ഇതൊക്കെ ഉള്ളതാണോ? ഐഫോൺ 16 സീരീസിൽ ഡിസ്‌പ്ലേ കൂടുതൽ വലുതാവും, ക്യാമറയിലും കിടിലൻ മാറ്റം
ഐഫോണിന് പകരം വയ്ക്കാൻ മറ്റൊരു മോഡലിനും കഴിയില്ലെന്നത് സത്യമാണ്. അതിന്റെ പ്രൗഡി മാത്രമല്ല ഫോണിനെ വേറിട്ട് നിർത്തുന്നത്. പല ഘടകങ്ങൾ കൊണ്ടും ആപ്പിൾ പുറത്തിറക്കുന്ന ഐഫോണുകൾ സ്‍മാർട്ട്ഫോണുകളിലെ വമ്പന്മാർ തന്നെയാണ്. സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ബിൽഡ് ക്വാളിറ്റി മറ്റ് ഫീച്ചറുകൾ എന്നിവ പരിശോധിച്ച് നോക്കാവുന്നതാണ്.
തങ്ങളുടെ ഫോണുകൾ എന്നും വ്യത്യസ്‌തമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന കമ്പനിയാണ് ആപ്പിൾ. അതിപ്പോൾ ഏത് അർത്ഥത്തിൽ ആയാലും ആ വ്യത്യസ്‌തത കൊണ്ട് വരാൻ അവർ എന്നും ശ്രമിക്കാറുണ്ട്. അത്തരത്തിൽ കൂടുതൽ വ്യത്യസ്‌തമായി ആപ്പിൾ അവതരിപ്പിക്കുന്ന അവരുടെ ഏറ്റവും പുതിയ മോഡലാണ് ഐഫോൺ 16 സീരീസ്.

ഐഫോൺ 16 സീരീസ് ഡിസൈനിന്റെയും ഡിസ്പ്ലേ വലുപ്പത്തിന്റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾക്കാണ് ഒരുങ്ങുന്നതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പ്രോ മോഡലുകൾക്ക് കൂടുതൽ വലിയ ഡിസ്പ്ലേകൾ ആയിരിക്കും ലഭിക്കുക. അതേസമയം നോൺ-പ്രോ മോഡലുകൾ പുതിയ ക്യാമറ അലൈൻമെന്റ് കൂടി കൊണ്ടായിരിക്കും എത്തുക.
ലീക്കായ വിവരങ്ങൾ അനുസരിച്ച് ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കും. അതുപോലെ, ഐഫോൺ 16 പ്രോ മാക്‌സ് അതിന്റെ മുൻഗാമിയായ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ 6.9 ഇഞ്ച് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. വാനില ഐഫോൺ 16യിൽ 6.1 ഇഞ്ച് ഡിസ്‌പ്ലേ നിലനിർത്തിയേക്കും. ഐഫോൺ 16 പ്ലസിന് പഴയ 6.7 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കും.
നോൺ-പ്രോ മോഡലുകളിലെ ക്യാമറ അലൈൻമെന്റ് വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. ഇത് വലിയൊരു മാറ്റമാണ് എന്നതാണ് പ്രത്യേകത. മുൻ മോഡലുകളായ ഐഫോൺ 13, ഐഫോൺ 14, ഐഫോൺ 15 എന്നിവയിലെ ഡയഗണലായി അലൈൻ ചെയ്‌ത ക്യാമറ മൊഡ്യൂളിന് പകരം, ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ പഴയ ഐഫോൺ 11, ഐഫോൺ 12 എന്നിവയ്ക്ക് സമാനമായി ലംബമായി വിന്യസിച്ചിരിക്കുന്ന ക്യാമറ മൊഡ്യൂൾ ആയിരിക്കും ഉണ്ടാവുക.
എന്തായാലും ഈ മാറ്റങ്ങൾ കൊണ്ട് വരുന്നതോടെ ഐഫോൺ വീണ്ടും ആരാധകരുടെ ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ വർഷം ആദ്യം വിപണിയിലെ മറ്റ് മുൻനിര ബ്രാൻഡുകളായ സാംസങും വൺ പ്ലസും അവരുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകൾ വിപണിയിൽ എത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആപ്പിളും തങ്ങളുടെ പുത്തൻ മോഡലിന്റെ വിശദാംശങ്ങൾ മെല്ലെ മെല്ലെ പുറത്തുവിടുന്നത്.












Click it and Unblock the Notifications