ഐഫോണിനെ തൊടാൻ ഇനി ആരുണ്ട്? ഈ മോഡലിൽ വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റം, സാംസങ് വീഴും
ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണികൾക്ക് വിപണിയിൽ എതിരാളികൾ വളരെ കുറവാണ്. അവസാനമായി ആപ്പിൾ തങ്ങളുടെ ഏറ്റവും വലിയ മോഡലായ ഐഫോൺ 15 സീരീസിലെ മോഡലുകൾ അവതരിപ്പിച്ചിട്ട് അധിക നാളുകൾ ഒന്നും ആയിട്ടില്ല. എന്നാൽ ഇത് ഇറങ്ങിയതിന് ശേഷം ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരംഭിച്ചിരുന്നു. അതിന്റെ ഫീച്ചറുകൾ, ഡിസൈൻ എന്നിവയൊക്കെ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്‌തു.
ഈ വർഷം സെപ്റ്റംബറിൽ ഈ ഫോൺ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണ പക്ഷേ ആപ്പിൾ കരുതിക്കൂട്ടി തന്നെയാണ് വരുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ മത്സരാധിക്യം കാരണം ആപ്പിളും മാറി ചിന്തിക്കുകയാണ്.

അതിന്റെ ഭാഗമായി ഡിസൈനിൽ മാത്രമല്ല സോഫ്റ്റ്‌വെയറിലും അവർ നിർണായക മാറ്റങ്ങൾ കൊണ്ട് വരുമെന്ന് തന്നെയാണ് വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. ഡിസൈൻ മുതൽ ക്യാമറ വരെ ഫോണുമായി ബന്ധപ്പെട്ട് ഇതുവരെ അറിയാവുന്ന കാര്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
ആപ്പിൾ ഐഫോൺ 16 സീരീസ്
ഇതുവരെ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഐഫോൺ 16 സീരീസിൽ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ടെക് ഭീമൻ ഐഫോൺ 16 പ്രോയുടെ സ്‌ക്രീൻ വലുപ്പം 6.3 ഇഞ്ചായും ഐഫോൺ 16 പ്രോ മാക്‌സിന്റെ സ്‌ക്രീൻ വലുപ്പം 6.9 ഇഞ്ചായും ഉയർത്തിയേക്കാം എന്നാണ് റിപ്പോർട്ട്. ഇത് സത്യമാവുകയാണെങ്കിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ ആപ്പിൾ സ്‌ക്രീൻ വലുപ്പത്തിൽ വരുത്തുന്ന ആദ്യത്തെ വർധനവായിരിക്കും ഇത്.
കൂടാതെ സീരീസിലെ അടിസ്ഥാന മോഡലുകളായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകളിൽ ക്യാമറ അലൈൻമെന്റിൽ കാര്യമായ മാറ്റമുണ്ടായേക്കും. ഈ മോഡലുകളിൽ പിൻക്യാമറ മൊഡ്യൂൾ നേരത്തെയുള്ള രീതി ഉപേക്ഷിച്ച്, എല്ലാം ഒറ്റ നിരയിലേക്ക് മാറുമെന്നാണ് സൂചന. ആക്ഷൻ ബട്ടണുകൾ മറ്റ് വകഭേദങ്ങളിൽ കൂടി ആപ്പിൾ കൊണ്ട് വന്നേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.
ഫീച്ചറുകൾ
വരാനിരിക്കുന്ന ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് എന്നിവ അവയുടെ മുൻ മോഡലുകളെക്കാൾ വലുതായിരിക്കാം. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയ്ക്ക് ഒരേ അളവുകളും അതേ 60Hz ഡിസ്പ്ലേകളും ഉൾപ്പെടുത്തിയേക്കും. അടിസ്ഥാന മോഡലുകളിൽ, ഐഫോൺ 15 പ്രോ വേരിയന്റിന് കരുത്ത് പകർന്ന എ17 Pro ചിപ്പുകളുടെ വേഗത കുറഞ്ഞ പതിപ്പായ പുതിയ A17 ചിപ്പ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പുതിയ ഐഫോണുകളിൽ മെച്ചപ്പെട്ട ബാറ്ററി ലൈഫ് വരുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിൾ ചാർജിംഗ് വേഗത 40W ആയി ഉയർത്തുമെന്നും പറയപ്പെടുന്നു. ക്യാമറയിലേക്ക് വരുമ്പോൾ, ഐഫോൺ 16ന് അതിന്റെ മുൻ മോഡലിന് സമാനമായി ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ടാകാൻ സാധ്യതയുണ്ട്, അതേസമയം പ്രോ മോഡലുകൾക്ക് മൂന്ന് ക്യാമറകളുണ്ടാകും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications