ഐഫോൺ ഇനി പഴയ ആളല്ല; ബാറ്ററിയിൽ അവതരിപ്പിക്കുക വമ്പൻ പരിഷ്‌കാരം, സാംസങിന് അടിയാവും
സ്‍മാർട്ട്ഫോൺ വിപണിയിൽ പുതുവർഷം ആരംഭിച്ചപ്പോൾ തന്നെ ഫ്ലാഗ്ഷിപ്പ് യുദ്ധം മുറുകുകയാണ്. ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്‌സും, സാംസങിന്റെ പുത്തൻ അവതാരം എസ്24 അൾട്രയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വൺ പ്ലസ് 12 പോലെയുള്ള വൻകിട ഫോണുകളും വിടാതെ പിന്തുടരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഐഫോണിന് നല്ലൊരു മുൻതൂക്കം കിട്ടണമെങ്കിൽ ഉറപ്പായും അവർ ചെയ്യേണ്ടത് വരാനിരിക്കുന്ന ഫോണിൽ കൂടുതൽ മികവ് പുലർത്തുക എന്നതാണ്.
ഇക്കാര്യം ആപ്പിളിനെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് നിങ്ങൾക്കും അറിയാവുന്നതാണല്ലോ. അത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ അണിയറയിൽ ആരംഭിച്ചു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതുതായി കമ്പനി അവതരിപ്പിക്കാൻ പോകുന്ന ആപ്പിൾ ഐഫോൺ 16 സീരീസിൽ വമ്പൻ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് വിവരം.

ഐഫോൺ 16 സീരീസിന്റെ ലോഞ്ചിന് ഇനിയും ആറുമാസത്തിലേറെ കാത്തുനിൽക്കേണ്ടി വരും, എന്നാൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സ്‌റ്റാൻഡേർഡ് ഐഫോൺ 16നിൽ ഒരു ക്യാപ്‌ചർ ബട്ടണിന്റെയും ഡിസൈൻ ക്യാമറ മൊഡ്യൂളിന്റെയും സാധ്യതയാണ് ഇതുവരെ റിപ്പോർട്ടുകൾ നിർദ്ദേശിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ, സവിശേഷതകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മുൻനിര മോഡലായ ഐഫോൺ 16 പ്രോ മാക്‌സിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഈ ഫ്ലാഗ്ഷിപ്പ് ഐഫോണിൽ ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്.
ഐഫോൺ 16 പ്രോയ്‌ക്ക് 6.1 ഇഞ്ചിൽ നിന്ന് 6.3 ഇഞ്ചായി വലുപ്പം വർദ്ധിപ്പിക്കുമെന്നും മികച്ച ഒപ്റ്റിക്കൽ സൂം കഴിവ് അവതരിപ്പിക്കുമെന്നും ചില ടിപ്പ്സ്‌റ്റർ സൈറ്റുകൾ വെളിപ്പെടുത്തുന്നു. ഐഫോൺ 16 പ്രോ മാക്‌സിൽ ഐഫോണിലെ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വലിയ ബാറ്ററി സെല്ല് ഇതിലുണ്ടാകും. ഐഫോൺ 15 പ്രോ മാക്‌സിന്റെ ക്ലെയിം ചെയ്‌ത 29 മണിക്കൂർ ബാറ്ററി ലൈഫിനെ മറികടക്കാൻ ഇത് അനുവദിച്ചേക്കാം.
ഐഫോൺ ഫോൺ 16 പ്രോ മാക്‌സിന് 4,676 mAh ബാറ്ററി സെൽ ലഭിക്കുമെന്നാണ് ഇതുവരെയുള്ള വിശദാംശങ്ങളിൽ നിന്ന് ലഭ്യമായ വിവരം. രസകരമെന്നു പറയട്ടെ, ഐഫോൺ 16 പ്ലസ്, സീരീസിലെ മറ്റൊരു പ്രധാന മോഡലാണെങ്കിൽ കൂടി ഇതിന്റെ ബാറ്ററി കപ്പാസിറ്റിയിൽ ഇടിവ് വന്നേക്കാം. എന്തായാലും ഈ വിവരങ്ങളിൽ എല്ലാം എത്രത്തോളം സത്യമുണ്ടെന്ന് അറിയണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications