എന്തൊക്കെയാ ആപ്പിളേ ഇവിടെ നടക്കുന്നേ; ഐഫോൺ 16 പ്രോ വേരിയന്റിന് പുതിയ നിറമോ? അത് പൊളിക്കും
എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ഒരു സ്‍മാർട്ട് ഫോൺ ലോഞ്ച് ഉണ്ടെങ്കിൽ അത് ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലായ ഐഫോൺ 16 സീരീസിന്റെത് തന്നെയാണെന്ന് ഉറപ്പിച്ചു പറയാം. എന്തുകൊണ്ടും പ്രീമിയം ഫ്ലാഗ്ഷിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന മോഡലായ ഐഫോൺ 16 വിപണിയിൽ കാര്യമായ മുന്നേറ്റം തന്നെ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് അധികനാൾ ബാക്കി ഇല്ലെന്നിരിക്കെ ഫോണിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും പ്രതീക്ഷയോടെയാണ് ആരാധകർ കേൾക്കുന്നത്.
ഇപ്പോഴിതാ സീരീസിലെ കരുത്തുറ്റ മോഡലായ ഐഫോൺ 16 പ്രോയുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഐഫോൺ 16 പ്രോ പതിപ്പിന് ആപ്പിളിൽ നിന്ന് പുതിയ നിറം കൂടി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത് ഈ ഫോണിന്റെ വിൽപ്പനയെ സാരമായി ബാധിക്കുന്ന കാര്യം തന്നെയാണെന്നതിൽ സംശയമില്ല.

പുതിയ ഐഫോൺ 16 പ്രോ ലീക്ക് അവകാശപ്പെടുന്നത് പ്രകാരം പുതുതായി അവതരിപ്പിക്കുന്ന കളർ വേരിയന്റിനെ ഡെസേർട്ട് ടൈറ്റാനിയം എന്നാണ് വിളിക്കുന്നത്, കാഴ്‌ചയിൽ നിലവിലെ നിറങ്ങളുമായി പ്രകടമായ സാമ്യതയോട് കൂടിയാവും ഈ വേരിയന്റ് എത്തുക. ഐഫോൺ 16 പ്രോ ലൈനപ്പിൽ ഈ വർഷം വെള്ള, കറുപ്പ്, ഗോൾഡൻ, ഗ്രേ എന്നീ നാല് നിറങ്ങൾ ഉൾപ്പെടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഡെസേർട്ട് ടൈറ്റാനിയം അതിന്റെ ഫിനിഷിംഗിൽ സൂക്ഷ്‌മമായി നിരീക്ഷിക്കുമ്പോൾ കുറച്ചുകൂടി കട്ടി കൂടിയ ഗോൾഡൻ നിറമായാവും കാണപ്പെടുക. ഈ ആഴ്‌ചയാണ് ആപ്പിൾ ഐഫോൺ 16 പ്രോ മോഡലുകളുടെ ഉൾപ്പെടെ നിറങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ഫോണിന്റെ ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേരത്തെ തന്നെ ഒരുപാട് അഭ്യൂഹങ്ങൾ വന്നതാണ്.
നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ എഐ ഫീച്ചറുകൾ കൂടുതലായി ഉൾപ്പെടുത്തിയാകും ഐഫോൺ 16 സീരീസ് എത്തുക. എന്നാൽ ഐഫോൺ 15യിൽ പ്രോ മാക്‌സ് മോഡലിൽ മാത്രമാണ് ഈ ഫീച്ചറുകൾ ലഭ്യമാവുന്നത്. അതുകൊണ്ട് തന്നെ എഐ പിന്തുണയോട് കൂടിയ ഐഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 15 പ്രോ മാക്‌സിന് മുകളിലുള്ള വേരിയന്റുകൾ ആശ്രയിക്കുക മാത്രമാണ് ഏക വഴി.
ഐഫോൺ 16 പ്രോ
ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും ഉൾപ്പെടുത്തുക, ഇത് മുൻ മോഡലിന്റെ 6.1 ഇഞ്ചിൽ നിന്ന് കാര്യമായ വർധനവ് തന്നെയാണ്. ഇതിന് മെലിഞ്ഞ ബെസലുകൾ ഉണ്ടായിരിക്കും കൂടാതെ മൂന്ന് ലെൻസുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് നിലനിർത്തും എന്നാണ് ലഭ്യമായ വിവരം. ക്യാപ്ച്ചർ ബട്ടൺ തന്നെയാവും ഇക്കുറി ഐഫോണിലെ ഹൈലൈറ്റ് എന്ന് എടുത്തുപറയാവുന്ന മാറ്റം.
ഐഫോൺ 16 പ്രോയുടെ ശ്രദ്ധേയമായ സവിശേഷത അതിന്റെ മാറ്റങ്ങളോട് കൂടി എത്തുന്ന ക്യാമറ സംവിധാനമാണ്. മികച്ച ലോ-ലൈറ്റ് പ്രകടനത്തിനായി ഒരു പുതിയ 48എംപി അൾട്രാ-വൈഡ് ക്യാമറ സെൻസറും മെച്ചപ്പെടുത്തിയ സൂം കഴിവുകൾക്കായി 5x ടെലിഫോട്ടോ ലെൻസും ഫോണിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ പകുതിയോടെ ഫോൺ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications