ഒടുവിൽ വജ്രായുധം പ്രയോഗിച്ച് ആപ്പിൾ; ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു, ഒപ്പം അമ്പരപ്പിക്കുന്ന ഫീച്ചറുകളും
ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർ ഒടുവിൽ കാത്തിരിക്കുന്ന പ്രഖ്യാപനം വന്നെത്തിയിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട് ഫോൺ മോഡലായ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ ഇപ്പോൾ. ഒരു വർഷത്തോളമായി ഐഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന മോഡലിന്റെ വരവ് എന്തായാലും രാജകീയമായ ചടങ്ങിലൂടെ തന്നെയാണ് നടന്നതെന്ന് നിസംശയം പറയാം.
ആപ്പിൾ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചപ്പോൾ പുതിയ എ18 ചിപ്പാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ആപ്പിളിൻ്റെ പുതിയ ഐഫോൺ 16 സീരീസ് ഇപ്പോൾ രണ്ട് പുതിയ സൈഡ് ബട്ടണുകളോടെയാണ് വരുന്നത്. അതിലൊന്ന് ക്യാമറ നിയന്ത്രിക്കാനുള്ള ബട്ടണും മറ്റൊന്ന്
ആക്ഷൻ ബട്ടണുമാണ്.

ഐഫോൺ 16 സീരീസ്
ഐഫോൺ 16യിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. വില കഴിഞ്ഞ വർഷത്തെ മുൻഗാമികൾക്ക് സമാനമായ നിലയിലാണ്. 128ജിബി ഐഫോൺ 16 799 ഡോളറിലും 128ജിബി ഐഫോൺ 16 പ്ലസ് 899 ഡോളറിലും ആരംഭിക്കുന്നു. ഫോണുകൾ വെള്ളിയാഴ്‌ച മുതൽ പ്രീ-ഓർഡറിന് സാധിക്കും, സെപ്റ്റംബർ 20 ഇവ ലഭ്യമാകും.
ഐഫോൺ എക്‌സ്, എക്‌സ്ആർ, എക്‌സ്എസ്, 11, 12 എന്നിവയുടെ പിൻഭാഗത്ത് പ്രത്യക്ഷപ്പെട്ടതിന് സമാനമായി സെൻസറുകളെ ലംബമായി വിന്യസിക്കുന്ന പുനർരൂപകൽപ്പന ചെയ്‌ത പിൻ ക്യാമറ രീതിയാണ് പുതിയ ഐഫോണുകൾക്ക് ലഭിക്കുക. ഇത് ഫോണിന്റെ ഡിസൈനിലെ നിർണായക മാറ്റമായി കണക്കാക്കുന്നു.
ഐഫോൺ 16 പ്രോ ആരെയും ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായാണ് വരുന്നത്. പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾക്ക് രണ്ട് മോഡലുകളിലും അൽപ്പം വലിയ സ്‌ക്രീനുകൾ തന്നെ ലഭ്യമാവും. ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച്, ഐഫോൺ 16 പ്രോ മാക്‌സിൽ 6.9 ഇഞ്ച്എന്നിങ്ങനെയാണ് അത്. ഫോണുകളുടെ ബോഡി വീണ്ടും ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഐഫോൺ 16 പ്രോ ലൈനപ്പ് എ18 പ്രോ ചിപ്പിനൊപ്പം വരുന്നു, ഐഫോൺ 15 പ്രോയേക്കാൾ 15 ശതമാനം വേഗതയേറിയ പ്രകടനം ഉൾപ്പെടെ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളോടെ മെച്ചപ്പെടുമെന്നാണ് പറയുന്നത്. ഐഫോൺ 16 പ്രോയ്ക്ക് 48 എംപി ഫ്യൂഷൻ ക്യാമറ, ഒരു പുതിയ 48 എംപി അൾട്രാവൈഡ് ക്യാമറ, 12 എംപി 5x ടെലിഫോട്ടോ ക്യാമറ എന്നിവയാണുള്ളത്.
ബാറ്ററി ഉൾപ്പടെയുള്ള ഘടകങ്ങളിലും കാര്യമായ മാറ്റം വരുത്തിയാണ് ഫോൺ വരുന്നത്. വിലയിൽ പക്ഷേ പ്രകടമായ വ്യത്യാസം മുൻ മോഡലിനെ അപേക്ഷിച്ച് ഉണ്ടായിട്ടില്ല. ഐഫോൺ 16 പ്രോ 128 ജിബി സ്‌റ്റോറേജിൽ 999 ഡോളറിലും ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബി സ്‌റ്റോറേജിൽ 1199 ഡോളറിലും ആരംഭിക്കുന്നു.












Click it and Unblock the Notifications