ആപ്പിള്‍ ഫോണിന് ചൈനയില്‍ വിലക്ക്; ജോലി സ്ഥലത്തേക്ക് കൊണ്ടുവരേണ്ടെന്ന് കമ്പനികള്‍, കാരണം ഇതാണ്
ബെയ്ജിംഗ്: യുഎസ്-ചൈന പോരാട്ടം കടുക്കുന്നുവെന്ന് സൂചന. ആപ്പിള്‍ ഐഫോണുകള്‍ക്ക് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. നിരവധി സ്റ്റാഫുകളോടാണ് ചൈനയില്‍ നിന്നുള്ള കമ്പനികള്‍ ആപ്പിളിന്റെ ഐഫോണുകളുമായി ഓഫീസിലെത്തരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണിവ.
ഐഫോണുകള്‍ മാത്രമല്ല, മറ്റ് വിദേശ നിര്‍മിത ഫോണുകളൊന്നും ജോലി സ്ഥലത്തേക്ക് കൊണ്ടുവരേണ്ടെന്നാണ് നിര്‍ദേശം. ബ്ലൂംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദശാബ്ദത്തില്‍ അധികമായി ചൈന വിദേശ നിര്‍മിത സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു.

ചൈനയില്‍ ബാങ്കുകള്‍ അടക്കം തദ്ദേശീയമായി സോഫ്റ്റ് വെയര്‍ നിര്‍മിച്ച് അതിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. തദ്ദേശീയമായി നിര്‍മിച്ച സെമി കണ്ടക്ടര്‍ ചിപ്പ് പ്രോത്സാഹിപ്പിക്കാനായിരുന്നു ചൈനയുടെ തീരുമാനം. ചൈനയിലെ എട്ടോളം പ്രവിശ്യകളിലെ സര്‍ക്കാര്‍ വകുപ്പുകളെല്ലാം തൊഴിലാളികള്‍ക്ക് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇവരെല്ലാം ഇപ്പോള്‍ തദ്ദേശീയമായി നിര്‍മിച്ച ബ്രാന്‍ഡുകളാണ് ഉപയോഗിക്കുന്നത്. അതേസമയം ആപ്പിള്‍ ചൈനയിലെ നിരോധനത്തെ തുടര്‍ന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. നേരത്തെ തന്നെ ആപ്പിള്‍ ഐഫോണുകള്‍ക്ക് ചൈനയില്‍ ജനപ്രീതി കുറഞ്ഞ് വരികയാണ്. ഐഫോണ്‍ പതിനഞ്ചിന്റെ വില്‍പ്പനയില്‍ അടക്കം വന്‍ ഇടിവ് ചൈനയില്‍ നേരിട്ടിരുന്നു.
ഷെയ്ജാംഗ്, ലാവോനിംഗ്, ഷാങ്‌ഡോങ്ക്, സെന്‍ട്രല്‍ ഹെബായ് പ്രവിശ്യകളിലെ ചെറുകിട കമ്പനികള്‍ നേരിട്ട് തന്നെ ഐഫോണുകള്‍ കമ്പനിയില്‍ കൊണ്ടുവരേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ പ്രവിശ്യകളിലാണ് ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അതേസമയം ഈ നിരോധനം എത്രത്തോളം കര്‍ശനമാണെന്ന് മാത്രം വ്യക്തമല്ല. കാരണം ചൈന ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചതല്ല.
അതേസമയം ആപ്പിളും അവരുടെ പ്ലാന്റ് അടക്കം ചൈനയില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് ഈ പ്ലാന്റുകള്‍ മാറ്റാനാണ് ശ്രമം. തദ്ദേശീയമായി ഐഫോണുകള്‍ അടുത്ത വര്‍ഷം മുതല്‍ നിര്‍മിച്ച് വിപണിയിലെത്തും. ഏറ്റവും കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളെങ്കില്‍ ഐഫോണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചൈനീസ് അധികൃതര്‍ ഇത്തരമൊരു വിലക്കില്ലെന്നാണ് അവകാശപ്പെടുന്നത്.
നിലവില്‍ വാവെയുടെ ഫോണുകളാണ് വില്‍പ്പനയിലും മുന്നില്‍ നില്‍ക്കുന്നത്. വാവെയുടെ ക്യാമറ ഫോണുകള്‍ വില്‍പ്പനയില്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ സീരീസിനെ മറികടന്നിരുന്നു. വന്‍ വിലയാണ് ഐഫോണിന് ചൈനയില്‍ ജനപ്രീതി കുറയാന്‍ കാരണം. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ 50 മില്യണ്‍ ഐഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിള്‍ പ്ലാന്‍ ചെയ്യുന്നത്. മൊത്തം ഉല്‍പ്പാദനത്തിന്റെ 25 ശതമാനമാണിത്. ഇത് ചൈനയെ പൂര്‍ണമായും അവഗണിക്കുന്നതിന്റെ ഭാഗമാണ്.












Click it and Unblock the Notifications