ഐഫോണിനോട് മുട്ടാൻ ഇനി പാടുപെടും; ഈ മാറ്റം വിപ്ലവകരം, സാംസങ് ഒക്കെ കണ്ടുപഠിക്കണം ഇത്
ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഈ വർഷം വരാനുള്ളത് ഇനി ഐഫോൺ 16 ആണ്. സാംസങ് ഗ്യാലക്‌സി എസ്24, വൺ പ്ലസ് 12 എന്നിവ വിപണിയിൽ എത്തിക്കഴിഞ്ഞു. ഈ സെഗ്‌മെന്റിൽ പകരക്കാരില്ലാത്ത ഐഫോൺ ഈ മോഡലുകളോട് ഇപ്പോൾ കിടപിടിച്ചു നിൽക്കുന്നത് കഴിഞ്ഞ വർഷത്തെ സൂപ്പർതാരമായ ഐഫോൺ 15 സീരീസുമായാണ്.
എന്നാൽ ഈ കാത്തിരിപ്പ് ഒരുപാട് നീളില്ല.ഈ വർഷം ഏതാണ്ട് പകുതിക്ക് ശേഷം ഐഫോൺ 16 വിപണിയിൽ എത്തിയേക്കും എന്നാണ് സൂചന. ഇതിനിടെ ഈ ഫോണുമായി ബന്ധപ്പെട്ട നിരവധി റൂമറുകളും,ലീക്ക്ഡ് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിൽ പലതും വിപണിയിലെ പ്രധാന എതിരാളികളായ സാംസങിനെ ഉൾപ്പെടെ ഭയപ്പെടുത്തുന്നതാണ്.

ഇപ്പോഴിതാ മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഐഫോൺ 16 സീരീസ് സ്‌മാർട്ട്‌ഫോണുകൾ അവരുടെ എഐ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുന്ന അപ്‌ഗ്രേഡ് ഹാർഡ്‌വെയർ ഉപയോഗിച്ച് സജ്ജീകരിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 15 ലൈനപ്പിന്റെ പിൻഗാമികൾക്ക് ഇതിലൂടെ ഐഒഎസ് 18ന് വേണ്ടി ഒരു മെച്ചപ്പെടുത്തിയ പ്രോസസർ സജ്ജീകരിക്കാൻ കഴിയും.
ആപ്പിളിന്റെ അടുത്ത ഓപ്പറേറ്റിംഗ് സിസ്‌റ്റം അപ്‌ഡേറ്റിനൊപ്പം ഉൾപ്പെടുത്താവുന്ന നിരവധി പുതിയ എഐ സവിശേഷതകൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായി മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എതിരാളിയായ സാംസങ് അടുത്തിടെ ഗ്യാലക്‌സി എസ് 24 സീരീസ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിരുന്നു. അവയിൽ ഒരുപാട് സവിശേഷതകളും ഉൾക്കൊള്ളുന്നു.
ഐഒഎസ് 18 അപ്‌ഡേറ്റിനൊപ്പം വരുന്ന ചില റൂമറുകളിൽ പറയുന്ന എഐ ഫീച്ചറുകൾ ഏറ്റവും പുതിയ ഐഫോൺ 16 സീരീസിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള കാരണം കോറുകളുടെ എണ്ണം കൂടുന്നതാണ്. എങ്കിലും, കോർ കൗണ്ട് ഉയർത്താതെ തന്നെ സമീപകാലത്ത് ഇറങ്ങിയ ഐഫോൺ മോഡലുകളിൽ ന്യൂറൽ എഞ്ചിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ആപ്പിളിന് കഴിഞ്ഞുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.
നേരത്തെ ഐഫോണുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളെ കുറിച്ചുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഐഫോൺ 16 പ്രോയും പ്രോ മാക്‌സും വലിയ ഡിസ്‌പ്ലേകളുമായാണ് എത്തുന്നതെന്ന അഭ്യൂഹമുണ്ട്. ഇത് യഥാക്രമം 6.27, 6.86 ഇഞ്ച് വലുപ്പങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഐഫോണിലെ സ്‌ക്രീൻ, ഡിസ്പ്ലേ അനുഭവങ്ങളെ മറ്റൊരു തലത്തിൽ എത്തിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിന് പുറമെ ഐഫോൺ 16 സീരീസിന്റെ അടിസ്ഥാന മോഡലുകളിൽ വെർട്ടിക്കൽ ക്യാമറ ലേഔട്ട് അവതരിപ്പിക്കുന്നതോടെ ശ്രദ്ധേയമായ ഒരു ഡിസൈൻ ഷിഫ്റ്റ് കൂടി ഇതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ കഴിഞ്ഞ കുറച്ചധികം ഫോണുകളിൽ അവതരിപ്പിച്ചു പോന്നിരുന്ന ഡയഗണൽ ക്യാമറ സംവിധാനം മാറുന്നതോടെ ഐഫോൺ കാഴ്ച്ചയിൽ വ്യത്യസ്‌ത പുലർത്തുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications