ഐഫോൺ വരുമ്പോ ആ പ്രൗഡിയിൽ തന്നെ വേണ്ടേ; ഫീച്ചറുകളിൽ വലിയ മാറ്റങ്ങൾ, ഡിസ്‌പ്ലേ ഞെട്ടിക്കും ഉറപ്പ്
ആപ്പിളിനെ വെല്ലാൻ ആർക്കും കഴിയില്ലെന്ന് പലവട്ടം അവർ തെളിയിച്ചതാണ്. ഓരോ മോഡൽ വരുന്തോറും അവർ അതിനെ അടിവരയിടുന്നുമുണ്ട്. അടുത്തിടെ ഇറങ്ങിയ ആപ്പിൾ ഐഫോൺ 15 സീരീസ് ആ സമയത്തെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് ഫോണായിരുന്നു. അപ്പോൾ പിന്നെ പുതുതായി എത്തുന്ന ആപ്പിളിന്റെ ഐഫോൺ 16 സീരീസിനും ആ പ്രൗഡിയിൽ കുറവ് വരുത്താൻ കഴിയില്ലലോ.
അതാണ് ഇപ്പോൾ ഈ ഫോണുമായി ബന്ധപ്പെട്ട് വരുന്ന ലീക്ക്ഡ് റിപ്പോർട്ടുകൾ പുറത്തിവിടുന്ന സൂചന. പുതിയ ആപ്പിൾ ഫ്ലാഗ്ഷിപ്പിൽ വലുതും ചെറുതുമായ ഒട്ടേറെ മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പഴയ മോഡലിനെ കടത്തി വെട്ടുന്ന നിലയിൽ ഫോൺ അവതരിപ്പിക്കാൻ തന്നെയാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തം.

എന്നാൽ എല്ലാ ഐഫോൺ പ്രേമികൾക്കും സന്തോഷം പകരുന്ന ഒരു വാർത്തയും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആപ്പിൾ ഐഫോൺ 16 പ്രോ മോഡലിൽ കൂടുതൽ മെച്ചപ്പെട്ട ഡിസ്‌പ്ലേ എത്തുമെന്നാണ് ലഭ്യമായ വിവരം. അതായത് ഇതുവരെ വിപണിയിൽ എത്തിയിട്ടുള്ള മറ്റ് ഐഫോൺ മോഡലുകളിൽ നിന്നൊക്കെ വ്യത്യസ്‌തമായിരിക്കും ഈ മോഡലെന്ന് ചുരുക്കം.
ഐഫോൺ 16 പ്രോ മോഡലുകൾക്ക് അൽപം കൂടി വലിയ പാനലുകൾ അവതരിപ്പിക്കുന്നതിനൊപ്പം സ്‌റ്റാൻഡേർഡ് ഡൈനാമിക് റേഞ്ച് (എസ്‌ഡിആർ) സഹായത്തോടെ ബ്രൈറ്റ്നസിൽ 20 ശതമാനം വർദ്ധനവ് വരുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിവിധ മാധ്യമങ്ങളും ടിപ്പ്സ്‌റ്റർ സൈറ്റുകളും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ കമ്പനിയുടെ ഭാഗത്ത് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഈ ബ്രൈറ്റ്നസിലെ വ്യതിയാനം മാത്രമായിരിക്കില്ല മോഡലിന്റെ ഡിസ്‌പ്ലേയിൽ ആപ്പിൾ കൊണ്ട് വരുന്ന പ്രധാനം മാറ്റം. രണ്ട് പ്രോ ഹാൻഡ്‌സെറ്റുകളിലെയും ഡിസ്‌പ്ലേ പാനലുകളുടെ വലുപ്പം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ തന്നെ സ്‌ക്രീൻ സൈസ് ആപ്പിളിനെ പലരും വിമർശന വിധേയമാക്കുന്ന കാര്യങ്ങളിൽ ഒന്നായിരുന്നു.
അതിനിടെ ഐഫോൺ മോഡലുകളിൽ കൂടുതൽ വലിയ ബാറ്ററി അവതരിപ്പിക്കും എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ആപ്പിളിനെ എക്കാലവും ചോദ്യത്തിന്റെ പരിഹാസ മുനയിൽ നിർത്തിയിരുന്ന കാര്യമാണ് ബാറ്ററി. എന്നാൽ പുതിയ തീരുമാനത്തോടെ അതിനൊരു മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിന് പുറമെ കൂടാതെ, ഐഫോൺ 16 സീരീസിന്റെ അടിസ്ഥാന മോഡലുകളിൽ വെർട്ടിക്കൽ ക്യാമറ ലേഔട്ട് അവതരിപ്പിമെന്നും സൂചനയുണ്ട്. ഇതിലൂടെ ശ്രദ്ധേയമായ ഒരു ഡിസൈൻ മാറ്റം കൂടി സീരീസിൽ ഉണ്ടവുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications