ഐഫോൺ 17ൽ ക്യാമറ വിപ്ലവം? പതിനാറിനെ ഒക്കെ കവച്ചുവയ്ക്കും, സംഭവം നടന്നാൽ അടിച്ചുകേറി വരും
സ്‍മാർട്ട് ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ലോഞ്ചുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ 16 സീരിസിന്റേത്. ഈ വർഷം സെപ്റ്റംബറിൽ ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. അതിന് മുന്നോടിയായി ഈ ഫോണിന്റെ ഫീച്ചറുകൾ കുറിച്ചുള്ള പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ അടുത്തൊന്നും റിലീസിന് എത്തുമെന്ന് പ്രതീക്ഷിക്കാത്ത ആപ്പിളിന്റെ മറ്റൊരു ഫോണാണ് ഇപ്പോൾ വാർത്തകളിൽ താരം.
ആപ്പിൾ ഐഫോൺ 17നാണ് ഈ മോഡൽ. വരാനിരിക്കുന്ന ആപ്പിൾ മോഡലുകൾക്ക് എല്ലാം വഴികാട്ടിയാവും ഈ സ്‍മാർട്ട് ഫോൺ എന്നാണ് സൂചന. കാരണം അവരുടെ ഏറ്റവും വലിയ ഫീച്ചറുകളിലെ മാറ്റങ്ങൾ ഈ മോഡലോടെ ആവും അവതരിപ്പിക്കുക എന്നാണ് ലഭ്യമായ വിവരം. അതിൽ ക്യാമറയിലെ വൻ മാറ്റങ്ങൾ ഉൾപ്പെടെ ഉണ്ടാവും.

എന്തൊക്കെയാണ് ആപ്പിൾ ഐഫോൺ 17 ഫീച്ചറുകൾ?
മൂന്ന് 48 മെഗാപിക്‌സൽ പിൻ ക്യാമറകളുള്ള ഒരു പ്രധാന മാറ്റം ഫോണിൽ അവതരിപ്പിക്കുമെന്ന് പ്രശസ്‌ത ആപ്പിൾ അനലിസ്‌റ്റ് മിംഗ്-ചി കുവോ പറയുന്നു. തന്റെ ഏറ്റവും പുതിയ ലേഖനത്തിൽ നവീകരിച്ച ടെട്രാപ്രിസം ക്യാമറ സാങ്കേതികവിദ്യയിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആപ്പിളിന്റെ കാര്യമായ അപ്ഗ്രേഡുകളിൽ ഒന്നാവും ഇതെന്ന കാര്യം ഉറപ്പായി.
ഈ പുതിയ ക്യാമറ സിസ്‌റ്റം 1/2.6-ഇഞ്ച് 48-മെഗാപിക്‌സൽ സിഐഎസ് സെൻസർ ഉപയോഗിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം അരങ്ങേറ്റത്തിന് തയ്യാറായി നിൽക്കുന്ന ഐഫോൺ 16 പ്രോ മോഡലുകളിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന 1/3.1-ഇഞ്ച് 12-മെഗാപിക്‌സൽ സെൻസറിനേക്കാൾ വളരെ മികച്ച ക്യാമറ സംവിധാനമാവും ഇതെന്ന് ഉറപ്പാണ്.
ഐഫോൺ 17 പ്രോ മാക്‌സിന് പുറമേ, ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്‌സും ടെട്രാപ്രിസം ടെലിഫോട്ടോ ലെൻസുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് വലിയ പ്രോ മാക്‌സ് മോഡലുകൾക്ക് മാത്രം ലഭ്യമായിരുന്ന ഈ സാങ്കേതികവിദ്യ രണ്ട് പ്രോ വേരിയന്റുകളിലും അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.
എന്നാൽ ക്യാമറയിലെ മാറ്റം നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ പരിഗണിക്കേണ്ട മറ്റ് ചില ഫീച്ചറുകൾ കൂടിയുണ്ട്. ഉദാഹരണത്തിന് ഐഫോൺ 17 സീരീസിലെ ഔട്ടർ ഗ്ലാസ് മാറ്റാൻ ആപ്പിൾ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വർഷത്തെ ഐപാഡ് പ്രോ മോഡലുകൾക്ക് സമാനമായി അടുത്ത വർഷത്തെ ഐഫോണുകളും കനംകുറഞ്ഞ രീതിയിലാകും ആപ്പിൾ ഒരുക്കുക.
അതേസമയം, നിലവിലെ ഐഫോൺ 15 പ്രോ മാക്‌സിൽ 12എംപി ടെട്രാപ്രിസം ടെലിഫോട്ടോ ക്യാമറയും പരമാവധി 5x ഒപ്റ്റിക്കൽ സൂമും 25x ഡിജിറ്റൽ സൂം പരിധിയുമാണ് നൽകിയിട്ടുള്ളത്. ഐഫോൺ 15 പ്രോയിൽ 12 എംപി ടെലിഫോട്ടോ ക്യാമറയും 3x ഒപ്റ്റിക്കൽ സൂമും 15x വരെയുള്ള ഡിജിറ്റൽ സൂമും മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്. അവിടെ നിന്നാണ് ഈ ഞെട്ടിക്കുന്ന മാറ്റം ഐഫോൺ പതിനേഴാം തലമുറയിൽ വരുത്താൻ ഒരുങ്ങുന്നത്.












Click it and Unblock the Notifications