ഇനി ശേഷിക്കുന്നത് ഏഴ് ദിവസം, ആപ്പിൾ ഒരുക്കിവച്ചത് എന്ത്? ഐഫോൺ 16 സീരീസിൽ ഈ അഞ്ച് മാറ്റം ഉറപ്പ്
എല്ലാവരും ഒരേ മനസോടെ കാത്തിരിക്കുന്ന സ്‍മാർട്ട്ഫോൺ ലോഞ്ചുകളിൽ ഒന്നാണ് ആപ്പിൾ വരും ദിവസങ്ങളിൽ നടത്താൻ പോവുന്നത്. അതാണ് ഐഫോൺ 16 സീരീസിന്റെ വരവ്. ഒട്ടുമിക്ക ഫോൺ കമ്പനികളും ഇക്കാര്യത്തിൽ വലിയ ശ്രദ്ധയോടെ കാര്യങ്ങൾ നോക്കി കാണുകയാണ്. അതിന്റെ പ്രധാന കാരണം ആപ്പിൾ കൊണ്ട് വരുന്ന ഈ മോഡൽ ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികവും അതിലേറെ ഫീച്ചറുകൾക്ക് പ്രാധാന്യം നൽകിയതുമാവും എന്ന വിശ്വാസത്തിലാണ്.
നേരത്തെ തന്നെ ഈ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ പുറത്തുവന്നിരുന്നു. അതിൽ പ്രധാനപ്പെട്ടത് അതിന്റെ ഡിസൈൻ, പെർഫോമൻസ് എന്നിവയെ ഒക്കെ ബാധിക്കുന്ന വിഷയങ്ങളായിരുന്നു. ലോഞ്ചിന് കേവലം ഏഴ് ദിവസം മാത്രം ശേഷിക്കെ ആപ്പിൾ ഇക്കാര്യത്തിൽ വലിയ പ്രതീക്ഷകൾ തന്നെയാണ് വച്ച് പുലർത്തുന്നത് എങ്കിലും ഈ മോഡലുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടാൻ കമ്പനി തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അതിന്റെ മുൻ മോഡലായ ആപ്പിൾ ഐഫോൺ 15 സീരീസ് ഇപ്പോഴും വിപണിയിൽ വൻ പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നതെന്ന് ഓർക്കണം. എന്നിട്ടും ആളുകൾ അതിലും വില കൂടുതൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ഐഫോൺ 16 സീരീസിന് വേണ്ടി കാത്തിരിക്കുന്നുവേണങ്കിൽ അതിന്റെ റേഞ്ച് അത്ര ചെറുതല്ല. എന്തായാലും മുൻ മോഡലിൽ ഇതിന് ഉണ്ടായേക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ആപ്പിൾ ഐഫോൺ 16 സീരീസ്: കാര്യമായ മാറ്റങ്ങൾ ഇവ
ഡിസ്‌പ്ലേ വലുപ്പം: വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ ഡിസ്പ്ലേ വലുപ്പം കമ്പനി വർദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഐഫോൺ 16 പ്രോ വേരിയന്റിന് 6.27 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും, അതേസമയം ഐഫോൺ 16 പ്രോ മാക്‌സ് 6.86 ഇഞ്ച് സ്‌ക്രീൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് കാര്യമായ മാറ്റത്തെ തന്നെ അടയാളപ്പെടുത്തുന്നു.
പുതിയ നിറങ്ങൾ: ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ കറുപ്പ്, വെളുപ്പ് അല്ലെങ്കിൽ വെള്ളി, ചാരനിറം അല്ലെങ്കിൽ നാച്ചുറൽ ടൈറ്റാനിയം, റോസ് എന്നിവയോടെ അകമ്പടിയോടെ എത്തുമെന്നാണ് കരുതുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ കറുപ്പ്, പച്ച, പിങ്ക്, നീല, വെളുപ്പ് എന്നീ നിറങ്ങളിലാവും ലഭ്യമാവുക.
ചിപ്സെറ്റ് മാറ്റം: നാല് ഐഫോൺ 16 മോഡലുകളിലും ആപ്പിൾ തങ്ങളുടെ അടുത്ത തലമുറ എ18 പ്രോ ചിപ്പ് വരും. നോൺ-പ്രോ മോഡലുകളിൽ എ 18 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു, ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്‌സിലും എ 18 പ്രോ ചിപ്‌സെറ്റ് വരുമെന്ന് സൂചിപ്പിക്കുന്നു. ആപ്പിളിന്റെ നൂതന എഐ സവിശേഷതകൾക്ക് ഉതകുന്ന തരത്തിലാണ് പുതിയ ചിപ്സെറ്റ് ഒരുക്കുന്നത്.
വെർട്ടിക്കൽ ക്യാമറ: ഇത്തവണ ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ ക്യാമറകളുടെ ലേ ഔട്ട് മാറും. അഭ്യൂഹങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകൾ ക്യാപ്‌സൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനൊപ്പം പുതിയ ക്യാമറ ക്രമീകരണം കൂടി അവതരിപ്പിക്കും.
വലിയ ബാറ്ററി: ഐഫോൺ 16, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോഡലുകളിൽ കൂടുതൽ വലിയ ബാറ്ററികൾ ഉൾപ്പെടുത്തുമെന്ന് പറയപ്പെടുന്നു. ഐഫോൺ 15നെ അപേക്ഷിച്ച് ഐഫോൺ 16ന് കാര്യമായ ബാറ്ററി മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കും.












Click it and Unblock the Notifications