മുട്ടാൻ നിൽക്കണ്ട സാംസങേ ഇത് ഐറ്റം വേറെയാ; ഐഫോണിന്റെ ഈ മോഡലുകൾ കൊടുങ്കാറ്റാവും, കണ്ടറിയാം
ഒരു ഐഫോൺ എടുക്കണമെന്ന് ആർക്കെങ്കിലും ഒരു ആഗ്രഹം തോന്നിയാൽ നമ്മുക്കൊരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല. ഉയർന്ന വിലയും ആൻഡ്രോയിഡിനെ അപേക്ഷിച്ചുള്ള പരിമിതികളും ഒക്കെ നിരന്തരം ചൂണ്ടിക്കാട്ടി പരിഹസിക്കുമെങ്കിലും ആപ്പിളിന്റെ ഈ മോഡൽ ആരുടേയും മനസിളക്കാൻ ശേഷിയുള്ളതാണ്. അതുകൊണ്ട് തന്നെ ഐഫോണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാൻ ഒരുപാട് പേരാണ് കാത്തിരിക്കുന്നത്.
സാംസങും വൺ പ്ലസും പോലെയുള്ള ആൻഡ്രോയിഡ് ഫോണുകൾക്ക് ലഭിക്കാത്തൊരു സ്വീകാര്യത പലപ്പോഴും ഐഫോണിന് ലഭിക്കുന്നത് അതിന്റെ പ്രീമിയം ഘടനയാണ്. ഇത്തരത്തിൽ ഒരുപാട് പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ മോഡലാണ് ഇനി വരാനുള്ളത്. മറ്റാരുമല്ല, ഐഫോൺ 16 സീരീസ് തന്നെയാണത്.

അതിൽ തന്നെ എല്ലാവരുടെയും കണ്ണ് പതിയുന്നതാവട്ടെ പ്രോ, പ്രോ മാക്‌സ് മോഡലുകളിലുമാവും. വരാനിരിക്കുന്ന ഈ മോഡലുകളുടെ കൂടുതൽ വിശേഷങ്ങൾ നമുക്ക് നോക്കാം. മുൻ കാലങ്ങളിലേത് പോലെ തന്നെ ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്‌സും പ്രീമിയം ഡിസൈനും അത്യാധുനിക ഹാർഡ്‌വെയറും ഉൾക്കൊള്ളുന്ന ചില മികച്ച ഹൈ-എൻഡ് സ്‌മാർട്ട്‌ഫോണുകളായി അവതരിപ്പിക്കാനാണ് ഇക്കുറിയും സാധ്യത.
ഐഫോൺ 16 പ്രോയിലും 16 പ്രോ മാക്‌സിലും ഡിസ്‌പ്ലേയുടെ കാര്യത്തിൽ കാര്യമായ മാറ്റം കമ്പനി അവതരിപ്പിച്ചേക്കും. ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് സ്‌ക്രീൻ കൊണ്ട് വന്നേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, അതേസമയം ഐഫോൺ 16 പ്രോ മാക്‌സിലാവട്ടെ 6.9 ഇഞ്ച് സ്‌ക്രീൻ ഡിസ്പ്ലേ ആയിരിക്കും കൊണ്ട് വരിക. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ക്രീനാവും എന്നതാണ് ലഭ്യമായ വിവരം.
ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ ആപ്പിൾ വെർട്ടിക്കൽ ഡ്യുവൽ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുമ്പോൾ, ഐഫോൺ 16 പ്രോ സീരീസിലെ ക്യാമറ മൊഡ്യൂൾ ഐഫോൺ 15 പ്രോയ്ക്ക് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ആപ്പിളിന്റെ ഡിസൈൻ വ്യതിയാനത്തെ നിന്ന് ഹൈ-എൻഡ് മോഡലുകളെ മാറ്റി നിർത്തുന്നതിന്റെ സൂചനയാണ്.
ഐഫോൺ 16 പ്രോ സീരീസിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം അവയുടെ മുൻഗാമിയായ 15 പ്രോ മോഡലുകൾക്ക് സമാനമായിരിക്കുമെങ്കിലും പുതിയ മോഡലുകൾക്ക് കാര്യമായ ചില ഹാർഡ്‌വെയർ അപ്‌ഡേറ്റുകൾ വരുത്താനിടയുണ്ട്. ഐഫോൺ 16 പ്രോയിൽ ടെട്രാപ്രിസം ടെലിഫോട്ടോ ലെൻസ് ആവും അവതരിപ്പിക്കുക. ഇത്തരത്തിൽ ധാരാളം മാറ്റവുമായി എത്തിയ ഈ മോഡലുകൾ വിപണിയെ പിടിച്ചു കുലുക്കുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.












Click it and Unblock the Notifications