്ങളിൽ, മാറ്റ് കൂട്ടാൻ ഉഗ്രൻ ഫീച്ചറുകളും
ലോകമെമ്പാടുമുള്ള സ്‍മാർട്ട്ഫോൺ പ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത് ആ മോഡലിന്റെ വരവിനാണ്. അതെ മറ്റാരുമല്ല പ്രീമിയം ഫോണുകളുടെ രാജാവായ ഐഫോൺ തന്നെ. ഐഫോൺ 16 സീരീസ് വരാനാണ് പലരും കാത്തിരിക്കുന്നത്. അതിന് കാരണവുമുണ്ട്. എന്തെന്നാൽ ഈ വർഷം സാംസങും വൺ പ്ലസും വിവോയുമൊക്കെ തങ്ങളുടെ നിർണായകമായ ഫ്ലാഗ്ഷിപ്പ് മോഡലുകൾ അവതരിപ്പിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഐഫോൺ മാത്രമാണ് ഇനി വരാനുള്ളത്. രസകരമായ വസ്‌തുത എന്തെന്നാൽ ഒരേ സമയം വിപണിയിൽ സാംസങിന്റെ എസ്23 മോഡലിന് ഒപ്പവും, എസ്24ന് ഒപ്പവും മത്സരിക്കുന്നു എന്ന നേട്ടമാണ് ഐഫോൺ 15 പ്രോ മോഡൽ സ്വന്തമാക്കിയിരിക്കുന്നത്. ഇനി ഐഫോണിന്റെ പതിനാറാമൻ വരുന്നത് വരെ ഈ സെഗ്‌മെന്റിൽ രാജാവായി ഐഫോൺ 15 തന്നെ വിലസും.

ഇത്രയൊക്കെ ആണെങ്കിലും ഐഫോൺ 16 മോഡലിനെ കുറിച്ചുള്ള വാർത്തകൾക്ക് പഞ്ഞമൊന്നുമില്ല എന്നത് മറക്കാൻ പാടില്ല. ദിനംപ്രതി ഇതുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ വരുന്നുണ്ട്. ചിലതൊക്കെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് തന്നെ വരുന്ന വാർത്തകളാണ് എന്നതും ഓർക്കണം. ഏറ്റവും ഒടുവിൽ ഐഫോണിലെ അടിസ്ഥാന വേരിയന്റുകളായ ഐഫോൺ 16, 16 പ്ലസ് എന്നിവയുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ആപ്പിൾ ഈ വർഷം രണ്ട് അധിക കളർ ഓപ്ഷനുകളിൽ അടുത്ത ഐഫോൺ മോഡലുകൾ അവതരിപ്പിക്കും എന്നാണ് ലഭ്യമായ വിവരം. വരാനിരിക്കുന്ന ഐഫോൺ 16 പ്ലസ് (അതുപോലെ തന്നെ സാധാരണ ഐഫോൺ 16) എന്നീ മോഡലുകൾ കറുപ്പ്, നീല, പച്ച, പിങ്ക്, പർപ്പിൾ, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമാകും. പർപ്പിൾ, വൈറ്റ് ഓപ്ഷനുകൾ പുതുതായി അവതരിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.
അതേസമയം, ഐഫോൺ 16 സീരീസിന്റെ അടിസ്ഥാന മോഡലുകളിൽ വെർട്ടിക്കൽ ക്യാമറ ലേഔട്ട് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15ൽ കാണുന്ന ഡയഗണൽ ക്യാമറ ക്രമീകരണത്തിൽ നിന്നുള്ള ഈ വ്യതിയാനം സ്പേഷ്യൽ വീഡിയോ റെക്കോർഡിംഗ് പോലുള്ള നൂതന സവിശേഷതകൾക്ക് കൂടി ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന.
കൂടാതെ ഡിസൈൻ മാറ്റങ്ങൾക്ക് അപ്പുറം ക്യാമറ ശേഷി, ബാറ്ററി ലൈഫ്, തെർമൽ ഡിസൈൻ, മൊത്തത്തിലുള്ള പ്രകടനം തുടങ്ങിയ നിർണായക വശങ്ങൾ പരിഷ്‌കരിക്കുന്നതിലും ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇത് ഏതൊക്കെ രീതിയിൽ ഉള്ളതാണ് എന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.












Click it and Unblock the Notifications