കലണ്ടറിൽ കുറിച്ചോളൂ ഈ തീയതി; ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ച് എപ്പോഴാണെന്ന് അറിയണ്ടേ? ഇതാ
എല്ലാവരും ഒരേ മനസോടെ കാത്തിരിക്കുന്ന ഒരു മോഡലിന്റെ വരവ് ഉണ്ടെങ്കിൽ അത് ആപ്പിൾ ഐഫോൺ 16 സീരീസിന്റെത് ആണെന്ന് നിസംശയം പറയാം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡലിന്റെ മുൻഗാമി ആപ്പിൾ ഐഫോൺ 15 വിപണിയിൽ എത്തിയത്. അതിന് ശേഷം കഴിഞ്ഞ ഒരു വർഷത്തോളമായി വരാനിരിക്കുന്ന മോഡലിന്റെ വിശേഷങ്ങളെ കുറിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും. കാരണം ഈ പ്രീമിയം സ്‍മാർട്ട്ഫോൺ അത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതാണ്.
കഴിഞ്ഞ കാലങ്ങളിൽ ഈ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ നാം കണ്ടതാണ്, കൂടാതെ അഭ്യൂഹങ്ങളും ധാരാളമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഐഫോൺ 16 സീരീസിന്റെ ലോഞ്ച് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ചില വിശ്വസനീയമായ കേന്ദ്രങ്ങൾ. സെപ്റ്റംബറിൽ ഫോൺ എത്തുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും കൃത്യമായ ഡേറ്റ് ഇതുവരെ വ്യക്തമായിരുന്നില്ല.

ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗ് ആണ്. എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഐഫോൺ 16 സീരീസ് സെപ്റ്റംബർ പത്തിന് വിപണിയിൽ എത്തുമെന്നാണ് അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ ലോഞ്ച് ഇവന്റിൽ, പുതിയ ഫീച്ചറുകളുള്ള ആപ്പിൾ വാച്ച്, എയർപോഡ് മോഡലുകൾ എന്നിവ കൂടി ആപ്പിൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിഷയവുമായി ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ 10ന് നടക്കുന്ന ഒരു ചടങ്ങിൽ ആപ്പിൾ ഐഫോൺ 16 സീരീസ് സ്‌മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചേക്കും. നാല് മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ആഗോള തലത്തിൽ ഈ ഫോണുകളുടെ വിൽപ്പന സെപ്റ്റംബർ 20 മുതലായിരിക്കും ആരംഭിക്കുക. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് മോഡലുകളാവും വിപണിയിൽ എത്തുക.
ഏറെ പ്രത്യേകതകളുമായി വിപണിയിലേക്ക് എത്തുന്ന ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡൽ സാംസങ് ഗ്യാലക്‌സി എസ്24 ഉൾപ്പെടെയുള്ള മുൻനിര സ്‍മാർട്ട്ഫോണുകളുമായി ആവും ഏറ്റുമുട്ടുക. കൂടാതെ ഗൂഗിൾ പിക്‌സൽ 9 അടക്കമുള്ള ഫോണും അധികം വൈകാതെ എത്തുന്ന സാംസങ് ഗ്യാലക്‌സി എസ്25 സീരീസും ആപ്പിളിന് വെല്ലുവിളി ഉയർത്തും. എന്നാൽ ഞെട്ടിക്കുന്ന ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 16 സീരീസ് ആധിപത്യം നേടുമെന്നാണ് ഐഫോൺ പ്രേമികളുടെ വിശ്വാസം.
ആപ്പിൾ ഐഫോൺ 16 സീരീസ്
ഫോട്ടോകൾ വേഗത്തിൽ പകർത്താൻ ഉപയോഗിക്കാവുന്ന ക്യാപ്‌ചർ ബട്ടൺ ഉൾപ്പെടെയുള്ള മാറ്റങ്ങളുമായാണ് ഐഫോൺ 16 സീരീസ് എത്തുകയെന്നാണ് ആപ്പിൾ അറിയിച്ചത്. കൂടാതെ വിലയേറിയ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകളിൽ അപ്‌ഗ്രേഡ് ചെയ്‌ത അൾട്രാ വൈഡ് ആംഗിൾ ക്യാമറ കൂടിയുണ്ടാവും. ഇതിന് പുറമേ അവയുടെ മുൻഗാമികളേക്കാൾ വലിയ ഡിസ്‌പ്ലേകളും ഫോണുകൾക്ക് കരുത്ത് പകരും.
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ മാത്രമാണ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്കുള്ള പിന്തുണയോടെ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഐഫോൺ 16 ലൈനപ്പിലെ നാല് മോഡലുകൾക്കും കമ്പനിയുടെ പുതിയ ഓൺ-ഡിവൈസ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും. സാങ്കേതിക വിദ്യയുടെ എല്ലാവിധ മാറ്റങ്ങളെയും ഉൾക്കൊള്ളുന്ന ഒരു തട്ടുപൊളിപ്പൻ ഫോൺ തന്നെയാവും ആപ്പിൾ ഒരുക്കിയതെന്ന് വിശ്വസിക്കാം.












Click it and Unblock the Notifications