ഓണം പൊളിക്കുവല്ലേന്ന് ആപ്പിൾ; ഐഫോൺ 16 സീരിസിന്റെ പ്രീ ഓർഡർ തുടങ്ങി, ഇപ്പൊ വാങ്ങിയാൽ 5000 രൂപ ലാഭം
ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ലോകോത്തര സ്‍മാർട്ട് ഫോൺ നിർമ്മാണ കമ്പനിയായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 ആഗോള തലത്തിൽ അവതരിപ്പിച്ചത്. വന്നപാടെ തന്നെ എല്ലാവിധ ഉപഭോക്താക്കളെയും കൈയിലെടുത്താണ് ഈ ഫോൺ മുന്നേറുന്നത്. ഇതുവരെ വിൽപന തുടങ്ങിയില്ലെങ്കിലും അതിന് മുൻപ് തന്നെ ആരാധകർ ഫോണിനെ പൊക്കി ആകാശത്ത് കൊണ്ട് വച്ചിരിക്കുകയാണ്.
എന്നാൽ ഇനി ദൂരെ നിന്ന് കണ്ട് സായൂജ്യമടയേണ്ട ആവശ്യമില്ല. ആപ്പിളിന്റെ ഈ ഫ്ലാഗ്ഷിപ്പ് വണ്ടർ ഇപ്പോഴിതാ വിൽപ്പനയ്ക്ക് ഒരുങ്ങി നിൽക്കുകയാണ്. അതിന് മുന്നോടിയായി ഫോണിന്റെ പ്രീ ഓർഡർ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെയാണ് ആപ്പിൾ തങ്ങളുടെ പുതിയ മോഡലിന്റെ പ്രീ ഓർഡർ ആരംഭിച്ചത്. അതിന് പിന്നാലെ തന്നെ ഉപഭോക്താക്കൾ കൂടുതലായി ഈ വാങ്ങാൻ തേടി എത്തുമെന്നാണ് ആപ്പിൾ കരുതുന്നത്.

ആപ്പിളിന്റെ ഇന്ത്യയിലെ അംഗീകൃത റീസെല്ലർമാരിൽ ഒരാളായ ആപ്ട്രോണിക്‌സ്, ഇപ്പോൾ ഉപഭോക്താക്കൾ അവരുടെ വെബ്‌സൈറ്റിൽ നിന്ന് പുതിയ ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്‌താൽ 1000 രൂപയുടെ സമ്മാന വൗച്ചർ ഉൾപ്പെടെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എല്ലാ ഐഫോൺ 16 മോഡലുകൾക്കും വാങ്ങുന്നതിനൊപ്പം റിഡീം ചെയ്യാവുന്ന ഗിഫ്റ്റ് വൗച്ചർ ഉപയോഗിക്കാം, കൂടാതെ ഉപയോക്താക്കൾക്ക് 500 രൂപ നൽകി ഐഫോൺ 16 മോഡലുകളിൽ ഏത് വേണമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ആപ്ട്രോണിക്‌സ് ആകർഷകമായ പ്രൊട്ടക്ഷൻ പ്ലാനും ഇതിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിൽ അൺലിമിറ്റഡ് ആക്‌സിഡന്റ് ഡാമേജ് പ്രൊട്ടക്ഷൻ, സ്‌ക്രീൻ അറ്റകുറ്റപ്പണികൾ, ആപ്പിൾ സ്റ്റോറുകളിലെ സർട്ടിഫൈഡ് റിപ്പയറുകൾ, പിക്കപ്പ്- ഡെലിവറി സേവനം എന്നിവ ഉൾപ്പെടുന്നു. നിലവിൽ ഫോണിന്റെ വിലയും കമ്പനി അറിയിച്ചിട്ടുണ്ട്. 79,900 രൂപയാണ് ഐഫോൺ 16യുടെ വെബ്‌സൈറ്റിലെ പ്രാരംഭ വില.
ഇതിന് പുറമേ പ്രീമിയം കമ്പനിയായ ആംപിൾ കൂടി സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ, ഐഫോൺ 16 പ്ലസ് എന്നിവ വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും, പക്ഷേ ഐഫോൺ 16 പ്രോ അല്ലെങ്കിൽ ഐഫോൺ 16 പ്രോ മാക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 4,000 രൂപ മാത്രമായിരിക്കും ഡിസ്‌കൗണ്ട് ലഭിക്കുക. ഐസിഐസിഐ, എസ്ബിഐ, കൊടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് മാത്രമാവും ഈ ഓഫർ ബാധമാവുക.
ആപ്പിൾ ഐഫോൺ 16 സീരീസ് ഒറ്റനോട്ടത്തിൽ
ഐഫോൺ 16 സീരീസിലെ പുതിയ എ18 ചിപ്പാണ് ഏറ്റവും വലിയ സവിശേഷത. രണ്ട് പുതിയ സൈഡ് ബട്ടണുകളോടെയാണ് സീരീസ് വരുന്നത്. അതിലൊന്ന് ക്യാമറ നിയന്ത്രിക്കാനുള്ള ബട്ടണും മറ്റൊന്ന് ആക്ഷൻ ബട്ടണുമാണ്. ഐഫോൺ 16യിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ കൂടി ചേർത്തിട്ടുണ്ട് എന്നതാണ് പ്രത്യേകത.
ഐഫോൺ എക്‌സ്, എക്‌സ്ആർ, എക്‌സ്എസ്, 11, 12 എന്നിവയുടെ പിൻഭാഗത്ത് നൽകിയതിന് സമാനമായി സെൻസറുകളെ ലംബമായി വിന്യസിക്കുന്ന പുനർരൂപകൽപ്പന ചെയ്‌ത പിൻ ക്യാമറ രീതിയാണ് പുതിയ ബേസ് വേരിയന്റുകൾക്ക് ലഭിക്കുക. പ്രോ മോഡലുകൾ പഴയത് പോലെ തന്നെ ഡിസൈൻ മാറ്റങ്ങളൊന്നും കൂടാതെയാവും എത്തുക.












Click it and Unblock the Notifications