ഐഫോൺ എസ്ഇ നാലാമന്റെ വരവ് പൊളിക്കും; ഡിസ്‌പ്ലേ ഞെട്ടിക്കും, ലോഞ്ചിംഗ് ഈ വർഷം നടക്കുമോ?
എല്ലാവരും ഒരു ഐഫോൺ കാത്തിരിക്കുകയാണ് ഏറെക്കാലമായി, അത് ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 16 സീരീസ് തന്നെയാണ്. വരാനിരിക്കുന്ന ഈ മോഡൽ വിപണിയിൽ വിപ്ലവം സൃഷ്‌ടിക്കുമെന്നാണ് ഉപഭോക്താക്കൾ കരുതുന്നത്. എന്നാൽ ഇക്കൂട്ടത്തിൽ എല്ലാവരും മറന്നുകളയുന്ന, എങ്കിലും ഒരുപാട് പേർക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു ആപ്പിൾ മോഡലുണ്ട് അരങ്ങിലേക്ക് വരാൻ കാത്തിരിക്കുന്നു.
അതാണ് ഐഫോൺ എസ്ഇ എഡിഷനിലെ നാലാമനായ എസ്ഇ 4. ഒരുപാട് അഭ്യൂഹങ്ങളും ഫീച്ചറുകളുമായി ബന്ധപ്പെട്ട ലീക്കായ റിപ്പോർട്ടുകളും ഒക്കെ ഈ ഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉയർന്നുവന്നിരുന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിൾ അഫോർഡബിൾ സെഗ്‌മെന്റിൽ ഈ ബജറ്റ് ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇത്തവണ പക്ഷേ കാര്യങ്ങൾ ഒരിത്തിരി കൂടി ഉഷാറാണെന്ന് വേണമെങ്കിൽ പറയാം. ഡിസൈൻ കാര്യത്തിൽ ആയാലും മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ആയാലും ആപ്പിൾ തങ്ങളുടെ ബജറ്റ് മോഡലിൽ യാതൊരു വിട്ടുവീഴ്‌ചയും നടത്തില്ലെന്നാണ് ലഭ്യമായ വിവരം. അതിന്റെ ചില സൂചനകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കാണുന്നുണ്ട്.
ധാരാളം പുതിയ ഫീച്ചറുകളും ചില ഞെട്ടിക്കുന്ന മാറ്റങ്ങളും ഫോണിൽ ഉണ്ടാവുമെന്നാണ് ഇതുവരെ ലഭ്യമായ വിവരം. അതിൽ പ്രധാനം ഡിസ്‌പ്ലേ വലുപ്പത്തിൽ ഉൾപ്പെടെ ഉണ്ടായേക്കാവുന്ന കാര്യമായ വ്യതിയാനമാണ്. ഇത്തരത്തിൽ ചെറുതും വലുതുമായ ഒട്ടേറെ അപ്‌ഡേറ്റുകൾ ഈ ഫോണിന്റെ പുതിയ പതിപ്പിൽ നമുക്ക് കാണാൻ കഴിയും.
ആപ്പിൾ ഐഫോൺ എസ്ഇ 4: ലീക്കായ വിവരങ്ങൾ
അടുത്ത തലമുറ ഐഫോൺ എസ്ഇ ഉൾപ്പെടെ, 2024ലും അതിനുശേഷവും വരുന്ന എല്ലാ ഫോണുകളിലും ആപ്പിൾ ഡിസ്‌പ്ലേ എൽസിഡിയിൽ നിന്ന് ഒഎൽഇഡിയിലേക്ക് മാറുമെന്നാണ് സൂചന. ഈ ബജറ്റ് മോഡലുകളിൽ ആപ്പിൾ ആദ്യമായാവും കൂടുതൽ തെളിച്ചമുള്ള ഒഎൽഇഡി ഡിസ്‌പ്ലേ ഉപയോഗിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
6.06 ഇഞ്ച് വലിയ സ്‌ക്രീൻ, ഫെയ്‌സ് ഐഡി, യുഎസ്ബി-സി പോർട്ട്, കൂടാതെ ഒരു ആക്ഷൻ ബട്ടണും ഉള്ള ഡിസൈൻ ഐഫോൺ 14നെ പ്രതിധ്വനിപ്പിക്കുമെന്നാണ് ഇപ്പോൾ ഉയരുന്ന അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്. 8 ജിബി റാമിനൊപ്പം ആപ്പിൾ രൂപകൽപ്പന ചെയ്‌ത A18 പ്രോസസറുമായി ഉപകരണം എത്താനാണ് സാധ്യത, ഇത് മുൻ മോഡലിന്റെ ശേഷിയേക്കാളും വളരെയധികമായിരിക്കും.
എസ്ഇ 4 മോഡലിൽ ഒരു 48-മെഗാപിക്‌സൽ പിൻ ക്യാമറയും ഫീച്ചർ ചെയ്യുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. മറ്റ് ഐഫോൺ മോഡലുകൾ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്ന കാര്യം കുറഞ്ഞ വില തന്നെയാണ്, ഇതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകവും. നിലവിലെ സാഹചര്യത്തിൽ ഈ മോഡലിന്റെ വില കുറഞ്ഞത് 42,000 രൂപ മുതലും കൂടിയ വില 46,000 വരെയുമാവാം. വില 50000 കടക്കാനിടയില്ലെന്നാണ് വിവരം.
ഈ ഒക്ടോബറിൽ ഫോണിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 2025 ജനുവരിയിലോ അല്ലെങ്കിൽ മാർച്ചിലോ ആയിരിക്കാം ഈ ഫോണിന്റെ ലോഞ്ചിംഗ് നടക്കുക. നേരത്തെ സെപ്റ്റംബർ 9ന് നടക്കുന്ന ചടങ്ങിൽ ഐഫോൺ 16 സീരീസിനൊപ്പം സ്‌പെഷ്യൽ എഡിഷനിലെ ഈ വമ്പനും രംഗത്ത് വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് നടക്കാനിടയില്ലെന്നാണ് സൂചന.












Click it and Unblock the Notifications