കാത്തിരിക്കാൻ തയ്യാറുണ്ടോ? എങ്കിൽ ഐഫോൺ 17 പ്രോ തന്നെ വാങ്ങിക്കാം, ഫീച്ചറുകൾ കൊണ്ട് ആപ്പിൾ അമ്പരപ്പിക്കും
ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയെ ഒന്നാകെ ഇളക്കിമറിച്ചു കൊണ്ടാണ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 16 അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചത്. ഒരു മാസം പിന്നിട്ടപ്പോഴേക്കും മികച്ച വിൽപ്പന കണക്കുകളുമായി മോഡൽ മുന്നേറുകയാണ്. സീരീസിലെ നാല് മോഡലുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ചില നെഗറ്റീവ് കമന്റുകളും ഫോണിനെ സംബന്ധിച്ച് ഉയരുന്നുണ്ട്.
ഡിസൈനിലെ ആവർത്തനവും കാര്യമായ ഫീച്ചർ അപ്‌ഡേഷനും ഇല്ലാത്തതാണ് ഐഫോൺ 16 സീരീസ് നേരിടുന്ന പ്രധാന വെല്ലുവിളികൾ. ആൻഡ്രോയിഡ് പ്രേമികൾ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്ന വിഷയവും അത് തന്നെയാണ്. ആൻഡ്രോയിഡ് ഫോണുകളിൽ വർഷങ്ങൾക്ക് മുൻപ് വന്ന പല ഫീച്ചറുകളും കാലം തെറ്റിയാണ് ഐഒഎസിൽ അവതരിപ്പിക്കുന്നത് എന്നാണ് പരിഹാസം.

എന്നാൽ ഈ പരിഹാസമൊക്കെ അധികം താമസിക്കാതെ തന്നെ നിൽക്കും എന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 സീരീസ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഐഫോൺ 16 അവതരിപ്പിക്കുന്നതിന് മുൻപ് ഈ മോഡലിനെ കുറിച്ചുള്ള പല വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായി വന്നിരുന്നു.
അതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ. കൂടാതെ ഫോണിൽ ഡിസൈൻ മാറ്റമുണ്ടാകും എന്നാണ് ചില ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഐഫോണുകളുടെ കാര്യത്തിൽ ആപ്പിൾ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ആവർത്തിച്ചുപോരുന്ന പാറ്റേണിൽ നിന്ന് വേറിട്ട് നിൽക്കുന്നതാവുമോ പുതിയ മോഡൽ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന ഘടകം.
നിലവിലെ റിപ്പോർട്ടുകൾ ശരിയായി ഭവിക്കുകയാണെങ്കിൽ ആദ്യമായി ഐഫോൺ പ്രോ മോഡലുകൾക്ക് വ്യത്യസ്‌തമായ ഡൈനാമിക് ഐലൻഡ് വരുമെന്നാണ് സൂചന. പ്രോയുടെ രണ്ട് ക്യാമറകളിലെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നും കരുതുന്നു. ഡിസൈനിലെ മാറ്റം തന്നെയാണ് ഉപഭോക്താക്കളെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന വാർത്ത.
പുതിയ ഫോണിന്റെ പ്രോ മോഡലിൽ നേർത്ത ഡൈനാമിക് ഐലൻഡ് ആയിരിക്കും നൽകുക. ഐഫോൺ 14 പ്രോയ്ക്ക് ശേഷം ഈ ഡിസൈനിൽ ആദ്യമായി ഉണ്ടാവുന്ന മാറ്റമാണ് ഇത്. അങ്ങനെയെങ്കിൽ അത് ഡിസ്പ്ലേയ്ക്ക് കൂടുതൽ മികച്ച കാഴ്‌ചാനുഭവം തന്നെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ ക്യാമറയുടെ കാര്യത്തിലും ഇതോടെ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഐഫോൺ 17 പ്രോയിലും പ്രോ മാക്‌സിലും രണ്ട് ക്യാമറകളിൽ കാര്യമായ മാറ്റവും പ്രതീക്ഷിക്കുന്നുണ്ട്. ടെലിഫോട്ടോ, ഫ്രണ്ട് ഫേസിംഗ് ക്യാമറകളിലാണ് ഈ മാറ്റമുണ്ടാവുക. മുൻ ക്യാമറ 24 മെഗാപിക്‌സലിലേക്ക് വഴിമാറുമ്പോൾ ടെലിഫോട്ടോയ്ക്ക് 48 മെഗാപിക്‌സൽ ആയിരിക്കും ലഭിക്കുക. ഇതോടെ പിൻ ക്യാമറ മുഴുവനായും അടുത്ത വർഷം 48 എംപിയായി ഉയർന്നേക്കും.
കൂടാതെ പെർഫോമൻസിലും ഈ മോഡൽ മറ്റുള്ളവയെക്കാൾ മികച്ച് നിൽക്കും എന്നതാണ് പ്രത്യേകത. 12 ജിബി റാം ഉള്ള ആദ്യത്തെ ഐഫോണായിരിക്കും ഐഫോൺ 17 സീരീസിൽ വരിക. ഐഫോൺ 16 സീരീസിൽ 8 ജിബി റാം ആണുള്ളത്. എന്നാൽ ഡിസ്പ്ലേ ഉൾപ്പെടെയുള്ളവ നിലവിലെ മോഡലുകൾക്ക് സമാനമായിരിക്കും. എങ്കിലും ഇത്തരം മാറ്റങ്ങൾ വിലയിൽ ഏത് രീതിയിൽ സ്വാധീനിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications