പാവങ്ങളുടെ ഐഫോൺ എത്തുക വമ്പൻ മാറ്റങ്ങളുമായി; സ്പെഷ്യൽ എഡിഷനിൽ ആപ്പിൾ ഒരുക്കി വച്ചത് കണ്ടോ?
സ്വന്തമായി ഒരു ഐഫോൺ വേണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ ഇക്കാലത്ത് ചുരുക്കമായിരിക്കും. എങ്കിലും പണ്ടൊക്കെ നമ്മുടെ നാട്ടിൽ റോയൽ എൻഫീൽഡ് ബുള്ളറ്റും, ഐഫോണുമൊക്കെ സ്‌റ്റാറ്റസ് സിംബലുകൾ ആയിരുന്നു. എന്നാൽ ഇന്നതൊക്കെ മാറി, ഐഫോൺ കൂടുതൽ ജനകീയമാവുകയും ആളുകൾ കൂടുതലായി അത് വാങ്ങാൻ ആരംഭിക്കുകയും ചെയ്‌തു. എങ്കിലും ആപ്പിളിന്റെ ഈ സവിശേഷമായ സ്‍മാർട്ട്ഫോണിന്റെ വില വലിയ കടമ്പ തന്നെയാണ്.
അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ആപ്പിൾ തങ്ങളുടെ എല്ലാവിധ പ്രൗഢിയും ഉൾക്കൊള്ളിച്ചു കൊണ്ട് തന്നെ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ ഇറക്കുന്നത്. താരതമ്യേന ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളെക്കാൾ വില കുറവും, ജനകീയവുമാണ് ഈ ഫോണുകൾ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

പ്രീമിയം ഫോണുകളുടെ നീണ്ട നിരയിലേക്ക് ആപ്പിളിന്റെ ബജറ്റ് കൂട്ടിച്ചേർക്കലായിരുന്നു ഐഫോൺ എസ്ഇ മോഡലുകൾ. എന്നാൽ ആപ്പിൾ ഒരു പുതിയ ഐഫോൺ എസ്ഇ പുറത്തിറക്കിയിട്ട് വളരെക്കാലമായി. 2022 മാർച്ചിലാണ് അവസാനമായി ഒരു iഐഫോൺ സ്പെഷ്യൽ എഡിഷൻ പുറംലോകം കണ്ടത്. അതിനുശേഷം അടുത്ത തലമുറ ഐഫോൺ എസ്ഇ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് അഭ്യൂഹങ്ങളും, ചർച്ചകളും മാത്രമാണ് നടന്നു കൊണ്ടിരിക്കുന്നത്.
കുറച്ച് കാലം മുമ്പ് വരെ ടോപ്പ്-ഓഫ്-ലൈൻ ഫോണുകളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന ആപ്പിളിന്റെ ഏറ്റവും പ്രീമിയം ഫീച്ചറുകളിലൊന്ന് ഇപ്പോൾ ഐഫോൺ എസ്ഇയിൽ ലഭ്യമാകുമെന്നാണ് ഏറ്റവും ഒടുവിൽ വന്നൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത് ഉപഭോക്താക്കളുടെ ഏറെക്കാലത്തെ ആവശ്യമായ ഡൈനാമിക് ഐലൻഡ് എന്ന ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് സൂചന.
ഇതുകൂടാതെ, ഐഫോൺ എക്‌സ്ആറിന് സമാനമായ സിംഗിൾ ക്യാമറയും ഇതിൽ അവതരിപ്പിക്കും. ഒപ്പം നിലവിലെ ഡിസൈനിലും ചില മാറ്റങ്ങൾ ഉണ്ടാകാം എന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
പുതിയ എസ്ഇ ഐഫോൺ 16 പോലെയായിരിക്കാം എന്നാണ് സൂചന. എന്നാൽ ഐഫോൺ എക്‌സ്ആറുമായി കൂടുതൽ ഡിസൈൻ സമാനതകൾ ഇത് പങ്കിടുന്നുമുണ്ട്. ഇതിന് എക്‌സ്ആർ മോഡലിന് സമാനമായ ബാക്ക് ക്യാമറ ഡിസൈൻ ഉണ്ടായിരിക്കാമെന്ന് ചില ടിപ്പ്സ്‌റ്റർമാർ പറയുന്നു, എന്നാൽ രണ്ടിന് പകരം ഒരു ലെൻസ് മാത്രം ആയിരിക്കും എസ്ഇയിൽ ഉണ്ടായിരിക്കുക.
അതേസമയം, ആപ്പിളിന്റെ ഈ ബജറ്റ് ഫോൺ എപ്പോൾ പുറത്തുവരും എന്നത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളോ, അറിയിപ്പുകളോ ഇതുവരെ വന്നിട്ടില്ല. എങ്കിലും 2024 അവസാനത്തോടെയോ, 2025 തുടക്കത്തിലോ ഈ ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications